sections
MORE

മകളെ മുലയൂട്ടാനായില്ല, ജനിച്ച് മൂന്നുമണിക്കൂറിനകം മകൻ മരിച്ചു; മുലപ്പാൽ ദാനം ചെയ്ത് അമ്മ

Sierra Strangfeld With Husband And Newborn Son
സിയാര സ്ട്രാങ്ഫീൽഡ് ഭർത്താവിനും കുഞ്ഞിനുമൊപ്പം, ബ്രസ്റ്റ് മിൽക്ക് ബാങ്കിൽ നൽകാനുള്ള മുലപ്പാലുമായി സിയാര
SHARE

കാത്തിരുന്ന കൺമണിയെ ജീവനോടെ കാണാൻ കഴിഞ്ഞത് വെറും മൂന്നു മണിക്കൂർ മാത്രമാണെങ്കിലും ആ അമ്മയ്ക്ക് നല്ലൊരു തീരുമാനമെടുക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല. മകനായി നെഞ്ച് പാൽ ചുരത്തിയപ്പോൾ അമ്മ മടി കൂടാതെ അത് ശേഖരിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്കും മുലപ്പാൽ കുടിക്കാൻ ഭാഗ്യം ലഭിക്കാത്ത കുഞ്ഞുങ്ങൾക്കുമായി അവർ അതു ദാനം ചെയ്തു. യുഎസിലാണ് സംഭവം.

സിയാര സ്ട്രാങ്ഫീൽഡ് എന്ന യുവതിയാണ് മകന്റെ തീരാനഷ്ടത്തിലും നന്മചെയ്തുകൊണ്ട് ഒരുപാടു കുഞ്ഞുങ്ങൾക്കായി തന്റെ മുലപ്പാൽ ദാനം ചെയ്തത്. നീണ്ട 63 ദിവസമാണ് ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് മുലപ്പാൽ ശേഖരിച്ച് ബ്രസ്റ്റ് മിൽക്ക് ബാങ്ക് വഴി അത് അർഹതപ്പെട്ട കുഞ്ഞുങ്ങളിലേക്ക് സിയാര എത്തിച്ചത്. ഗർഭത്തിന്റെ 20–ാം ആഴ്ചയാണ് കുഞ്ഞിന് ജനിതക വൈകല്യമുണ്ടെന്ന് സിയാരയും ഭർത്താവും അറിയുന്നത്. ട്രിസോമി 18 എന്ന ജനിതക വൈകല്യമാണ് കുഞ്ഞിെന ബാധിച്ചത്. ഇത്തരം അവസ്ഥയിൽ കുഞ്ഞുങ്ങൾ ശരീരത്തിനും അവയവങ്ങൾക്കും അംഗവൈകല്യവുമായാണ് ജനിക്കുക. ജീവനോടെ ജനിച്ചാലും 24 മണിക്കൂർ പോലും അവർക്ക് ആയുസ്സുണ്ടായിരിക്കുകയുമില്ല.

കുഞ്ഞ് ഗർഭപാത്രത്തിൽ വച്ചു തന്നെ മരിക്കാൻ സാധ്യതയുണ്ടെന്നു ‍ഡോക്ടറിൽ നിന്നു മനസ്സിലാക്കിയ സിയാര ശസ്ത്രക്രിയയ്ക്കു വിധേയയായി കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ തന്റെ സമ്മതമറിയിച്ചു. അങ്ങനെ ഏതാനും മണിക്കൂറുകൾ മാത്രം ജീവനുള്ള കുഞ്ഞിനൊപ്പം ചെലവഴിക്കാൻ അവർക്ക് കഴിഞ്ഞു. കുഞ്ഞിനെക്കുറിച്ചുള്ള ഓർമ്മകൾ എന്നെന്നും ജ്വലിച്ചു നിൽക്കാനാണ് എൻഐസിയു ബാങ്ക് വഴി 500 ഔൺസ് മുലപ്പാൽ മറ്റു കുഞ്ഞുങ്ങൾക്കുവേണ്ടി ദാനം ചെയ്തത് എന്നാണ് സിയേര എന്ന അമ്മ പറയുന്നത്.

മകന്റെ വേർപാടിൽ ഉള്ളു നീറുമ്പോഴും മറ്റുള്ള കുഞ്ഞുങ്ങൾക്കായി നന്മ ചെയ്ത അമ്മയുടെ കഥയിങ്ങനെ :-

ഏറെ സന്തോഷത്തോടെയാണ് സിയാരയും ഭർത്താവ് ലീ യും തങ്ങളുടെ കുടുംബത്തിലേക്കെത്തുന്ന രണ്ടാമത്തെ അതിഥിയെ വരവേൽക്കാൻ തയാറെടുത്തത്. ആദ്യത്തെ പെൺകുഞ്ഞിന് 18 മാസം മാത്രമാണ് പ്രായമെങ്കിലും അവളെ മുലയൂട്ടാനുള്ള  ഭാഗ്യം സിയാരയ്ക്ക് ലഭിച്ചിരുന്നില്ല. കുഞ്ഞിന്റെ നാക്കിന് ചെറിയ വൈകല്യമുണ്ടായിരു ന്നതുകൊണ്ട് സാധാരണ കുഞ്ഞുങ്ങളെപ്പോലെ മുലപ്പാൽ കുടിക്കാൻ അവൾക്കാകുമായിരുന്നില്ല. പക്ഷേ ഉടൻ തന്നെ വീണ്ടും അമ്മയാകാനുള്ള ഭാഗ്യം ലഭിച്ചപ്പോൾ ഈ കുഞ്ഞിനെയെങ്കിലും മുലയൂട്ടി വളർത്താമല്ലോ യെന്നാണ് സിയാര പ്രതീക്ഷിച്ചത്. പക്ഷേ ഗർഭത്തിന്റെ 20–ാം ആഴ്ച ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ കുടുംബം വല്ലാതെ വിഷമിച്ചു. എങ്കിലും ആ ഗർഭം അലസിപ്പിക്കണമെന്ന് ഒരു തവണപോലും ആ കുടുംബം ചിന്തിച്ചില്ല.

ട്രിസോമി 18 എന്ന ജനിതക വൈകല്യമുള്ള കുഞ്ഞ് അംഗവൈകല്യത്തോടെ ജനിക്കും, അല്ലെങ്കിൽ ചാപിള്ളയായി ജനിക്കും എന്ന ഡോക്ടർമാരുടെ  മുന്നറിയിപ്പ് അവരെ തളർത്തിയില്ല. അവരുടെ പ്രതീക്ഷപോലെ സാമുവൽ ലീ എന്ന കുഞ്ഞ് ജീവനോടെ തന്നെ പിറന്നു. മാസംതികയും മുൻപേയായിരുന്നു അവന്റെ ജനനം. കേവലം മൂന്നു മണിക്കൂർ നേരത്തെ സന്തോഷം അച്ഛനമ്മമാർക്കു നൽകിക്കൊണ്ട് അവൻ ഈ ലോകത്തു നിന്നും വിടവാങ്ങി.

കുഞ്ഞിന്റെ ജനനവും മരണവും സംഭവിച്ച ആ മൂന്നുമണിക്കൂറിന്റെ ഇടവേളയിലാണ് മുലപ്പാൽ ദാനം ചെയ്യണമെന്ന് സിയേര തീരുമാനിക്കുന്നത്. അങ്ങനെയാണ് എൻ ഐ സി യു ബ്രസ്റ്റ് മിൽക്ക് ബാങ്ക് വഴി മുലപ്പാൽ ദാനം ചെയ്യാൻ ആരംഭിച്ചത്.

കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നിട്ടും. ഗർഭമലസുക എന്ന ഓപ്ഷനെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും, ദൈവം നൽകിയ ആ വിലപ്പെട്ട സമ്മാനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും, അവന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്താനായി എന്തു ചെയ്യാനും തയാറായിരുന്നുവെന്നും അവർ പറയുന്നു.

ട്രിസോമി 18 എന്ന വൈകല്യം എഡ്വേഡ് സിൻഡ്രോം എന്നും അറിയപ്പെടുന്നുണ്ട്. കോശങ്ങളുടെ വിഭജനത്തിൽ സംഭവിക്കുന്ന തകരാറുകളാണ് ഈ ജനിതക വൈകല്യത്തിനു കാരണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണക്കനുസരിച്ച് 5000 ൽ ഒരു കുട്ടിക്ക് ഇത്തരം അവസ്ഥ വരാറുണ്ട്. ഈ അവസ്ഥയിലുള്ള കുഞ്ഞുങ്ങൾ ജീവനോടെ ജനിക്കാൻ സാധ്യത കുറവാണെങ്കിലും 75 ശതമാനം കുഞ്ഞുങ്ങൾ 24 മണിക്കൂറിലധികം അതിജീവിച്ചിരുന്നു. അതീജീവിച്ചവരിൽ 5 ശതമാനം പോലും ഒരു വയസ്സിനപ്പുറം ജീവിക്കാറില്ല.

കുഞ്ഞിനൊപ്പം ചിലവഴിച്ച നിമിഷങ്ങളെക്കുറിച്ച് അമ്മ പറയുന്നതിങ്ങനെ :-

''അവനെ എന്റെ ശരീരത്തോടു ചേർത്തപ്പോൾ അവന്റെ ഹൃദയമിടുപ്പു കൂടി, അവന്റെ ശ്വാസഗതിയും വർധിച്ചു. അവൻ അമ്മയോടൊപ്പമാണെന്ന് തിരിച്ചറിയുകയായിരുന്നോ ആ നിമിഷങ്ങളിൽ. ആ മൂന്നു മണിക്കൂറിനുള്ളിൽ ചിലപ്പോഴൊക്കെ അവൻ ചെറുതായി കരഞ്ഞു. ആ മണിക്കൂറുകളിലെല്ലാം അവന്റെ കുഞ്ഞു ശരീരത്തിലേക്ക് ഞങ്ങൾ നോക്കിക്കൊണ്ടിരുന്നു. മണിക്കൂറുകൾ നിമിഷങ്ങൾ പോലെയാണ് അപ്പോൾ ഞങ്ങൾക്ക് തോന്നിയത്''.

കുഞ്ഞിന്റെ വിയോഗത്തെക്കുറിച്ചും മുലപ്പാൽ ദാനം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ട് ആ അമ്മ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് 4500 ൽ അധികം പ്രാവശ്യമാണ് പങ്കുവയ്ക്കപ്പെട്ടത്.

'' എനിക്ക് സാമുവലിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പക്ഷേ എനിക്ക് മറ്റു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയും. ഇതുമാത്രമാണ് എന്റെ മകനെയും എന്നെയും ഭൂമിൽ ബന്ധിപ്പിക്കുന്ന ഒരു ഘടകം. അവനുവേണ്ടി ഇതു മാത്രമേ എനിക്ക് ചെയ്യാൻ കഴിയൂ. അവൻ എന്നെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം''.

63 ിവസം കൊണ്ട് 500 ഔൺസ് മുലപ്പാലാണ് സിയേര ബ്രസ്റ്റ്മിൽക്ക് ബാങ്കിന് നൽകിയത്. അതിനെക്കുറിച്ച് അവർ പറയുന്നതിങ്ങനെ :-

'' അതൊരു നല്ല അനുഭവമായിരുന്നു. ആവശ്യമുള്ള ആളുകളെ സഹായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. ഇത് വൈകാരികമായ ഒരു അനുഭവം കൂടിയാണ്. ഞാൻ മൂലയൂട്ടുന്നത് അപരിചതരായ ആളുകളുടെ കുട്ടികളെയാണ്. പക്ഷേ എനിക്ക് എന്റെ കുഞ്ഞുങ്ങളെ മുലയൂട്ടാൻ കഴിഞ്ഞിട്ടേയില്ല. മകന് സംഭവിച്ച ജനിതക വൈകല്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകാൻ ഭാവിയിൽ ഒരു സ്ഥാപനം തുടങ്ങാൻ ആഗ്രഹമുണ്ട്.''

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA