sections
MORE

പ്രളയബാധിതർക്കു വേണ്ടി അന്ന് കുടുക്ക പൊട്ടിച്ചു; നാലുവയസ്സുകാരിയുടെ ദുരവസ്ഥയെക്കുറിച്ച് കുടുംബം

Kshitijas Parents. Photo Credit: Humans Of Bomaby
കുഞ്ഞിന്റെ അച്ഛനമ്മമാർ. ചിത്രത്തിന് കടപ്പാട് : ഹ്യൂമൻസ് ഓഫ് ബോംബെ
SHARE

തിരിച്ചറിവാകാൻ തുടങ്ങും മുൻപേ മറ്റുള്ളവരുടെ സങ്കടങ്ങളെ മനസ്സിലാക്കാൻ കഴിവുള്ളൊരു കുഞ്ഞിപ്പെണ്ണ്. പ്രളയ വാർത്തയെക്കുറിച്ചറിഞ്ഞ സങ്കടത്തിൽ തന്റെ കുഞ്ഞിക്കുടുക്ക പൊട്ടിച്ച് അതിൽ നിന്നും കിട്ടിയ കാശിന് ചോക്ലേറ്റ് വാങ്ങി പ്രളയബാധിതർക്ക് അയയ്ക്കണമെന്ന് അച്ഛനമ്മമാരോട് ചട്ടം കെട്ടിയവൾ. അങ്ങനെയൊരു സുന്ദരിക്കുഞ്ഞിന്റെ ജീവിതത്തിൽ സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് മനസ്സു തുറക്കുകയാണ് മുംബൈ സ്വദേശികളായ അച്ഛനമ്മമാർ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച വലിയൊരു ദുരന്തത്തെക്കുറിച്ച് അവർ തുറന്നു പറഞ്ഞത്.

ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തത്തെക്കുറിച്ചും കുഞ്ഞു മകളുടെ അവസ്ഥയെക്കുറിച്ചും ആ അച്ഛൻ കുറിച്ചതിങ്ങനെ :-

'' ഞാനും ഭാര്യയും ഒളിച്ചോടി വിവാഹിതരായവരാണ്. രണ്ടു ജാതിയിൽപ്പെട്ടവരായതിനാൽ ഇരു കുടുംബക്കാരും വിവാഹത്തിനു സമ്മതിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ചയോളം നഗരത്തിനടുത്തുള്ള ഒരു ഹോട്ടലിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. പക്ഷേ ഭാഗ്യമെന്നു പറയട്ടെ, എന്റെ മാതാപിതാക്കൾ ഞങ്ങളോടുള്ള പിണക്കമവസാനിപ്പിച്ച് ഞങ്ങളെ സ്വീകരിച്ചു. പക്ഷേ അവളുടെ വീട്ടുകാർ അവളെ സ്വീകരിക്കാനും അവളോടു സംസാരിക്കാനും തയാറായതേയില്ല.

എന്റെ കുടുംബം ഒരു ചെറിയ വടപാവ് സ്റ്റോൾ നടത്തുകയായിരുന്നു. ഞാനും ഭാര്യയും അച്ഛനമ്മമാരെ സഹായിക്കാൻ കൂടുമായിരുന്നു. ജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയായിരുന്നു. അധികം വൈകാതെ ഭാര്യ ഗർഭിണിയായി. എന്റെ അമ്മയ്ക്ക് ഒരുപാട് സന്തോഷമായി. അവളുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് അമ്മ ചെയ്തു. കുഞ്ഞിനെ വരവേൽക്കാനായി വീടൊരുക്കി, കളിപ്പാട്ടങ്ങൾ വാങ്ങി. എന്തിനേറെ പറയുന്നു കുഞ്ഞിനെ നല്ല സ്കൂളിൽ ചേർക്കാനുള്ള പണം വരെ ഞങ്ങൾ സമ്പാദിച്ചു തുടങ്ങി.

ഒടുവിൽ ക്ഷിറ്റിജ എന്ന മകൾ പിറന്നു. വീട്ടിൽ ചിരിയും സന്തോഷവും നിറഞ്ഞു. എല്ലാവരോടും ഏറെ കരുതലുള്ള, ദയയുള്ള ഒരു കുഞ്ഞായി അവൾ വളർന്നു. മൂന്നു വയസ്സുള്ളപ്പോൾ പ്രളയത്തെക്കുറിച്ചുള്ള ഒടു ടെലിവിഷൻ പരിപാടി അവൾ കണ്ടു. അവൾക്ക് വല്ലാതെ സങ്കടമായി. കുറച്ച് ചോക്ലേറ്റുകൾ അവർക്ക് അയച്ചു കൊടുക്കണമെന്ന് അവൾ പറഞ്ഞു. കുടുക്ക പൊട്ടിച്ച് കാശെടുത്ത് അതിന് ചോക്ലേറ്റുകൾ വാങ്ങി അയച്ച ശേഷമാണ് അവൾ അടങ്ങിയത്. ഏതൊരു അച്ഛനമ്മമാർക്കും അഭിമാനം തോന്നുന്ന നിമിഷം.

പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടന്നാണ്. ഒരു ദിവസം രാവിലെ വടാപാവ് തയാറാക്കാനുള്ള ഒരുക്കത്തിലായിരുന്നു എന്റെ അച്ഛൻ. സ്റ്റാളിലെ അടുക്കളയിൽ തിളച്ച എണ്ണ ചൂടാറാൻ വച്ചിരിക്കുയായിരുന്നു.

ആ സമയത്താണ് മകൾ മുത്തച്ഛനെ സമീപിച്ച് അവളുടെ ടീ ഷർട്ടിന്റെ കൈ മടക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടത്. മുത്തച്ഛനു നേരെ അവൾ നീട്ടിയ കൈ തട്ടിയത് തിളച്ചയെണ്ണയിരുന്ന പാത്രത്തിലായിരുന്നു. അതോടെ അതെല്ലാം കൂടി അവളുടെ ശരീരത്തിലേക്ക് മറിഞ്ഞു വീണു. എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും കാലുതെന്നി തിളച്ചയെണ്ണയിലേക്കു തന്നെ വീണു. അവൾ വേദനകൊണ്ട് അലറിക്കരഞ്ഞു. ഞാനും അച്ഛനും കൂടി അവളെ രക്ഷിക്കാൻ ശ്രമിച്ചു. ഞങ്ങൾക്കും പൊള്ളലേറ്റു. പക്ഷേ അതൊന്നും വകവെയ്ക്കാതെ ഞങ്ങൾ അവളെയെടുത്തു കൊണ്ട് ആശുപത്രിയിലേക്കോടി.

ആശുപത്രിയിൽ അവൾക്കു വേണ്ട പ്രാഥമിക ശുശ്രൂഷകൾ ലഭിച്ചു. മികച്ച ചികിൽസയ്ക്കായി നഗരത്തിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അവർ ഞങ്ങളോടു പറഞ്ഞു. പക്ഷേ ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു. ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം പണത്തിനു വേണ്ടി യാചിച്ചു. എന്റെ ഭാര്യ വീട്ടുകാർ ഒരിയ്ക്കൽപ്പോലും കുഞ്ഞിനെ ഒന്നു കാണാൻ പോലും വന്നില്ല. ഒരു സഹായവും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. ആറു ദിവസം കഴിഞ്ഞാണ് അവളെ ആംബുലൻസിൽ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനുള്ള പണമെനിക്ക് ലഭിച്ചത്.

ഇപ്പോൾ അവൾ തീപ്പൊള്ളലേറ്റവരെ പരിചരിക്കുന്ന ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്. മുഖമൊഴികെയുള്ള അവളുടെ ശരീരഭാഗങ്ങളിലെല്ലാം പൊള്ളലേറ്റിട്ടുണ്ട്. ഇനിയും രണ്ടു മാസത്തെ ചികിൽസ കൂടി വേണം. ചികിൽസയ്ക്കാവശ്യമായ പണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നു. ചികിൽസ വൈകുമ്പോഴുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് സമയവും ഡോക്ടർമാരും ഞങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. വേദനകൊണ്ട് പുളഞ്ഞ് അവൾ കരയുന്നതു കാണുമ്പോൾ സഹായത്തിനായി മറ്റുള്ളവരോട് അഭ്യർഥിക്കാനല്ലാതെ എനിക്കൊന്നിനും കഴിയുന്നില്ല.''- നിസ്സാഹനായി ആ അച്ഛൻ പറഞ്ഞു നിർത്തുന്നു.

മികച്ച ചികിൽസ കിട്ടാതെ ദിവസങ്ങൾ കടന്നു പോകുമ്പോൾ, കൊടിയ വേദനയുമായി ആ കുരുന്ന് വേദനയുമായി  മല്ലിടുമ്പോൾ, ഒരിക്കൽ തന്റെ കുഞ്ഞു സമ്പാദ്യം പ്രളയബാധിതർക്കായി നൽകിയ ആ കുഞ്ഞിനെ, നാലുവയസ്സുകാരിയെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ https://www.impactguru.com/fundraiser/help-baby-kshitija ലൂടെ അവൾക്ക് വേണ്ട സഹായങ്ങൾ നൽകുക. അതിനു കഴിയില്ലെങ്കിൽ അവളെ സഹായിക്കാൻ കഴിയുന്നവർക്ക് ഈ ലിങ്ക് അയച്ചു കൊടുക്കുക.

Father Seeks Help to save His Daughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA