sections
MORE

കൂടെപിറപ്പിന്റെ മരണം കണ്ടു, താളം തെറ്റിയ ജീവിതം തിരിച്ചു പിടിച്ചത് ബിസിനസ്സിലൂടെ; കണ്ണു നിറയ്ക്കും കഥ

loving-sister-01
SHARE

അത്രയും പ്രിയപ്പെട്ട ഒരാളെ പെട്ടന്നൊരു ദിവസം നഷ്ടപ്പെടുമ്പോഴുള്ള വേദന, അതിൽ നിന്നും കരകയറാൻ നടത്തുന്ന വിഫല ശ്രമങ്ങൾ ഒടുവിലൊരു ദിവസം അവരുടെ ഓർമകൾ നൽകുന്ന കരുത്തിൽ ജീവിതം കരുപ്പിടിപ്പി

ക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം. അങ്ങനെയൊരു അതിജീവനത്തിന്റെ കഥ പറയുകയാണ് ഇവിടെയൊരു പെൺകുട്ടി. മുംബൈ സ്വദേശിനിയായ അവൾ തന്റെ കഥ പങ്കപവയ്ക്കുന്നത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ്.

''വളരുന്തോറും എന്റെ ഏറ്റവും മുതിർന്ന സഹോദരനായ രഞ്ജിത്തിനോട് എനിക്ക് ഇഷ്ടം കൂടിക്കൂടി വന്നു. അവൻ സ്കൂളിൽ പോകുമ്പോഴൊക്കെ ഞാൻ വിഷമിച്ചു കരയുമായിരുന്നു. അവനെ സ്കൂളിലാക്കി വരുമ്പോഴും ഞാൻ വല്ലാതെ സങ്കടപ്പെട്ടിരുന്നു. ഒരിക്കൽ അവന് ചിക്കൻപോക്സ് പിടിപെട്ടു. അവനെ കാണാൻ വാശിപിടിച്ചു ഞാൻ കരഞ്ഞു. പക്ഷേ എനിക്ക് അവന്റെയരികിലേക്ക് പോകാൻ സാധിച്ചില്ല. അവൻ കിടക്കുന്ന മുറിയുടെ ജനലിനു താഴെയിരുന്ന് നാലു മണിക്കൂറോളം ഞാൻ സംസാരിച്ചു. അവൻ നല്ല തമാശക്കാരനും പ്രശസ്തനുമായിരുന്നു. രഞ്ജിത്തിന്റെ സഹോദരിയെന്നാണ് ‍ഞാൻ അറിയപ്പെട്ടിരുന്നത്. എന്നെ അങ്ങനെ തിരിച്ചറിയുന്നതിൽ എനിക്കതിയായ സന്തോഷമുണ്ടായിരുന്നു.

പക്ഷേ 2005ലാണ് എല്ലാം തകിടം മറിഞ്ഞത്. 24–ാം പിറന്നാളിന് ഒരു മാസം കൂടി ബാക്കിയുള്ളപ്പോഴായിരുന്നു അവനൊരു ബൈക്ക് അപകടത്തില്‍പ്പെട്ടത്. രാത്രി 11.30 നാണ് അവനെ വീട്ടിൽ കൊണ്ടു വന്നത്. ആ രാത്രി വെളുക്കുവോളം അവന്റെ തലയിൽ തലോടി അവനോട് ഉണരൂവെന്ന് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അവൻ ഉണർന്നതേയില്ല. ആറടി നീളമുള്ള അവനെ ഒരുപിടി ചാരമായി ഞങ്ങളുടെ കൈയിൽ കിട്ടിയപ്പോൾ ജീവിതത്തിൽ അന്നേോളം കരഞ്ഞിട്ടില്ലാത്തത്ര വേദനയിൽ ഞാനുറക്കെ കരഞ്ഞു. എന്റെ ഹൃദയം ആരോ പച്ചയ്ക്ക് വലിച്ചു കീറിയതായി എനിക്കു തോന്നി. എനിക്കവനെ മാത്രമല്ല നഷ്ടപ്പെട്ടത്. അവന് ഭാവിയിൽ ഉണ്ടാകേണ്ടിയിരുന്ന കുടുംബത്തെ, അവന്റെ മക്കളെ അങ്ങനെ ഒരുപാടൊരുപാട് സൗഭാഗ്യങ്ങളായിരുന്നു.

പകൽ ഉറങ്ങി, രാത്രിയിൽ ഉണർന്നിരിക്കുന്നതു ഞാൻ ശീലമാക്കി. അച്ഛനും അമ്മയും കരയുന്നതു കാണാൻ എനിക്ക് കഴിയില്ലായിരുന്നു. ഒരു വർഷത്തോളം വീടിനു പുറത്തിറങ്ങാതെ ഞാൻ കഴിഞ്ഞു. ആ സമയത്താണ് എന്റെയൊരു സുഹൃത്ത് എന്നെ വിളിക്കുന്നത്. അയാളുടെ അധ്യാപകർക്കു കൊടുക്കാൻ കുറച്ചു സമ്മാനങ്ങൾ

വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞു. എന്റെ ശ്രദ്ധ എന്തിലേക്കെങ്കിലും തിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന സമയമായതുകൊണ്ട് സമ്മാനങ്ങൾ ഞാൻ പൊതിയട്ടെയന്നു ചോദിച്ചു. അതാണ് പിന്നെ എന്റെ ജീവിതം തന്നെ വഴി തിരിച്ചു വിട്ടത്.

ഗിഫ്റ്റ് പൊതിഞ്ഞതിന് പൈസ നൽകേണ്ടി വന്നുവെന്നാണ് സുഹൃത്തിന്റെ സഹോദരി വിചാരിച്ചത്. അങ്ങനെയല്ല എന്നു തിരിച്ചറിഞ്ഞപ്പോൾ ഇത് ഒരു പ്രൊഫഷനാക്കിക്കൂടേയെന്ന് അവൾ എന്നോടു ചോദിച്ചു. അങ്ങനെയാണ് റാപ്പിസ്റ്റിയുടെ പിറവി. സഹോദരന്റെ പേരിന്റെ ഇനീഷ്യൽ ആയ ആർ പി ഡബ്ല്യൂ കൂടി ചേർത്താണ് ബിസിനസ്സിന് അങ്ങനെയൊരു പേരിട്ടത്. ആ പേപ്പറുകളും റിബണുകളും ഞങ്ങളുടെ ജീവിതത്തിലും നിറങ്ങൾ നിറച്ചു. ഇതൊരു ജോലിയാണെന്ന് ആരും വിശ്വസിച്ചില്ല. കുറേപ്പേർ എന്നെ കളിയാക്കി. ‍ഞാനതൊന്നും ശ്രദ്ധിച്ചതേയില്ല. ഞാൻ എന്നെത്തന്നെ വീണ്ടും കണ്ടെത്തുകയായിരുന്നു.

ഇപ്പോൾ 8 വർഷമായി എന്റെ ബ്രാൻഡിൽ ഞാൻ സമ്മാനങ്ങൾ പൊതിയാനുള്ള വസ്തുക്കൾ വിൽക്കുകയും വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും മറ്റും ചെയ്യുന്നു. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. എന്നെയോർത്ത് എന്റെ മാതാപിതാക്കൾക്ക് അഭിമാനമുണ്ട്. എന്റെ സഹോദരൻ ആഗ്രഹിച്ചതുപോലെ എല്ലാം നടക്കുന്നുണ്ട്.

ഇന്നും അവൻ എന്റെ ഹൃദയത്തിൽ ജീവിക്കുന്നുണ്ട്. അവനെ ചികിൽസിച്ച ഡോക്ടർ പറഞ്ഞത് അവസാന ശ്വാസം വരെയും അവൻ എന്നെക്കുറിച്ചാണ് സംസാരിച്ചതെന്നാണ്. ഇന്നും ഞാനവനെ മിസ് ചെയ്യുന്നുണ്ട്. എത്ര വർഷം കഴിഞ്ഞാലും അത്തരം ഓർമകളിൽ നിന്ന് പുറത്തു കടക്കാനാവില്ല. അവൻ ഞങ്ങളെ വിട്ടുപോയെങ്കിലും അവന്റെ ധൈര്യത്തിൽ കുറച്ച് എനിക്കും തന്നു. ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട് എന്റെ ഈ ജോലിയെക്കുറിച്ച് അവൻ എന്താകും ചിന്തിക്കുകയെന്ന്. ജീവിക്കാനായി ഗിഫ്റ്റുകൾ പൊതിയുന്ന എന്നെ ചിലപ്പോൾ ആരും കാണാതെ അവൻ കളിയാക്കി ചിരിക്കുന്നുണ്ടാകും. പക്ഷേ അവൻ അഭിമാനിക്കുന്നുണ്ടാവുമെന്ന് തീർച്ചയാണ്.

English Summary : Heart Touching story about brother sister relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA