ADVERTISEMENT

അവര്‍ പരസ്പരം സ്നേഹിക്കുന്നു. അതു തന്നെയാണ് അവരെ വ്യത്യസ്തരാക്കുന്നതും. ഈ കമന്റ്. ബ്രിട്ടിഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരനെയും ഭാര്യ മേഗന്‍ മാര്‍ക്കിളിനെക്കുറിച്ചുമാണ്. അഭിപ്രായ പ്രകടനം നടത്തിയത് സാധാരണക്കാരനല്ല.  ഡയാന രാജകുമാരിയുടെ മുന്‍ പാചകക്കാരനും സഹായിയുമായ പോള്‍ ബുറേല്‍. മാധ്യമ പ്രതിനിധികളുടെ കടന്നുകയറ്റം തടയാനും അവരുടെ തള്ളിക്കയറ്റത്തില്‍നിന്ന് ഭാര്യയെ രക്ഷിക്കാനും ഹാരി ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിനുശേഷമാണ് പോള്‍ ബുറേല്‍ ഈ അഭിപ്രായം പറഞ്ഞത്. അവര്‍ പരസ്പരം പ്രണയത്തിലാണ്... ബുറേല്‍ ആവര്‍ത്തിക്കുന്നു. 

ഹാരിയെയും മേഗനെയും തമ്മില്‍ അടുപ്പിച്ചു നിര്‍ത്തുന്ന വികാരം ചാള്‍സ് രാജകുമാരനും ഡയാന രാജകുമാരിക്കും ഇടയില്‍ ഇല്ലായിരുന്നു. അവര്‍ സ്നേഹിച്ചിരുന്നില്ല. പക്ഷേ, അതല്ല, ഹാരിയുടെയും മേഗന്റെയും കഥ. അവര്‍ സ്നേഹിക്കുന്നു, പരസ്പരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു- ബുറേല്‍ ഉറപ്പിച്ചുപറയുന്നു. വര്‍ഷങ്ങളോളം ഡായന രാജകുമാരിയുടെ സഹായിയായിരുന്നു ബുറേല്‍. ഡയനയുടെയും ചാള്‍സിന്റെയും രാജകുടുംബത്തിന്റെയും ജീവിതം ഏറ്റവും അടുത്തുനിന്നു കണ്ട വ്യക്തി. 

15 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തില്‍ ദുഃഖങ്ങളായിരുന്നു എന്നും ഡയാനയ്ക്ക് കൂട്ട്. ദാമ്പത്യ ജീവിത ത്തിലെ സന്തോഷം ഒരിക്കല്‍പ്പോലും അനുഭവിക്കാനും കഴിഞ്ഞിട്ടില്ല. അവരുടെ ജീവിതം അടുത്തുനിന്നു കണ്ട വ്യക്തി എന്ന നിലയില്‍ പോള്‍ ബുറേലിന് അതേക്കുറിച്ച് നന്നായി അറിയാം. അതുകൊണ്ടുതന്നെ, ഹാരിയും മേഗനും പരസ്പരം സ്നേഹിക്കുന്നു എന്നും അവര്‍ തമ്മില്‍ അഗാധമായ ആത്മബന്ധം ഉണ്ട് എന്നും പറയുമ്പോള്‍ അവിശ്വസിക്കേണ്ടതില്ല. 

മാധ്യമങ്ങളുടെ ചാരക്കണ്ണുകളുടെ നടുവിലാണ് എന്നും ബ്രിട്ടിഷ് രാജകുടുംബം; രാജകുമാരന്‍മാരും രാജകുമാരിമാരും. പിന്തുടരുന്നു എന്നതിനപ്പുറം മഞ്ഞപ്പത്രങ്ങളിലെ പപ്പരാസികളുടെ വേട്ടയാടലിനും അവര്‍ വിധേയരാണ്. ഡയാന രാജകുമാരിയുടെ മരണം കാലങ്ങള്‍ക്കുശേഷവും ഒരു ദുരന്തമായി ലോകത്തിന്റെ ഹൃദയത്തിലുണ്ട്. വൈവാഹിക ജീവിതത്തിലെ അസംതൃപ്തികള്‍ വേട്ടയാടിയ ഡയാനയ്ക്ക് ഒടുവില്‍ റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു; അതും പപ്പരാസികളില്‍നിന്നു രക്ഷപ്പെടാനുള്ള ഭ്രാന്തമായ പാച്ചിലിനിടെ. 

പുതിയ കാലത്തും ബ്രിട്ടിഷ് രാജകുടുംബത്തിലെ പുതുതലമുറക്കാരും മാധ്യമ വേട്ടയാടലുകളുടെ നടുവില്‍ത്തന്നെയാണ്. അതിനിടെയാണ്, മാധ്യമങ്ങളുടെ കടന്നുകയറ്റത്തില്‍നിന്ന് ഭാര്യ മേഗനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഹാരിയുടെ ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ചയായതും. ഇപ്പോള്‍ 61 വയസ്സുള്ള ബുറേല്‍ അമേരിക്കയിലാണ്. ഡയാനയുടെ മരണത്തിനുശേഷം പലപ്പോഴും ബ്രിട്ടിഷ് രാജകുടുംബത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളില്‍ പ്രതികരിക്കാറുണ്ട് അദ്ദേഹം.

35 വയസ്സുകാരനായ ഹാരി മാധ്യങ്ങള്‍ അദ്ദേഹത്തെയും ഭാര്യ മേഗനെയും പിന്തുടരുന്നതിനെക്കുറിച്ച് ബോധവാനാണ്. മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറാനാണ് ശ്രമിക്കുന്നതെന്ന് അടുത്തിടെ അദ്ദേഹം ആരോപിച്ചിരുന്നു. പക്ഷേ, അമ്മയ്ക്കു സംഭവിച്ച ദുരന്തം ഇനി അവര്‍ത്തിക്കാതിരിക്കാന്‍ താന്‍ എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ടെന്നും ഹാരി പറഞ്ഞിരുന്നു. 

വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണും മാധ്യമങ്ങളുടെ വലിയ കടന്നാക്രമണം നേരിടാത്തവരാണ്. ബ്രിട്ടിഷ് രാജകുടുംബത്തിലെ രണ്ടു സഹോദരന്‍മാരും തമ്മില്‍ അകല്‍ച്ചയിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും പപ്പരാസികളുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാനുള്ള പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെ കലിഫോര്‍ണിയയില്‍ വീട് വാങ്ങി താമസം തുടങ്ങുന്നതിനെക്കുറിച്ചുപോലും ഹാരിയും മേഗനും ആലോചിക്കുന്നണ്ടത്രേ. അവര്‍ അങ്ങനെ ചെയ്താല്‍ നഷ്ടം ബ്രിട്ടനായിരിക്കുമെന്നും അങ്ങനെയൊരു നീക്കത്തില്‍നിന്ന് അവര്‍ പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും ബുറേല്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Prince Harry and Meghan Markle have pushed back against media intrusion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com