ADVERTISEMENT

ദിവസം 12 കിലോമീറ്റർ യാത്ര ഈ അച്ഛന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പെൺമക്കളെ സ്കൂളിൽ കൊണ്ടാക്കുന്നതു മുതൽ അവർ തിരിച്ചു വരുന്നതുവരെ ക്ലാസിനു വെളിയിൽ കാത്തിരിക്കും. പിന്നെ പെൺമക്കളുമായി ഉല്ലാസത്തോടെ മടക്കം. സമൂഹമാധ്യമങ്ങളിലൂടെയാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അച്ഛന്റെ കഥ പുറംലോകമറിഞ്ഞത്.

അഫ്ഗാനിസ്ഥാനിലെ ഷരാനയിൽ താമസിക്കുന്ന മിയ ഖാൻ എന്നയാളാണ് പെൺമക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ദിവസവും 12 കിലോമീറ്ററോളം സഞ്ചരിക്കുന്നത്. ആ പ്രദേശത്തെ എൻജിഒ ആയ സ്വീഡിഷ് കമ്മറ്റി ഫോർ അഫ്ഗാനിസ്ഥാനാണ് അച്ഛന്റെ ദിനചര്യയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

സ്വീഡിഷ് കമ്മിറ്റി ഫോർ അഫ്ഗാനിസ്ഥാൻ നടത്തുന്ന നുറാനിയ സ്കൂളിലാണ് മിയാഖാന്റെ മൂന്നു പെൺമക്കളും പഠിക്കുന്നത്. ദിവസവും മോട്ടോർ സൈക്കിളിൽ 12 കിലോമീറ്ററോളം സഞ്ചരിച്ചാണ് മിയാഖാൻ മക്കളുമായി സ്കൂളിലെത്തുന്നത്. ശേഷം കുട്ടികളുടെ ക്ലാസ് തീരുന്നതു വരെ കാത്തിരുന്ന ശേഷം അവരുമായി മടങ്ങും.

ഈ ദിനചര്യയെക്കുറിച്ച് ചോദിച്ചാൽ മിയാഖാൻ പറയുന്നതിങ്ങനെ :-

'' എനിക്ക് വിദ്യാഭ്യാസമില്ല. ഞാൻ ദിവസവേതനക്കാരനാണ്. പക്ഷേ എന്റെ മക്കളുടെ വിദ്യാഭ്യാസം എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഞങ്ങളുടെ ഗ്രാമത്തിൽ വനിതാ ഡോക്ടർമാരില്ല. എന്റെ ആൺമക്കളെപ്പോലെ തന്നെ പെൺമക്കള്‍ക്കും വിദ്യാഭ്യാസം നൽകണമെന്നത് എന്റെ ആഗ്രഹമാണ്.

അച്ഛനെക്കുറിച്ചും പഠിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചും മിയാഖാന്റെ മക്കളിലൊരാളായ റോസി പറയുന്നതിങ്ങനെ :-

'' ഞാനിപ്പോൾ ആറാം ക്ലാസിലാണ് പഠിക്കുന്നത്. പഠിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അച്ഛനോ സഹോദരനോ ദിവസവും മോട്ടോർ സൈക്കിളിൽ ഞങ്ങളെ സ്കൂളിലെത്തിക്കും. തിരികെ കൊണ്ടുപോകാൻ എത്തുകയും ചെയ്യും''.

സമൂഹമാധ്യമങ്ങളിലൂടെ ഈ അച്ഛന്റെ കഥയറിഞ്ഞയാളുകൾ അച്ഛനെ അഭിനന്ദനങ്ങൾ കൊണ്ടുപൊതിയുകയാണ്. ഈ അച്ഛനെക്കുറിച്ചോർക്കുമ്പോൾ അഭിമാനവും ബഹുമാനവും തോന്നുന്നുവെന്നാണ് ഭൂരിപക്ഷം ആളുകളും കുറിച്ചത്.

English Summery : Father Travels 12 Km Daily To Take Daughters To School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com