sections
MORE

''മരണശേഷം മാത്രമാണ് എന്റെ മകൾ എത്ര പേർക്ക് പ്രചോദനമായിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്''

kalpana Chawla
കൽപന ചൗള
SHARE

ബഹിരാകാശ യാത്രയ്ക്കു പോയ മകളെ കാത്ത് ഹൂസ്റ്റണിലെ വീട്ടിലിരിക്കുമ്പോൾ തന്നെ തേടിയെത്തിയ ദുരന്തവാർത്തയെക്കുറിച്ചോർത്തും, മരണശേഷവും അനേകർക്ക് പ്രചോദനമായ മകളെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ചും ഒരച്ഛൻ. ഇന്ത്യൻ വംശജയായ ആദ്യ ബഹിരാകാശ യാത്രിക കൽപന ചൗളയെക്കുറിച്ചുള്ള ഓർമ്മകളാണ് അച്ഛൻ ബൻസാരിലാൽ ചൗള പങ്കുവച്ചത്. 

നാഷണൽ ജിയോഗ്രഫി കൽപ്പന ചൗളയുടെ ജീവിതം ആധാരമാക്കി നിർമിച്ച 45 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി കണ്ട ശേഷമാണ് കൽപ്പനയുടെ പിതാവ് ബനാർസി ലാൽ ചൗള മകളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് സംസാരിച്ചത്. 'ദി ലൈഫ് ഓഫ് കൽപ്പന ചൗള ഹാസ് കം അലൈവ്' എന്ന ഡോക്യുമെമന്ററി നിർമിച്ചിരിക്കുന്നത് ഇംഗ്ലിഷിലും ഹിന്ദിയിലുമാണ്. മുംബൈയിൽ നടന്ന ചലച്ചിത്ര മേളയിൽ ചൊവ്വാഴ്ചയാണ് ഡോക്യുമെന്റി പ്രദർശിപ്പിച്ചത്. കൽപന തന്റെ മാത്രം മകളല്ല, ഇന്ത്യയുടെയും അമേരിക്കയുടെയും മകൾ കൂടിയാണെന്ന് ബൻസാരിലാൽ പറഞ്ഞത്.

മരണശേഷം ചിതാഭസ്മം ഹിമാലയത്തിലോ യുഎസിലെ സിയോൺ നാഷണൽ പാർക്കിലോ നിക്ഷേപിക്കണമെന്നായിരുന്നു മകളുടെ ആഗ്രഹമെന്നും അതു സാധിക്കാനായി സിയോൺ നാഷണൽ പാർക്കിലെ മലനിരകളിലാണ് ചിതാഭസ്മം നിക്ഷേപിച്ചതെന്നും  അച്ഛൻ  പറയുന്നു. ''ഹരിയാന മുതൽ കാലിഫോർണിയ വരെ എത്രയധികം ആളുകളാണ് കൽപ്പനയെ സ്നേഹിക്കുന്നത്. മരണശേഷം മാത്രമാണ് എന്റെ മകൾ എത്ര പേർക്ക് പ്രചോദനമായിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അവൾ എന്റെ മാത്രം മകളല്ല, ഇന്ത്യയുടെയും അമേരിക്കയുടെയും മകൾ കൂടിയാണ്''. 

മകളുടെ കുട്ടിക്കാലത്തെക്കുറിച്ച് അദ്ദേഹം ഓർക്കുന്നതിങ്ങനെ :-

'' വിമാനങ്ങളോട് അവൾക്ക് കുട്ടിക്കാലം മുതലേ വലിയ ഇഷ്ടമായിരുന്നു. നക്ഷത്രങ്ങളെക്കുറിച്ച് എപ്പോഴും സ്വപ്നം കണ്ടിരുന്നു..  അതേ നക്ഷത്രങ്ങൾക്കിടയിൽ അവൾ അലിഞ്ഞുചേർന്നതായാണ് എനിക്ക് തോന്നുന്നത്. 

വീടിന്റെ ടെറസിൽ നിന്നാണ് അവൾ ആദ്യമായി വിമാനം കാണുന്നത്. വിമാനം അടുത്തുകാണണം എന്ന് പറഞ്ഞതുകൊണ്ട് വീടിനടുത്തുള്ള കർണൽ ഫ്ലൈയിങ് ക്ലബ്ബിൽ കൊണ്ടുപോയി. സൈക്കിളിന്റെ മുന്നിലിരുത്തിയാണ് അവളെ ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നത്. മകനെ പിൻസീറ്റിലുമിരുത്തി. സൈക്കിൾ എവിടെയങ്കിലും വെക്കും മുൻപെ അവൾ ക്ലബ്ബിലുണ്ടായിരുന്ന വിമാനത്തിനടുത്തേക്കോടി''.

'ഇതെങ്ങനെയാണ് പറക്കുന്നത്? എങ്ങനെയാണ് പ്രവർത്തിക്കുന്നത്'? കൗതുകത്തോടെ അവൾ ആ ഓഫീസറോട് ചോദിച്ച ചോദ്യങ്ങൾ ഇന്നും എന്റെ ചെവിയിലുണ്ട്. അവിടെയുണ്ടായിരുന്ന ചെറുവിമാനത്തിൽ ക്ലബ്ബിന് മുകളിലൂടെ പറന്നപ്പോൾ കൽപ്പനയുടെ മുഖത്തുണ്ടായ ആഹ്ലാദം ഇന്നും ഞാൻ മറന്നിട്ടില്ല. അന്ന് ഞാൻ തിരിച്ചറിഞ്ഞു, ഇവൾ പറക്കാൻ ജനിച്ചവളാണെന്ന്. ''നക്ഷത്രങ്ങളായിരുന്നു അവളുടെ കൂട്ടുകാർ. നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബഹിരാകാശത്തെത്താനും മറ്റും അതിയായ ആഹ്ലാദമായിരുന്നു അവൾക്ക്. ബഹിരാകാശത്ത് വെച്ച് ആരെങ്കിലും തട്ടിക്കൊണ്ടുപോകുമെന്ന് അവൾ സങ്കൽപ്പിച്ചിരുന്നതായി ഒരിക്കൽ പറഞ്ഞിട്ടുണ്ട്''.

ഒരു അപകടത്തിൽപ്പെട്ട് നട്ടെല്ലിന് പരിക്കേറ്റതിനാൽ പിതാവ് ലാൽ ചൗള അവശനിലയിലാണ്. എങ്കിലും അദ്ദേഹം അഭിമാനത്തോടെ മകളെക്കുറിച്ച് പറയുന്നതിങ്ങനെ :- 

''എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. പക്ഷേ മകളെക്കുറിച്ച് സംസാരിക്കുമ്പോൾ എവിടുന്നോ ഒരദൃശ്യ ശക്തി ലഭിക്കും. എന്റെ മകളെ ഓർക്കുമ്പോൾ എനിക്ക് തളർച്ച അനുഭവപ്പെടില്ല. അവളെ ഓർത്ത് അഭിമാനിക്കുന്ന അച്ഛനാണ് ഞാൻ''- ബൻസാരിലാൽ പറഞ്ഞു. 

2003ലാണ് കൽപ്പനയുൾപ്പെടെ ഏഴ് പേരുടെ ജീവനെടുത്ത കൊളംബിയ ദുരന്തമുണ്ടായത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിട്ടുകൾ ബാക്കിയുള്ളപ്പോൾ കൊളംബിയ ചിന്നിച്ചിതറുകയായിരുന്നു.

English Summary : Kalpana Chawla's father on her biopic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA