ADVERTISEMENT

കുഞ്ഞുങ്ങളുടെ കുസൃതിയും കുറുമ്പുകളും ചിലപ്പോഴൊക്കെ അതിരുവിട്ടു പോകാറുണ്ട്. പലപ്പോഴും അവരെ എങ്ങനെ തിരുത്തണം, നേർവഴിക്കു നടത്തണം എന്നൊന്നും അറിയാതെ കുഴങ്ങുന്ന മാതാപിതാക്കളുമുണ്ട്. കുഞ്ഞു മകളുടെ മനസ്സിനെ ഒട്ടും തന്നെ വിഷമിപ്പിക്കാതെ അവൾ ചെയ്തത് തെറ്റാണെന്നു ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഇവിടെയൊരച്ഛൻ മാതൃകയാകുന്നത

കുഞ്ഞിന്റെ ആന്റി പങ്കുവച്ച ഒരു വിഡിയോയിലാണ് അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും നല്ല വാക്കുകളിലൂടെ കുഞ്ഞിനെ നന്മ പഠിപ്പിക്കുന്ന അച്ഛനും വെർച്വൽ ലോകത്തിന്റെ മനസ്സു കീഴടക്കിയത്. മില എന്ന രണ്ടു വയസ്സുകാരി സ്കൂളിൽ നിന്ന് മടങ്ങിയത് പിങ്കും ചാരയും കലർന്ന ഒരു ജാക്കറ്റ് ധരിച്ചു കൊണ്ടാണ്. അത് മിലയുടെ സ്വന്തം ജാക്കറ്റ് അല്ലെന്ന് അവളുടെ അച്ഛന് ഒറ്റ നോട്ടത്തിൽത്തന്നെ മനസ്സിലായി. അങ്ങനെയാണ് ജാക്കറ്റിനെക്കുറിച്ച് കുഞ്ഞിനോട് ചോദിക്കാൻ ആ അച്ഛൻ തീരുമാനിച്ചത്.

ജാക്കറ്റ് എവിടെ നിന്നാണ് കിട്ടിയതെന്നുള്ള അച്ഛന്റെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞത് ജാക്കറ്റ് കടയിൽ നിന്നാണെന്നാണ്. എത്ര രൂപയായി എന്ന് ചോദിച്ചപ്പോൾ അഞ്ച് എന്ന് മറുപടി. വീണ്ടും ചോദിച്ചപ്പോൾ 5 രൂപയായി എന്നാണ് കുഞ്ഞ് മറുപടി പറഞ്ഞത്. ജാക്കറ്റ് ഏത് ബ്രാൻഡ് ആണെന്ന ചോദ്യത്തിന് നൈക്കി എന്നും അവൾ ഉടനടി മറുപടി പറഞ്ഞു. മകൾ പറഞ്ഞതെല്ലാം കേട്ടശേഷം. അച്ഛൻ വീണ്ടുമൊരു ചോദ്യം ചോദിച്ചു സ്കൂളിലെ മറ്റുകുട്ടികളിലാർക്കെങ്കിലും ഈ നിറത്തിലുള്ള ജാക്കറ്റുണ്ടോയെന്ന്. കുഞ്ഞ് ഉണ്ടെന്ന് മറുപടി നൽകി. ആർക്കാണ് ആ ജാക്കറ്റുള്ളതെന്ന ചോദ്യത്തിന് സഹപാഠിയുടെ പേരുപറഞ്ഞ് മകൾ ഉത്തരം നൽകി.

ഈ ജാക്കറ്റ് നമ്മുടേതല്ലല്ലോ, അപ്പോൾ ഇത് നിന്റെ കൂട്ടുകാരന് തിരിച്ചു കൊടുക്കണം എന്ന് അച്ഛൻ വളരെ ശാന്തനായി കുട്ടിയോട് പറയുന്നു. ഇത് തനിക്ക് പാകമാണെന്ന് അവൾ ചിണുങ്ങിക്കരയുമ്പോൾ നമുക്ക് വേറെ വാങ്ങാമെന്നും ഇത് വേഗം തന്നെ ഇതിന്റെ ഉടമയായ കുട്ടിക്ക് തിരികെ നൽകണമെന്നും അച്ഛൻ പറയുന്നു. 

വളരെ കൂളായി കുഞ്ഞിന് തന്റെ തെറ്റു മനസ്സിലാക്കിക്കൊടുക്കുകയും, തെറ്റുതിരുത്താൻ അവസരം കൊടുക്കുകയും ചെയ്ത അച്ഛന്റെ വിഡിയോ വളെ വേഗം തന്നെ വെർച്വൽ ലോകത്തിന്റെ മനസ്സു കീഴടക്കി. 12.7 മില്യണിലധികം പ്രാവശ്യമാണ് ആളുകൾ ഈ ദൃശ്യങ്ങൾ കണ്ടത്. സാഹചര്യങ്ങൾക്കനുസരിച്ച് പിഞ്ചു മനസ്സിനെ വേദനിപ്പിക്കാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അച്ഛനമ്മമാർക്ക് കഴിയുന്നിടത്താണ് പേരന്റിങ് ഗോളുകൾ വിജയിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് പലരും ഈ വിഡിയോ പങ്കുവയ്ക്കുന്നത്.

English Summary : Dad questions baby girl 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com