ADVERTISEMENT

ഒരിക്കലും ഉണക്കാനാകാത്ത മുറിവുകൾ മാത്രമാകും വിവാഹമോചനശേഷം പലരിലും അവശേഷിപ്പിക്കുക. ചിലരൊക്കെ ആ വേദനകളെ വേഗം അതിജീവിച്ച് പുതിയ പ്രണയം കണ്ടെത്തും, ചിലർ ചിലപ്പോൾ വർഷങ്ങളെടുക്കും. വിവാഹമോചനത്തിനു ശേഷം നടത്തിയ ആദ്യ യാത്രയിൽത്തന്നെ ജീവിതം ഒരു ആത്മാർഥ പ്രണയം വച്ചു നീട്ടിയപ്പോൾ അത് ഇരുകൈയും നീട്ടി സ്വീകരിച്ച സുന്ദര പ്രണയകഥ പങ്കുവയ്ക്കുകയാണ് മുംബൈയിൽ നിന്നുള്ള കുടുംബം. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കുടുംബനാഥൻ ജീവിതം നൽകിയ സെക്കന്റ് ചാൻസിനെക്കുറിച്ച് തുറന്നു പറഞ്ഞത്.

'' 2014 ൽ ആയിരുന്നു ആ യാത്ര. വിവാഹമോചനത്തിനു ശേഷം യാത്ര ചെയ്യാൻ ഞാൻ തീരുമാനിച്ചു. തെക്കു കിഴക്കൻ ഏഷ്യയിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും വിയറ്റ്നാമിൽ ഞാൻ പോയിട്ടില്ലായിരുന്നു. പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ ആ യാത്രയായിരുന്നു ഞാൻ ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ഞാൻ തിരിച്ചറിയുന്നു. ആ യാത്രയിൽ മറ്റൊരു സഞ്ചാരിയുമായി ഞാൻ സൗഹൃദത്തിലായി. അവരുടെ വീട്ടിൽ നടക്കുന്ന ഒരു പാർട്ടിയിൽ പങ്കെടുക്കാൻ അവരെന്നെ ക്ഷണിച്ചു. 

ജീവിതത്തിലാദ്യമായി സന്തോഷം എന്താണെന്ന് ഞാൻ അറിഞ്ഞത് അന്നാണ്. അവൾ സന്തോഷവതിയായിരുന്നു, സുന്ദരിയും. ഞാൻ അവളോട് സംസാരിച്ചു കൊണ്ടേയിരുന്നു. കുറച്ച് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് അവൾ ഒരു സിംഗിൾ മദറാണെന്ന് ഞാനറിഞ്ഞത്. അവൾ വിവാഹമോചിതയാണ്. അവൾക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. വികൃതികളായ അവരെ അവൾ വളർത്തുന്ന രീതി എന്നെ വല്ലാതെ ആകർഷിച്ചു. എന്റെ മനസ്സിൽ അവൾ ഒരു സൂപ്പർ ഹീറോ ആയിരുന്നു. സുഹൃത്തുക്കളാകും മുൻപു തന്നെ ഞങ്ങളിരുവരുടെയും മനസ്സിൽ പ്രണയം പൂവിട്ടിരുന്നു.

കുറച്ചു ദിവസങ്ങൾക്കം എനിക്ക് ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമായിരുന്നു. പക്ഷേ പെട്ടന്ന് എനിക്ക് അസുഖം പിടിപെട്ടതുകൊണ്ട് വിസയുടെ കാലാവധി നീട്ടിയെടുത്തു. കുറച്ചു ദിവസങ്ങൾ കൂടി അവൾക്കൊപ്പം കഴിഞ്ഞു. അവളുടെ കുഞ്ഞുങ്ങളുമായും ഞാൻ നന്നായി അടുത്തു. ഞാൻ അവളുമായി പൂർണ്ണമായും പ്രണയത്തിലായി. തിരികെപ്പോകാൻ എനിക്ക് മനസ്സു വരുന്നില്ലായിരുന്നു. പക്ഷേ മനസ്സില്ലാ മനസ്സോടെ ഞാൻ ഇന്ത്യയിലേക്കു മടങ്ങി.

തിരികെ വന്നിട്ടും അവളെ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ എനിക്കായില്ല. അവൾ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നതും, അവളുടെ കഠിനാധ്വാനവും, കുഞ്ഞുങ്ങളോടുള്ള കരുതലുമെല്ലാം മനസ്സിൽ നിറഞ്ഞു. അവൾ ഒപ്പം വേണമെന്ന് ഞാൻ ആഗ്രഹിച്ചു.

ഉടൻ തന്നെ ടിക്കറ്റെടുത്ത് ഞാൻ അവളുടെ അരികിലേക്ക് പറന്നു. എന്റെ ഉള്ളിലുള്ള കാര്യങ്ങൾ അവളോടു പറഞ്ഞു. അവൾക്കും അങ്ങനെ തന്നെ തോന്നിയെന്ന് അവൾ എന്നോടു പറഞ്ഞു. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഞാൻ അവളുടെ വീട്ടുകാരുമായി സംസാരിച്ചു. എന്റെ ശിഷ്ട ജീവിതം അവൾക്കൊപ്പം പങ്കുവയ്ക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ പിറന്നാൾ ദിവസം അവൾക്കു മുന്നിൽ മുട്ടുകുത്തി നിന്ന് ഞാൻ അവളോടെന്റെ പ്രണയം തുറന്നു പറഞ്ഞു. അവൾ സമ്മതം മൂളി.

ഇപ്പോൾ ‍ഞങ്ങൾ ഗോവയിലാണ്.  ഞങ്ങൾക്ക് യോജിച്ച ലൊക്കേഷനാണിത്. ഞങ്ങളിരുവരും സഞ്ചാരികളാണ്. ഇപ്പോൾ ഞങ്ങൾ സഞ്ചാരികളുടെ ആതിഥേയരാണ്. ഇപ്പോൾ ഞങ്ങൾക്ക് ഒരു മകൾ കൂടിയുണ്ട്. മൂന്നു കുട്ടികളുടെ ചിരികളികൾ കാണാനായി ദൈവം തന്ന ഒരു സെക്കന്റ് ചാൻസാണിത്. എനിക്കാകെ ബുദ്ധിമുട്ടായി തോന്നിയത് വിയറ്റ്നാംകാരുടെ ഭക്ഷണമാണ്. എരിവും പുളിയുമില്ലാത്ത ഒരു വികാരവുമില്ലാത്ത ഭക്ഷണമാണ്. അത്തരം രുചികളുമായി പൊരുത്തപ്പെടാൻ ഞാൻ പഠിച്ചു കഴിഞ്ഞു.എന്തിനും അവൾ എന്റെയൊപ്പമുണ്ടല്ലോ. എപ്പോഴും ഇന്ത്യൻ ഭക്ഷണം എന്തു സ്പൈസിയാണെന്ന് പരാതി പറഞ്ഞുകൊണ്ട്.

English Summery : Heart Touching Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com