ADVERTISEMENT

ആദ്യ വിവാഹങ്ങള്‍ മറച്ചുവച്ച് മൂന്നുതവണ വിവാഹം കഴിച്ച സൈനികന്റെ തട്ടിപ്പ് പുറത്ത്. മഹാരാഷ്ട്രയില്‍ നിന്നുള്ള സിആര്‍പിഎഫ് സൈനികന്റെ തട്ടിപ്പാണ് മൂന്നാം ഭാര്യയുടെ ഇടപെടലില്‍ കഴിഞ്ഞദിവസം പുറത്തായത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെയാണ് സൈനികന്‍ മൂന്നു വിവാഹം കഴിച്ചത്. 

മധ്യപ്രദേശിലെ ഭോപാലില്‍നിന്നുള്ള മൂന്നാം ഭാര്യ പരാതിയുമായി സമീപിച്ചെങ്കിലും താന്‍ അവരെ വിവാഹം കഴിച്ചില്ലെന്നായിരുന്നു സൈനികന്റെ നിലപാട്. യുവതി ഭോപാല്‍ പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ താന്‍ യഥാര്‍ഥത്തില്‍ വിവാഹം കഴിച്ചതല്ലെന്നും വിവാഹത്തിന്റെ റിഹേഴ്സലില്‍ പങ്കെടുക്കുകയായിരുന്നുമെന്നാണ് സൈനികന്‍ പറയുന്നത്. റിഹേഴ്സല്‍ ആയതിനാല്‍ വരന്റെ വേഷം അണിഞ്ഞതാണെന്നും സംഭവങ്ങളൊന്നും ഗൗരവത്തിലായിരുന്നില്ലെന്നും സൈനികന്‍ വിശദീകരിക്കുന്നു. പക്ഷേ, വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക മാത്രമല്ല, വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ചു ജീവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. 

‘ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം എന്നെ പരിചയപ്പെടുന്നതും വിവാഹാഭ്യര്‍ഥന നടത്തുന്നതും. 2014 ഭോപാലില്‍ വച്ചു വിവാഹം നടന്നു. ഇപ്പോള്‍ സൈനികന്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മഹാരാഷ്ട്രയിലെ കുടുംബവീട്ടിലും കൊണ്ടുപോയിട്ടുണ്ട്- യുവതി വിശദീകരിക്കുന്നു. ഞാന്‍ അദ്ദേഹത്തിനൊപ്പം ഡല്‍ഹിയിലും താമസിച്ചിട്ടുണ്ട്. പക്ഷേ, ജൂലൈയില്‍ അദ്ദേഹത്തിന്റെ ആദ്യവിവാഹങ്ങളെക്കുറിച്ച് അറിഞ്ഞു. ഡല്‍ഹിയില്‍ നിന്നുതന്നെയുള്ള രണ്ടാം ഭാര്യ എന്നെ വിളിക്കുകയും സൈനികന്റെ തട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ മനസ്സിലായത്'- യുവതി പറയുന്നു.

ഭോപാല്‍ സ്വദേശിയായ സൈനികന്‍ വ്യത്യസ്തമായ കഥയാണ് പറയുന്നത്. 2008 ല്‍ ആയിരുന്നത്രേ അദ്ദേഹത്തിന്റെ ആദ്യ വിവാഹം. മഹാരാഷ്ട്രയില്‍നിന്നുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ കുട്ടികളുമുണ്ട്. 

സൈനികന്റെ കുടുംബത്തിനും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് യുവതി ആരോപിക്കുന്നത്. താന്‍ കുടുംബവീട്ടില്‍ താമസിച്ച സമയത്തും സൈനികന്റെ ആദ്യവിവാഹത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ എല്ലാ വിവരങ്ങളും മറച്ചുവയ്ക്കുകയായിരുന്നു. സൈനികന്റെ ആദ്യ ഭാര്യയെ കണ്ടപ്പോള്‍ അവരും സൈനികന് അനുകൂലമായാണ് സംസാരിച്ചതെന്നും യുവതി ആരോപിക്കുന്നു. വിവാഹത്തട്ടിപ്പിനു പുറമെ സാമ്പത്തിക തട്ടിപ്പും സൈനികന്‍ നടത്തിയതായും യുവതി ആരോപിക്കുന്നു. വിവാഹ സമയത്ത് തന്റെ കുടുംബത്തില്‍നിന്നും 10 ലക്ഷം രൂപയാണത്രേ സൈനികന്‍ വാങ്ങിച്ചത്. മൂന്നു ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ട് സ്വന്തമാക്കിയിരുന്നു. ഇതിനുശേഷവും സ്ത്രീധനം അവശ്യപ്പെട്ട് തന്നെ മര്‍ദിക്കാറുണ്ടായിരുന്നെന്നും യുവതി പറയുന്നു. 

യുവതിയുടെ പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് കോലാര്‍ പൊലീസ് പറയുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തുന്നു. തന്നെ ഭാര്യയായി അംഗീകരിക്കാത്ത സൈനികന്റെ പേരില്‍ യുവതി കുടുംബകോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. സൈനികനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നാണ് കുടുംബകോടതിയിലെ കൗണ്‍സലര്‍ പറയുന്നത്. 

English Summary: CRPF constable refuses to acknowledge ‘third’ wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com