ADVERTISEMENT

അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത പങ്കുവയ്ക്കാൻ പലരും ഉത്സാഹം കാട്ടാറുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ഗർഭത്തിൽ വച്ച് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട സങ്കടങ്ങൾ ആരുമറിയാതെ ഒറ്റയ്ക്ക് അനുഭവിച്ചു തീർക്കുന്നവരാണ് പല അമ്മമാരും. എന്നാൽ ആ പതിവിനു വിരാമമിട്ടുകൊണ്ട് രണ്ടു കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ നഷ്ടപ്പെട്ട വേദനിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇവിടെയൊരമ്മ.

അമേരിക്കൻ നടനും എഴുത്തുകാരനും നിർമാതാവും പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റുമായ അലക് ബോൾഡ് വിന്നിന്റെ ഭാര്യ ഹിലാരിയ ബോൾഡ്‌വിൻ ആണ് തന്റെ ജീവിതത്തിൽ ഏഴുമാസത്തിനിടെയുണ്ടായ തുടർച്ചയായ ഗർഭമലസനിനെക്കുറിച്ച് തുറന്നു പറഞ്ഞത്. ഗർഭത്തിന്റെ നാലാം മാസമാണ് ഏറ്റവുമൊടുവിൽ അവർക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടത്.

തന്റെ ജീവിതത്തിലെ ദൗർഭാഗ്യ ദിനങ്ങളെപ്പറ്റി 35കാരിയായ ആ അമ്മ പറയുന്നതിങ്ങനെ :-

''വളരെ ആകാംക്ഷയോടെയാണ് കുഞ്ഞിന്റെ വളർച്ചയറിയാനുള്ള സ്കാനിങ്ങിനു പോയത്. ആ ദിവസം മുഴുവൻ ഞാൻ വല്ലാതെ നെർവസ് ആയിരുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ ശക്തമായിരുന്നു. ഞാൻ ടേബിളിൽ കിടന്നു, ടെക്നീഷ്യൻ സോണോഗ്രാം ചെയ്തു. ഉടൻ തന്നെ ഞങ്ങൾക്കൊരു കാര്യം മനസ്സിലായി. എന്റെ ഉള്ളിലെ കുഞ്ഞിന് ജീവനില്ല. അത് വളരെ മോശമായൊരു അവസ്ഥയായിരുന്നു''.- ഹിലാരിയ പറയുന്നു.

ഏപ്രിലിൽ ഗർഭത്തിൽ വച്ചു കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം തുറന്നു പറഞ്ഞ ഹിലാരിയ സെപ്റ്റംബറിൽ താൻ വീണ്ടും ഗർഭിണിയാണെന്നു പറഞ്ഞിരുന്നു. ഹിലാരിയ– അലക് ദമ്പതികൾക്ക് 4 മക്കളാണുള്ളത്. 6 വയസ്സു മുതൽ 17 മാസം വരെ പ്രായമുള്ള കുട്ടികളാണ് ഇവർക്കുള്ളത്.

തന്റെ മോശം അവസ്ഥയിൽ തനിക്ക് താങ്ങായി നിന്ന് സ്നേഹവും പിന്തുണയും നൽകിയവരെക്കുറിച്ച് ഹിലാരിയ പറയുന്നതിങ്ങനെ:- 

''കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങളിൽ നിന്നും ഇത്രയും സ്നേഹവും പിന്തുണയും ലഭിച്ച ഞാൻ തീർച്ചയായും ഭാഗ്യവതിയാണ്. എന്റേതിനു സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഒരുപാടു പേർ തയാറായി എന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തി. ഗർഭം നഷ്ടപ്പെട്ടതിനെക്കുറിച്ച്, ചാപിള്ള ജനിച്ചതിനെക്കുറിച്ച്, കെമിക്കൽ പ്രെഗ്നൻസിയെക്കുറിച്ച്, വന്ധ്യതയെക്കുറിച്ച് ഒരുപാടു പേർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.

തന്റെ നഷ്ടത്തെക്കുറിച്ച് തുറന്നു പറയാൻ തീരുമാനിച്ചതിനെക്കുറിച്ച് ഹിലാരിയ പറയുന്നതിങ്ങനെ:-

''ഗർഭകാല ബുദ്ധിമുട്ടുകളെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും തുറന്നു പറയുന്നത് നാണക്കേടായി ചിലർ കരുതുന്നുണ്ട്. അത്തരം അപമാനഭയങ്ങളെ ഇല്ലാതാക്കാനായുള്ള പ്രവർത്തനത്തിന്റെ ഭാഗമാവുകയാണ് ഞാൻ''. 

''ഇപ്പോൾ എന്റെ അവസ്ഥ നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. ഒരുപാടു സങ്കടമുള്ള നിമിഷങ്ങളിൽ നിന്ന് ജീവിതം മെച്ചപ്പെട്ടിട്ടുണ്ട്. കാലവും മറ്റുള്ളവരുടെ പിന്തുണയും ഈ മുറിവുകളെ മായ്ക്കുമെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം ചെലവഴിച്ച നിമിഷങ്ങൾ സങ്കടങ്ങളിൽ നിന്ന് കരകയറാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. അവരെ ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. ഒരു പിന്തുണയുമില്ലാതെ ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നവർക്കൊപ്പം മനസ്സുകൊണ്ട് ഞാനുണ്ട്. നിങ്ങളാണ് യഥാർഥ പോരാളികൾ. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.''- ഹിലാരിയ കുറിക്കുന്നു.

English Summary : Hilaria Baldwin Talks About Miscarriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com