ADVERTISEMENT

അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച. പ്രസംഗത്തിനിടെ പെട്ടെന്ന് വിതുമ്പിക്കൊണ്ട് ബ്രിട്ടിഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരന്‍ കരയുന്ന കാഴ്ച. അതും വേദിയില്‍. വലിയൊരു സദസ്സിനു മുന്നില്‍വച്ച്. ഞെട്ടിപ്പോയ അവതാരകയും ഒന്നു പരിഭ്രമിച്ച് രാജകുമാരനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ സ്വയം നിയന്ത്രണം വീണ്ടെടുത്ത് ഹാരി വാക്കുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 

മാരകമായി രോഗം ബാധിച്ച കുട്ടികളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഹാരി വിതുമ്പിപ്പോയതും നിയന്ത്രണം വിട്ടു കരഞ്ഞതും. അസുഖബാധിതരായ കുട്ടികളെ കാണുമ്പോള്‍ തന്റെ ഹൃദയം വേദനയാല്‍ നിറയുന്നതായി അദ്ദേഹം പറഞ്ഞു. രോഗബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്കുവേണ്ടിയുള്ള ധനശേഖരാണാര്‍ഥം നടത്തിയ പരിപാടിയായിരുന്നു വേദി. അച്ഛനായപ്പോഴാണ് കുട്ടികള്‍ക്ക് അസുഖം വന്നാലുള്ള അവസ്ഥയെക്കുറിച്ച് താൻ ആലോചിക്കുന്നതെന്നു ഹാരി തുറന്നു പറഞ്ഞു. 

ഭാര്യ മേഗന്‍ ഗര്‍ഭിണിയയപ്പോള്‍ മുതല്‍ ഇരുവരും ആശങ്കയുടെ നൂല്‍പ്പാലത്തിയിരുന്നത്രേ. ആരോഗ്യമുള്ള ഒരു കുട്ടിക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ തന്നെ ജനിക്കുന്ന കുട്ടിക്ക് അസുഖം എന്തെങ്കിലുമുണ്ടെങ്കില്‍ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും അവര്‍ നിരന്തരമായി ആലോചിച്ചിരുന്നു. ആകാംക്ഷയുടെ ദിനങ്ങളായിരുന്നു അത്. ആശങ്കയുടേതും. അപ്പോഴേക്കും നിയന്ത്രിക്കാനാവാത്ത കണ്ണീരില്‍ ഹാരി വിതുമ്പിപ്പോയി. ക്ഷമിക്കൂ എന്നു പറഞ്ഞുകൊണ്ടാണ് ഹാരി വീണ്ടും പ്രസംഗം തുടര്‍ന്നത്. 

അസുഖബാധിതരായ കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടിക്ക് എത്തുമ്പോഴും ഞാന്‍ മേഗന്റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു: ഹാരി അനുസ്മരിച്ചു. ഒരിക്കല്‍ അച്ഛനമ്മമാരാകുന്നതിനെക്കുറിച്ച് സ്വപ്നം കണ്ട കാലം ഓര്‍ത്തുപോയി. ജനിക്കാനിരിക്കുന്ന കുട്ടികളെ എങ്ങനെയൊക്കെ സംരക്ഷിക്കാമെന്നും. എന്തു വന്നാലും എത്ര മാരകമായ അസുഖമുണ്ടെങ്കിലും ജനിക്കുന്ന കുട്ടിയെ സന്തോഷത്തോടെ വളര്‍ത്തുമെന്ന് തങ്ങള്‍ പ്രതിജ്ഞയെടുത്തിരുന്നതായും ഹാരി വെളിപ്പെടുത്തി. 

ഇന്ന് നിങ്ങളുടെ മുമ്പില്‍ ഒരു പിതാവിന്റെ സ്ഥാനത്തുനിന്ന് സംസാരിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിറയുന്നത് വേദനയാണ്. എനിക്കറിയാം രോഗം വന്ന ഒരു കുട്ടിയുടെ പിതാവിന്റെ മനസ്സ്. അതു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പേടിച്ചിട്ടുണ്ട്. ഒരിക്കലും ഒരാള്‍ക്കും അങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിട്ടുമുണ്ട്... വിറയ്ക്കുന്ന വാക്കുകളില്‍ 30 വയസ്സുകാരനായ ഹാരി പറഞ്ഞു. ഈ വര്‍ഷം മേയ് മാസത്തിലാണ് ഹാരിക്കും മേഗന്‍ മാര്‍ക്കിളിനും ആണ്‍കുഞ്ഞ് പിറന്നത്. ആര്‍ച്ചി എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. മുമ്പ് വിവാഹദിനത്തിലും ഹാരി അപ്രതീക്ഷിതമായി പൊട്ടിക്കരഞ്ഞത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 

English Summary : Prince Harry, Recalls Meghan's Pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com