sections
MORE

ഉറ്റവർ ജീവിച്ചിരിക്കെ അനാഥയായി, കന്യാദാനം നടത്തിയത് രക്തബന്ധമില്ലാത്ത അമ്മ; കുറിപ്പ്

Photo Credit: Facebook ( Humans Of Bomaby)
ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്
SHARE

ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നശിച്ചുവെന്നു കരുതിയ നിമിഷത്തിൽ നിന്ന് സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ഒരു വ്യക്തിയെക്കുറിച്ച് ഹൃദയ സ്പർശിയായ ഒരു കുറിപ്പെഴുതിയിരിക്കുകയാണ് ഒരു യുവതി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് യുവതി തന്റെ ജീവിതത്തിലെ അനുഭവങ്ങൾ കുറിച്ചത്. രക്തബന്ധമുള്ളവർ ജീവിച്ചിരിക്കേ അനാഥയെപ്പോലെ കഴിയേണ്ടി വന്ന തനിക്ക് ജീവിതത്തിലെ സന്തോഷങ്ങളെല്ലാം വച്ചു നീട്ടിയത് ഒരു സ്ത്രീയാണെന്നു പറഞ്ഞുകൊണ്ട് യുവതി തന്റെ ജീവിത കഥ പറയുന്നതിങ്ങനെ :-

'' എനിക്ക് 9 വയസ്സുള്ളപ്പോഴാണ് എന്റെ അമ്മ ഒരു അപകടത്തിൽപ്പെട്ട് മരിക്കുന്നത്. അതിന്റെ നടുക്കത്തിൽ നിന്ന് ഞാൻ മുക്തയാകും മുൻപേ അമ്മയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു രാത്രിയിരുട്ടു വെളുത്തപ്പോഴേക്കും എന്റെ ജീവിതം താറുമാറായി. ശേഷം എന്റെ ആന്റിയും അങ്കിളും ചേർന്ന് എന്റെ സംരക്ഷണം ഏറ്റെടുത്തു. അഞ്ചു വർഷമാണ് ഞാൻ അവരുടെയൊപ്പം കഴിഞ്ഞത്. ആ ജീവിതം വളരെ ദുഷ്കരമായിരുന്നു. എനിക്ക് കൂട്ടുകാരാരും തന്നെയുണ്ടായിരുന്നില്ല. സ്കൂളിലെ കുട്ടികളൊക്കെ ഓരോ പരിപാടിക്ക് അവരുടെ അച്ഛനമ്മമാരുടെയൊപ്പം വരും. പക്ഷേ എന്റെയൊപ്പം വരാൻ ആരുമുണ്ടായിരുന്നില്ല. ഞാനെന്നും ഒറ്റയ്ക്കായിരുന്നു. കഷ്ടത നിറഞ്ഞ ബാല്യമായിരുന്നു എന്റേത്. 

എനിക്ക് 15 വയസ്സുള്ളപ്പോഴാണ് എന്റെ അച്ഛൻ ജയിൽ മോചിതനായത്. ഇനിയുള്ള കാലം അച്ഛനൊപ്പം സമാധാനത്തോടെ ജീവിക്കാമല്ലോ എന്നോർത്ത് ‍ഞാൻ സന്തോഷിച്ചു. പുനർവിവാഹിതനാകണമെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാനതിന് സന്തോഷത്തോടെ സമ്മതിച്ചു. കാരണം എല്ലാവരും എപ്പോഴും സന്തോഷത്തോടെ യിരിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്.

പക്ഷേ വിവാഹം കഴിഞ്ഞപ്പോൾ മുതൽ എന്നെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലെന്ന് എന്റെ രണ്ടാനമ്മ അച്ഛനോട് പറഞ്ഞുകൊണ്ടിരുന്നു. എന്റെ അച്ഛൻ അത് അംഗീകരിക്കുകയും അവരുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് എന്നോടാവശ്യപ്പെടുകയും ചെയ്തു. വീണ്ടും ആന്റിയുടെയും അങ്കിളിന്റെയും കൂടെ പോകാൻ ഞാൻ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് മനസ്സു നിറയെ വേദനയുമായി ഞാൻ ആ വീട്ടിൽ കഴിഞ്ഞു. പക്ഷേ എനിക്ക് ഭക്ഷണമോ, വസ്ത്രമോ, പണമോ നൽകാതെ അച്ഛനെന്നെ പൂർണ്ണമായും അവഗണിച്ചു. നിലനിൽപ്പിനു വേണ്ടി ഞാൻ ട്യൂഷനെടുക്കാൻ ആരംഭിച്ചു.

ഒരു കൂരയിൽ കഴിയുമ്പോഴും ഞാൻ മരിച്ചതുപോലെയായിരുന്നു അച്ഛന്റെ പെരുമാറ്റം. അധികം വൈകാതെ തന്നെ അച്ഛന്റെ രണ്ടാം ഭാര്യ ഗർഭിണിയായി. അതോടെ അവർ എന്റെ അരികിൽ വന്ന് ഒരു കാര്യം തീർത്തു പറഞ്ഞു. 'നിന്റെ നിഴൽ പോലും എന്റെ കുഞ്ഞിനുമേൽ പതിക്കുന്നത് ഇഷ്ടമല്ലെന്ന്' പറഞ്ഞ് അച്ഛനൊപ്പം ആ സ്ത്രീ വീടു വിട്ടു. ഞാനാകെ തകർന്നു പോയി. മുന്നോട്ടെങ്ങനെ തുടരണമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഞാൻ ട്യൂഷൻ പഠിപ്പിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് എന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം അറിയാമായിരുന്നു.

അവരോടൊപ്പം ചെല്ലാൻ അവരെന്നോടാവശ്യപ്പെട്ടു. അവരുടെ കുഞ്ഞുങ്ങളെ മുഴുവൻ സമയവും ശ്രദ്ധിക്കുന്ന ഒരാളെ തേടി നടക്കുകയായിരുന്നു അവർ. എന്റെ അവസാനത്തെ പ്രതീക്ഷയും അവരായിരുന്നു. അതുകൊണ്ട് ഞാനവരുടെയൊപ്പം പോയി. അവർ എന്റെ കാര്യമെല്ലാം ഭംഗിയായി നോക്കി. അവരുടെ മക്കളിലൊരാളെപ്പോലെയാണ് അവരെന്നെ നോക്കിയത്. എനിക്കാവശ്യമുള്ള ഭക്ഷണവും വസ്ത്രവുമെല്ലാം അവർ നൽകി. ഞങ്ങൾ ഒരു കുടുംബം പോലെയാണു കഴിഞ്ഞത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതൊക്കെ ഒരിക്കലും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ലായിരുന്നു. നിയമം പഠിക്കാൻ പോയപ്പോഴത്തെ പഠനച്ചിലവൊക്കെ അവരാണ് വഹിച്ചത്. ഒരു കുടുംബമെന്താണെന്ന് ഞാൻ അവരിൽ നിന്നാണ് മനസ്സിലാക്കിയത്. ഞാൻ അവരുടെ ആരുമല്ലാതിരുന്നിട്ടു കൂടി അവർ ഒരു കുടുംബാംഗത്തെപ്പോലെയാണ് എന്നെ പരിഗണിച്ചത്.

ബിരുദ പഠനത്തിനു ശേഷം സ്വന്തമായി ഒരു ജോലി കണ്ടുപിടിച്ച് സ്വന്തം കാലിൽ നിൽക്കാൻ ഞാൻ ശ്രമിച്ചു. ആ സ്ത്രീയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം വർഷങ്ങളോളം കഴിഞ്ഞതിന്റെ കരുത്തിലാണ് ഭൂതകാലത്തെ വേദനിപ്പിക്കുന്ന ഓർമ്മകളെ വിട്ട് എനിക്ക് ജീവിതത്തിൽ മുന്നോട്ടു പോകാൻ സാധിച്ചത്. അതിലൂടെ ഒരു കാര്യം കൂടി എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എല്ലാവരുടെ ജീവിതത്തിലും പ്രതീക്ഷയുടെ ഒരു കിരണമെങ്കിലും ഉണ്ടാവും.

അടുത്തിടെ ഞാൻ വിവാഹിതയായി. എന്നെ ദത്തെടുത്ത അമ്മയാണ് എന്റെ കന്യാദാനം നിർവഹിച്ചതും വിവാഹ ദിനത്തിൽ അണിയാനുള്ള സ്വർണ്ണം സമ്മാനിച്ചതുമൊക്കെ. ഒരു രക്ഷകർത്താവിന്റെ സ്ഥാനത്തു നിന്ന് എന്റെ വിവാഹച്ചടങ്ങുകൾ നടത്തുന്ന അവരെ കണ്ടപ്പോഴൊക്കെ സന്തോഷമെന്താണെന്ന് ഞാൻ അറിയുകയായിരുന്നു.

ചിലപ്പോഴെങ്കിലും നിസ്സാരകാര്യത്തിന്റെ പേരിൽ ജീവിതത്തെ നമ്മൾ വിലകുറച്ചു കാണാറുണ്ട്. ജീവിതത്തെ നന്നായി പരിപോഷിപ്പിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് നമ്മൾ ചിലപ്പോഴെങ്കിലും മനസ്സിലാക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം കുടുംബമാണ് എല്ലാം. എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു. പക്ഷേ ജീവിതത്തിന്റെ പകുതിയും രക്ഷകർത്താക്കളുടെ സ്നേഹം കൊതിച്ചാണ് ഞാൻ കഴിഞ്ഞിരുന്നത്. പക്ഷേ എനിക്കത് കിട്ടിയില്ല. പക്ഷേ ഇപ്പോൾ എനിക്ക് വേണ്ടുവോളം സ്നേഹം കിട്ടുന്നുണ്ട്. രക്തബന്ധമില്ലാത്ത ഒരമ്മയെ ഞാൻ കണ്ടെത്തി. എനിക്ക് അവരിൽ നിന്ന്  ലഭിച്ചത് കളങ്കമില്ലാത്ത സ്നേഹമായിരുന്നു. ശിഷ്ടകാലമുള്ള എന്റെ ജീവിതത്തിൽ സന്തോഷിക്കാൻ അതുമാത്രം മതി. എനിക്കിപ്പോൾ ഒന്നുമാത്രമറിയാം ജീവിതം നമുക്കു വച്ചു നീട്ടുന്ന നന്മകളെ ചോദ്യം ചെയ്യാതെ സ്വീകരിക്കണമെന്ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA