sections
MORE

മിസ് ഇന്ത്യ മൽസരത്തിന്റെ തലേന്ന് അച്ഛന് കരൾ നൽകി; കണ്ണു നിറയ്ക്കും ഈ ദൃശ്യങ്ങൾ

Screen Grab From Miss World Short Film
മിസ് വേൾഡ് എന്ന ഹ്രസ്വചിത്രത്തിൽ നിന്ന്
SHARE

സ്വപ്നം കണ്ട സൗന്ദര്യപ്പട്ടം കൈയെത്തും ദൂരത്തുപേക്ഷിച്ച് അച്ഛന് കരൾ നൽകിയ തമിഴ് പെൺകുട്ടിയുടെ വാർത്ത ചർച്ചയായത് ആരും മറന്നു കാണില്ല. യഥാർഥ ജീവിതത്തിൽ നടന്ന അതേ വിഷയം ആസ്പദമാക്കിയൊരുക്കിയ ഹ്രസ്വചിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

ദക്ഷിണാമൂർത്തി സംവിധാനം ചെയ്ത മിസ്‌വേൾഡ് എന്ന ഹ്രസ്വചിത്രം ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളിലൂ ടെയാണ് മുന്നോട്ടു പോകുന്നത്. അസുഖബാധിതനായ അച്ഛനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനായി മിസ് ഇന്ത്യ മൽസരമുപേക്ഷിച്ച് സ്വന്തം കരൾ ദാനം ചെയ്യാൻ തയാറായ മകളുടെ വാർത്ത അന്ന് സമൂഹമാധ്യമങ്ങളിലുൾപ്പടെ പങ്കുവയ്ക്കപ്പെട്ടിരുന്നു.

യഥാർഥ ജീവിതത്തെ പുനരാവിഷ്കരിച്ച ഈ ഹ്രസ്വചിത്രം ഒരു വട്ടമെങ്കിലും കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല. മിസ് ഇന്ത്യാ മൽസരത്തിൽ പങ്കെടുത്ത് തമിഴ്നാടിന്റെ അഭിമാനമാകാനൊരുങ്ങുന്ന പെൺകുട്ടിക്ക് ആശംസയറിയിച്ചു കൊണ്ട് റേഡിയോ ജോക്കി സംസാരിക്കുന്നതിൽ നിന്നാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്. അച്ഛന്റെ പെട്ടന്നുള്ള അസുഖവും തുടർന്ന് സ്വപ്നമുപേക്ഷിച്ച് നിർണായകമായ തീരുമാനമെടുത്തതിനെക്കുറിച്ചും മാധ്യമ പ്രവർത്തകർ പ്രകോപനപരമായ ചോദ്യങ്ങൾ ചോദിക്കുമ്പോഴും ചിലപ്പോൾ രോഷത്തോടെയും ചിലപ്പോൾ ഹൃദയത്തിൽത്തൊടുന്ന വാക്കുകളാലും അവരോടു മറുപടി പറയുന്ന പെൺകുട്ടിയിലൂടെ ദൃശ്യങ്ങൾ പുരോഗമിക്കുന്നു.

കപ്പിനും ചുണ്ടിനുമിടയിൽ മകൾക്ക് സ്വപ്നം നഷ്ടപ്പെടാൻ കാരണം ഞാനാണല്ലോയെന്ന് അച്ഛൻ സങ്കടപ്പെടുമ്പോഴും ശാസനയോടെ അച്ഛനെ തിരുത്തുന്ന മകളായി, തകൃതിയായി വിവാഹാലോചന നടത്തുന്ന അമ്മയെ പ്രകോപിപ്പിക്കുന്ന മകളായി. കാണാൻ വരുന്ന പയ്യന്മാരെ തന്റെ ശരീരികാവസ്ഥ ബോധ്യപ്പെടുത്തുന്ന പെൺകുട്ടിയായി അങ്ങനെ ആ യുവതി കടന്നുപോയ എല്ലാ മാനസികാവസ്ഥകളെയും വ്യക്തമാക്കുന്നുണ്ട് ഹ്രസ്വചിത്രത്തിലെ മീര എന്ന കഥാപാത്രം.

തന്റെയും അച്ഛന്റെയും ജീവിതം ഫെയ്സ്ബുക്കിൽ പങ്കുവച്ച ഡോക്ടറെ നേരിൽ കാണുമ്പോൾ രോഷം മറച്ചു വയ്ക്കാതെ അദ്ദേഹത്തോട് തട്ടിക്കയറുന്നുണ്ടവൾ. പിന്നെയാണ് കഥയിലെ ട്വിസ്റ്റ്. അച്ഛന് 65 ശതമാനത്തോളം കരൾ ദാനം ചെയ്ത മകൾക്കായി ഡോക്ടർ കാത്തുവച്ച സർപ്രൈസുകളോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്. 

കുമാർ, നിവേദ, അനന്യ, കരോളിൻ തുടങ്ങിയവർ അഭിനയിച്ച ഹ്രസ്വ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് കാർത്തിക് ആണ്. യുഗ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് എംഎസ് ജോൺസൺ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ദീപ്തി സുരേഷ്.

English Summary : Miss World, Tamil Shortfilm, Based On Real Incident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA