മകന്റെ കോണ്ടം പരാമർശം, നാണക്കേട്, കൈകൂപ്പി മാപ്പുചോദിക്കണമെന്ന് അമ്മ; വിഡിയോ

Daniel Shravan, Mother
ഡാനിയേൽ ശ്രാവൺ, അമ്മ
SHARE

സ്ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയ തെലുങ്ക് സംവിധായകൻ ഡാനിയേൽ ശ്രാവണിനെതിരെ അമ്മ രംഗത്ത്. മകൻ നടത്തിയ ഹീനമായ പരാമർശത്തെക്കുറിച്ച് അമ്മയോടു സംസാരിക്കാനെത്തിയ സ്ത്രീകൾ പുറത്തുവിട്ട വിഡിയോയിലാണ് മകന്റെ പ്രതികരണങ്ങളെയോർത്ത് താൻ ലജ്ജിക്കുന്നുവെന്ന് ആ അമ്മ തുറന്നു പറഞ്ഞത്. സ്ത്രീകളെകളെക്കുറിച്ച് മോശം പരാമർശം നടത്തിയതിന് അവരോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആ അമ്മ മകനോടു പറയുന്നു.

തെലങ്കാനയിലെ വെറ്റിനറി ഡോക്ടറുടെ അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഡാനിയേൽ ശ്രാവൺ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. പുരുഷന്മാരുടെ ലൈംഗിക അസംതൃപ്തിയിൽ നിന്നാണ് ബലാൽസംഗം നടക്കുന്നതെന്നും അക്രമികളോട് സ്ത്രീകൾ സഹകരിക്കണമെന്നും അങ്ങനെയാണെങ്കിൽ കൊല്ലപ്പെടാതിരിക്കുമെന്നുമായിരുന്നു അയാളുടെ കുറിപ്പ്.

ബലാൽസംഗം നിയമ വിധേയമാക്കണമെന്നും ബലാ‍ൽസംഗത്തിന് ശിക്ഷ ലഭിക്കുമോയെന്ന ചിന്തയാണ് സ്ത്രീകളെ കൊല്ലാൻ അക്രമികളെ പ്രേരിപ്പിക്കുന്നതെന്നും അയാൾ കുറിച്ചു. സ്ത്രീകൾക്ക് ഒരു ഉപദേശം നൽകാനും അയാൾ മറന്നില്ല. 100 എന്ന നമ്പറിൽ പൊലീസിനെ വിളിക്കുന്നതിനു പകരം കോണ്ടം കൊണ്ടു നടക്കണമെന്നും, സ്ത്രീകൾ വഴങ്ങാത്തതുകൊണ്ടാണ് മറ്റൊരു വഴിയുമില്ലാതെ അവർ സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതെന്നുമാണ് ക്രൂരമായ വാക്കുകളുപയോഗിച്ച് അയാൾ എഴുതിയത്.

ശ്രാവണിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വളരെ വലിയ വിമർശനത്തിനാണ് വഴിതുറന്നത്. കുടുംബത്തിലെ സ്ത്രീകൾക്ക് നിങ്ങൾ ഇതേ ഉപദേശം കൊടുക്കുമോയെന്നാണ് ചിലർ ആ കുറിപ്പിനോട് പ്രതികരിച്ചത്. ശ്രാവണിന്റെ കുറിപ്പ് വിവാദമായതിനെത്തുടർന്നാണ് സ്ത്രീ കൂട്ടായ്മയായ നാരീസേന ശ്രാവണിന്റെ കുടുംബത്തെ സമീപിച്ചത്. മകന്റെ ചെയ്തികളെക്കുറിച്ച് അമ്മയെ ബോധ്യപ്പെടുത്തുകയും. ആ വിഷയത്തിൽ അമ്മയുടെ അഭിപ്രായം ആരായുകയുമാണ് അവർ ചെയ്തത്. അതിനു ശേഷം ആ സംഭവത്തിന്റെ ഒരു യുട്യൂബ് വിഡിയോ അവർ പങ്കുവച്ചു.

മകൻ സമൂഹമാധ്യമത്തിൽ കുറിച്ചതെന്താണെന്ന് ആ അമ്മയ്ക്കറിയില്ലായിരുന്നു. തുടർന്ന്  സ്ത്രീകൾ  മകൻ എന്താണ് എഴുതിപ്പിടിപ്പിച്ചതെന്ന് അമ്മയെ ധരിപ്പിച്ചു. മകന്റെ മോശം പരാമർശത്തെക്കുറിച്ചറിഞ്ഞ് ഞെട്ടിപ്പോയ ആ അമ്മ മകനെഴുതിയതിനെക്കുറിച്ച് ലജ്ജ തോന്നുന്നുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ശ്രാവണിനെ അഭിസംബോധന ചെയ്തുകൊണ്ട് ഒരിക്കലും ഒരു സ്ത്രീയെക്കുറിച്ചും ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ല എന്ന് താക്കീത് നൽകി. ഒപ്പം സ്ത്രീകളോട് കൈകൂപ്പി മാപ്പുചോദിക്കാനും നിർദേശിച്ചു.

സംഭവം വിവാദമായതോടെ ഫെയ്സ്ബുക്ക് കുറിപ്പ് പിൻവലിച്ച ശ്രാവൺ അത് തന്റെ വാക്കുകളല്ലെന്നും തന്റെ പുതിയ പ്രൊജക്റ്റിലെ വില്ലന്റെ സംഭാഷണമാണതെന്നും പറഞ്ഞുകൊണ്ട് തടിതപ്പാൻ ശ്രമിക്കുകയാണ്. ശ്രാവണിനെതിരെ നിയമനടപടി വേണമെന്ന് പരക്കെ അഭിപ്രായമുയർന്നതോടെയാണ് പുതിയ നീക്കം.

തെലങ്കാനയിലെ വെറ്റിനറി ഡോക്ടറുടെ മരണത്തെത്തുടർന്ന് പലരും തങ്ങളുടെ മനസ്സിലുള്ള ക്രൂരതകൾ മുഴുവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. അടുത്തിടെ ഇരയെക്കുറിച്ച് മോശമായ പോസ്റ്റിട്ട 22കാരനെ  ഹൈദരാബാദ് പൊലീസിലെ സൈബർ സെൽ അറസ്റ്റ് ചെയ്തിരുന്നു.

English Summery : Daniel Shravan’s mother says she is ashamed of her son’s comments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA