ADVERTISEMENT

ഒരു അമേരിക്കന്‍ സൈനികന്റെ പേരു വെളിപ്പെടുത്താത്ത ഭാര്യയുടെ കത്ത് ലോക രാഷ്ട്രീയത്തില്‍ വലിയൊരു ചര്‍ച്ചയ്ക്കു തുടക്കമിട്ടിരിക്കുകയാണ്. അമേരിക്കയ്ക്കുവേണ്ടി ഇറാഖ് യുദ്ധത്തില്‍ ഉള്‍പ്പെടെ പങ്കെടുത്ത സൈനികന്റെ ഭാര്യയാണ് കത്ത് എഴുതിയിരിക്കുന്നത്. തിരിച്ചുവരുമെന്ന് ഒരു ഉറപ്പുമില്ലാതെ യുദ്ധഭൂമിയിലേക്കു പോകുന്ന ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരുടെ വീടുകളിലെ അടുത്ത ബന്ധുക്കളുടെ ആശങ്കയും പ്രതീക്ഷയും പങ്കുവയ്ക്കുന്ന കത്ത്. ഒപ്പം,  കുര്‍ദുകള്‍ എന്നറിയപ്പെടുന്ന വിഭാഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നതും. 

സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റം പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് കത്ത് എഴുതാനുള്ള പ്രകോപനം. കുര്‍ദുകള്‍ മാലാഖമാരല്ലെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ നടപടി കുര്‍ദുകള്‍ക്കെതിരെയുള്ള  ക്രൂരതകള്‍ക്ക് ആക്കം കൂട്ടുമെന്നാണ് ലോകത്തിന്റെ ആശങ്ക. ഒപ്പം ഐഎസ് ഭീകരർക്ക് എതിരെയുള്ള നടപടിയുടെ തീവ്രത കുറയ്ക്കുമെന്നും. സൗഹൃദം മാത്രമല്ല ഈ കത്തിലുള്ളത്. ലോകരാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥയും പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് കത്ത് വേഗം ചര്‍ച്ചയായതും. 

പ്രിയപ്പെട്ട കുര്‍ദിഷ് പോരാളികള്‍ക്ക്: 

നിങ്ങള്‍ക്കെന്നെ അറിയില്ലെങ്കിലും എനിക്കു നിങ്ങളെ അറിയാം. പ്രായപൂര്‍ത്തിയായ കാലം മുതലേ ഞാന്‍ നിങ്ങളെക്കുറിച്ച് കേള്‍ക്കുന്നു. പെട്ടെന്നായിരുന്നു എന്റെ വിവാഹം തീരുമാനിച്ചത്. വിവാഹം കഴിഞ്ഞ ഉടന്‍ സൈനികനായ ഭര്‍ത്താവിന് എന്നോടു വിട പറഞ്ഞ് യാത്രയ്ക്കൊരുങ്ങേണ്ടിവന്നു. ഇറാഖിലേക്കു നിയോഗിക്കപ്പെട്ട സൈനികരില്‍ ഒരാളായിരുന്നു അദ്ദേഹം. വര്‍ഷം 2003. എത്ര നാള്‍ യുദ്ധം നീണ്ടുനില്‍ക്കുമെന്നോ എത്ര പേര്‍ സുരക്ഷിതരായി തിരിച്ചെത്തുമെന്നോ ഉറപ്പില്ലാത്ത യാത്രയായിരുന്നു അത്. ഒടുവില്‍ മാസങ്ങള്‍ക്കു ശേഷം അദ്ദേഹം തിരിച്ചെത്തി. സുരക്ഷിതനായി. യുദ്ധത്തെ എങ്ങനെ അതിജീവിച്ചു എന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. കഷ്ടപ്പാടുകള്‍ എങ്ങനെ അതിജീവിച്ചു എന്നും. 

ഞങ്ങളെ സഹായിക്കാനും ആള്‍ക്കാരുണ്ടായിരുന്നു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. കുര്‍ദുകള്‍ ഞങ്ങളെ സഹായിച്ചു. വടക്കന്‍ ഇറാഖിലെ കുര്‍ദ് വംശജര്‍ അമേരിക്കന്‍ സൈന്യത്തിന് താങ്ങും തണലുമായി നിന്നതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചു. സഹായിക്കുക മാത്രമായിരുന്നില്ല. തോളോടുതോള്‍ ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. അന്നു മുതല്‍ ഞാന്‍ കുര്‍ദുകളോട് കടപ്പെട്ടവളായി. അവരുടെ വംശത്തിന്റെ പേര് എന്റെ ഹൃദയത്തില്‍ കടപ്പാടിന്റെ ഭാഷയില്‍ എന്നെന്നേക്കുമായി എഴുതപ്പെട്ടു. കുര്‍ദ് എന്നാല്‍ സുഹൃത്ത് എന്നായി അര്‍ഥം. ഒരിക്കലും ചതിക്കാത്ത വിശ്വാസത്തിന്റെ പ്രതീകം. ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന കുര്‍ദുകളുടെ ചിത്രം എന്റെ വീട്ടിലെ ഭിത്തികളെ അലങ്കരിച്ചു. കാപ്പി കുടിക്കുന്ന കപ്പില്‍ പോലും കുര്‍ദുകളുടെ ചിത്രമുണ്ടായിരുന്നു. 

വീട്ടിലെ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത് കുര്‍ദ് ജേഴ്സി ധരിച്ചുകൊണ്ടായിരുന്നു. എന്റെ ഭര്‍ത്താവ് സുരക്ഷിതനായി വീട്ടില്‍ തിരിച്ചെത്തിയതിന്റെ കാരണം നിങ്ങള്‍ മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ, ഇന്ന് എന്റെ മനസ്സില്‍ ഭീതി നിറയുന്നു. വാഗ്ദാനം ലംഘിക്കപ്പെട്ടതായി എനിക്കു മനസ്സിലാകുന്നു. വര്‍ഷങ്ങളുടെ കഠിനാധ്വാനവും ത്യാഗങ്ങളും പാഴായിപ്പോയോ എന്നും ഞാന്‍ പേടിക്കുന്നു. ടെലിവിഷനില്‍ വാര്‍ത്ത കാണുന്ന കുട്ടികള്‍ എന്നോടു ചോദിക്കുന്നത് അമ്മ എപ്പോഴും പറയുന്ന കുര്‍ദുകള്‍ ഇവര്‍ തന്നെയാണോ എന്ന്. അതേ എന്നു ഞാന്‍ പറയുമ്പോള്‍ അവരുടെ മുഖത്ത് അസ്വസ്ഥത, ഭയം. 

ഇന്നു നിങ്ങളുടെ വീടുകളിലെ അവസ്ഥ എനിക്കു സങ്കല്‍പിക്കാനാകും. കാത്തിരിക്കുന്ന ഭാര്യമാരുടെ മുഖം ഞാന്‍ കാണുന്നുണ്ട്. പേടിച്ചരണ്ട കുട്ടികളുടെ മുഖത്തെ ഭീതിയും ഞാന്‍ തൊട്ടറിയുന്നു. 17 വര്‍ഷത്തോളം ഞങ്ങളുടെ നാട്ടില്‍നിന്ന് അക്രമികളെ തുരത്താന്‍ പോരാടിയ നിങ്ങളുടെ സുരക്ഷ അപകടത്തിലാണെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. ആ വാര്‍ത്ത എന്റെ ഹൃദയം തകര്‍ക്കുന്നു. എന്റെ സ്വന്തം രാജ്യമായ അമേരിക്ക നിങ്ങളെ കൈവെടിഞ്ഞെന്ന് ഞാന്‍ തിരിച്ചറിയുന്നു. 

ഇപ്പോഴത്തെ ഭരണാധികാരികളുടെ പെട്ടെന്നുള്ള തീരുമാനങ്ങള്‍ നിങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയിരിക്കുന്നു. സിറിയന്‍-തുര്‍ക്കി അതിര്‍ത്തിയിലെ പട്ടാളക്കാരുടെ ജീവനും അപകടത്തിലാണ്. ഒരിക്കല്‍ അതേ അതിര്‍ത്തിയില്‍ എന്റെ ഭര്‍ത്താവിനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നിന്നതാണ് നിങ്ങള്‍. ഇപ്പോഴിതാ നിങ്ങളെ അമേരിക്ക കൈവെടിഞ്ഞിരിക്കുന്നു. ഇതു കേവലം സുരക്ഷയുടെ മാത്രം പ്രശ്നമല്ല. സാഹായത്തിനുവേണ്ടി കരഞ്ഞുവിളിക്കുന്ന കുര്‍ദുകളെ ഉപേക്ഷിക്കുന്ന അമേരിക്കന്‍ പട്ടാളക്കാരുടെ ക്രൂരതയുടെ ചിത്രം കൂടിയാണ്. അതാണ് എന്നെ വേദനിപ്പിക്കുന്നത്. അമേരിക്കയെ ഇനി ആശ്രയിക്കാനാവില്ലെന്നു മനസ്സിലാക്കി നിങ്ങള്‍ക്ക് റഷ്യയിലെ പുടിനെ ആശ്രയിക്കേണ്ടിവരുന്നു. 

പ്രദേശത്തിന്റെ മൊത്തം സുരക്ഷിതത്വമില്ലായ്മയില്‍ എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ ഓരോരുത്തരെക്കുറിച്ചോര്‍ത്തും. ഓരോ ദിവസവും വാര്‍ത്ത കണ്ട് വിഷമിക്കുന്ന ഭര്‍ത്താവിന്റെ മുഖം എന്നെ അസ്വസ്ഥയാക്കുന്നു. എനിക്കൊന്നേ പറയാനുള്ളൂ: എന്നോടു ക്ഷമിക്കൂ. ഞാനിപ്പോള്‍ ഈ കത്ത് എഴുതുന്നത് എന്റെ കുടുംബത്തിനു വേണ്ടിയാണ്. ഞങ്ങളുടെ സുരക്ഷിതത്വം ഉറപ്പുതന്നതിന് നന്ദി പറയാന്‍. ഓരോ കുര്‍ദ് പട്ടാളക്കാരനും സുരക്ഷിതനായി തിരിച്ചെത്തണമെന്ന് ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഒരുകാലത്ത് നമ്മള്‍ എത്രമാത്രം സ്നേഹത്തോടെയാണോ കഴിഞ്ഞിരുന്നത് ആ സ്നേഹം ഒരിക്കല്‍ക്കൂടി യാഥാര്‍ഥ്യമാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഒരാഗ്രഹം കൂടി എനിക്കുണ്ട്. ഞങ്ങള്‍ അമേരിക്കക്കാര്‍ ഒരിക്കല്‍ക്കൂടി നിങ്ങളെ സഹായിക്കുന്നത്. നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. 

എന്നും നിങ്ങളോട് നന്ദിയുള്ള ഒരു പട്ടാളക്കാരന്റെ ഭാര്യ

English Summary : A letter to Kurdish soldiers from a US military wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com