sections
MORE

കാൻസറാണെന്നറിഞ്ഞുകൊണ്ട് അവൾ അവനെ പ്രണയിച്ചു, വിവാഹം കഴിച്ചു; ഒടുവിൽ

Photo Credit : Facebook, Humans Of Bombay
ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

കേവലം 6 മാസത്തെ ആയുസ്സ് മാത്രമേ അവനുള്ളൂ എന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് അവൾ തന്റെ പ്രണയം സ്വന്തമാക്കിയത്. അങ്ങനെ ജീവന്റെ അവസാന ശ്വാസവും അവന്റെ പ്രാണൻ വിട്ടു പോകുന്നതുവരെ അവന്റെ നിഴലായി അവൾ കൂടെ നിന്നു. മുംബൈ സ്വദേശിനിയായ യുവതി തന്റെ പ്രണയ കഥ പങ്കുവച്ചത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ്.

''അവൻ ഒരു അദ്ഭുതമായിരുന്നു. ഒരു കോൺഫറൻസിലാണ് ഞങ്ങൾ ആദ്യം കാണുന്നത്. അപ്പോഴാണ് ഞങ്ങൾ ഇരുവരും ഒരു കോളേജിലാണ് പഠിക്കുന്നതെന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത്. പരിചയപ്പെട്ട് അധികം കഴിയുന്നതിനു മുൻപ് ഞങ്ങൾ നന്നായി അടുത്തു. അവനെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും അവൻ എന്നോട് പറയുമായിരുന്നു. അവന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതിയൊക്കെ അൽപ്പം മോശമായിരുന്നു. എന്നോടു മാത്രമേ അവൻ സംസാരിക്കുമായിരുന്നുള്ളൂ. ആ സമയത്തൊക്കെ അവൻ വല്ലാതെ ക്ഷീണിതനായിരുന്നു. ദിവസങ്ങൾ കഴിയും തോറും അവന്റെ ക്ഷീണം കൂടിക്കൂടി വന്നു. അവസ്ഥ ഇങ്ങനെ തുടർന്നപ്പോൾ‌ അവൻ ഡോക്ടറെ കണ്ടു. ഡോക്ടറുടെ അടുത്തു നിന്നും മടങ്ങിയ ശേഷം അവൻ ഒന്നും മിണ്ടാതെ ബാഗും പാക്ക് ചെയ്ത് അവന്റെ ജന്മനാട്ടിലേക്ക് പോയി. 

അന്ന് വൈകിട്ട് അവനെന്നെ ഫോൺവിളിച്ചു. ' എനിക്ക് കാൻസറാണ്, മൂന്നാമത്തെ ഘട്ടത്തിലാണ്' എന്നു പറഞ്ഞു.

ഞാൻ ഞെട്ടിപ്പോയി. ആ നിമിഷമാണ് ഞാൻ അവനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ കീമോതെറാപ്പി തുടർന്നു. അവൻ കോളജിലേക്ക് മടങ്ങി വന്നതു മുതൽ ഇരുപത്തിനാലു മണിക്കൂ റും ഏഴുദിവസവും ഞാനവനൊപ്പമുണ്ടായിരുന്നു. അവന്റെ എല്ലാ ആവശ്യങ്ങൾക്കും കരുതൽ നൽകി ഞാൻ കൂടെ നിന്നു. അവന്റെ രക്ഷിതാക്കൾ അവനൊപ്പമില്ലായിരുന്നു. അവന് ഞാൻ മാത്രമേയുള്ളായിരുന്നു.

കോളേജ് കാലഘട്ടം കഴിഞ്ഞു, അവനെന്നോട് പ്രണയമാണെന്നും അവനെ വിവാഹം കഴിക്കാമോയെന്നും അവനെന്നോടു ചോദിച്ചു. എനിക്കെങ്ങനെ പറ്റില്ല എന്നു പറയാനാകും?. കാരണം അപ്പോഴേക്കും ഞാനവനുമായി ഭ്രാന്തമായ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹ നിശ്ചയച്ചടങ്ങുകൾ കഴിഞ്ഞു. ഒരു സാധാരണ സന്ദർശനത്തിനിടയിൽ അവനോട് എംആർഐ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചു. ഡോക്ടർ ആ റിസൽട്ട് പരിശോധിക്കുമ്പോൾ അവനൊപ്പം ഞാനും ആ മുറിയിൽ ഉണ്ടായിരുന്നു. 

അവന്റെ ശരീരത്തിൽ കാൻസർ വ്യാപിച്ചിരുന്നു. ഡോക്ടർ ഒരു ഷീറ്റ് പേപ്പറെടുത്തു. അതിലൊരു ശരീരം വരച്ച് അവന്റെ ശരീരത്തിൽ കാൻസർ ബാധിച്ച ഭാഗങ്ങൾ കുറേ നിറങ്ങളുപയോഗിച്ച് അടയാളപ്പെടുത്തി. ആ പേപ്പറിൽ അദ്ദേഹം അടയാളപ്പെടുത്താത്ത ഒരു ഭാഗം പോലും ബാക്കിയില്ലായിരുന്നു. അവന് ഇനി ആറുമാസത്തെ ആയുസ്സ് കൂടിയേ ബാക്കിയുള്ളെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ തകർന്നു പോയി. എന്റെ ജീവിതം മുഴുവൻ അവനായി മാറ്റി

വച്ച എനിക്ക് ഇനി ആറുമാസം കൂടിയേ അവനൊപ്പം സമയം ചിലവഴിക്കാനാവൂ. അതു മതിയാകുമായിരുന്നില്ല എന്നെനിക്കറിയാമായിരുന്നു. ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഞങ്ങൾ ഒരു അമ്പലത്തിൽപ്പോയി വിവാഹം കഴിച്ചു. അവനെയും കൊണ്ട് ഒരുപാടു ഡോക്ടർമാരെ കാണാൻ പോയി.അവനോടൊപ്പം ഒരുപാട് ഭൂഖണ്ഡങ്ങൾ സഞ്ചരിച്ചു, അപരിചിതർക്കൊപ്പം താമസിച്ചു. 

പക്ഷേ, ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവസാനം കാര്യങ്ങളൊക്കെ പ്രതീക്ഷയ്ക്ക് വിപരീതമായി സംഭവിച്ചു. അവനെ കാണാൻ അവനെപ്പോലെയേ അല്ലാതായി. അവന് കഷ്ടിച്ച് ബോധമുണ്ടായിരുന്നു എന്നു മാത്രം. അങ്ങനെ ആ ദിവസം വന്നു. ഒരു മാറ്റവുമില്ലാതെ തുടർന്ന നിലയിൽ നിന്ന് അവൻ അവന്റെ അവസാന ശ്വാസമെടുത്തു. അവനില്ലാതെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരാൻ എനിക്കാവുമായിരുന്നില്ല. മാസങ്ങളോളം ഞാനൊരു ആശ്രമത്തിൽ കഴിഞ്ഞു. ജീവിച്ചിരിക്കാനുള്ള ഒരേയൊരു വഴി മറ്റുള്ളവരെ സഹായിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഇപ്പോൾ ഞാൻ സജീവമായി ഡോക്ടർമാരോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള കാൻസർ രോഗികളോട് സംസാരിക്കുന്നുണ്ട്. അവന്റെ മരണം കാണേണ്ടിയിരുന്നില്ലെന്ന് ഞാൻ എപ്പോഴും വിചാരിക്കാറുണ്ട്. മറ്റൊരു ജന്മത്തിൽ ‍ഞങ്ങളിരുവരും ഒരുമിക്കുമെന്ന് പ്രത്യാശിക്കാറുണ്ട്. അങ്ങനെ എന്നെന്നും ഒരുമിക്കാൻ പ്രാർഥിക്കുന്നുമുണ്ട്.

English Summary : Unconditional Love Story shared in Human's of Bombay Page

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA