ADVERTISEMENT

ക്രിസ്മസ് ആഘോഷത്തിൽ ആർക്കും അവകാശപ്പെടാനില്ലാത്ത വ്യത്യസ്തതയുമായി ഒരു കുടുംബം. അമേരിക്കയിലെ മിഷിഗണിലെ ഒരു കുടുംബമാണ് അഭിമാനത്തോടെ, ആഘോഷപൂർവം ക്രിസ്മസ് കൊണ്ടാടുന്നത്; അതും അവരുടേതുമാത്രം രീതിയിൽ. മിഷിഗൺ കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷത്തെ വ്യത്യസ്തമാക്കുന്നത് കേക്കാണ്. ഒരു ഫ്രൂട്ട് കേക്ക്. കേക്കിൽ പുതുമയോ എന്ന ചോദിക്കുന്നവർ ഈ ഫ്രൂട്ട് കേക്കിന്റെ പ്രായം കൂടി അറിയണം. ഒന്നോ രണ്ടോ ദിവസമോ ആഴ്ചകളോ അല്ല ഒന്നര നൂറ്റാണ്ട് പ്രായമുള്ള കേക്ക്. കൃത്യമായി പറഞ്ഞാൽ 141 വർഷം. നൂറ്റാണ്ട് പഴക്കമുള്ള കേക്ക് ,കുടുംബത്തിന്റെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഭാഗം കൂടിയാണ്. അഭിമാനത്തോടെ തലമുറകൾ കൈമാറുന്ന പാരമ്പര്യ സ്വത്ത്.

മിഷിഗൺ കുടുബം ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്ന കേക്ക് ആദ്യമായി ബേക്ക് ചെയ്തത് 1878 ൽ. ഫിഡെലിയ ഫോർഡ് ആയിരുന്നു ചരിത്രകേക്ക് അപൂർവ രുചിക്കൂട്ടുകളിൽ പാകം ചെയ്തെടുത്തത്. ഫിഡെലിയയുടെ മൂന്നാം തലമുറയിലെ കൊച്ചുമകളാണ് ഇപ്പോൾ കേക്കിന്റെ കാവൽക്കാരി– ജൂലി റൂട്ടിങ്ങർ.

ഒരു വർഷം എടുത്തായിരുന്നു ഫിഡെലിയ കേക്ക് ബേക്ക് ചെയ്തെടുക്കുന്നത്. വൈൻ നിർമിക്കുന്നതുപോലെ കാലമെടുത്തു തയാറാക്കുന്ന രുചിവിരുന്ന്. കേക്ക് തയാറാക്കിയാൽ ക്രിസ്മസിനുവേണ്ടി കാത്തിരിക്കും. ആഘോഷദിനങ്ങളിൽ വീട്ടുകാർക്കും വിരുന്നുകാർക്കും സമ്മാനിക്കും. തലമറുകളായി ഇപ്പോൾ കുടുംബം സൂക്ഷിക്കുന്ന കേക്ക് രുചിച്ചുനോക്കാൻ ആഗ്രഹിച്ചിട്ടു കാര്യമില്ല. ഫിഡെലിയയുടെ കൈപ്പുണ്യത്തിന്റെ സ്മാരകമാണത്. ഫോർഡ് കുടുംബത്തിന്റെ പാചക വൈദഗ്ധ്യത്തിന്റെ ഉത്തമദൃഷ്ടാന്തം. രുചിയേക്കാളേറെ കാഴ്ചയിൽ തന്നെ മധുരിക്കുന്ന രുചിവസന്തം.

ഫിഡെലിയയുടെ കൊച്ചുമകൻ മോർഗൻ ഫോർഡിന്റെ കസ്റ്റഡിയിലായിരുന്നു കേക്ക് വർഷങ്ങളോളം. റൂട്ടിങ്ങറുടെ പിതാവാണ് മോർഗൻ.  ഗ്ലാസ് പാത്രത്തിൽ ഭദ്രമായി അടച്ചുസൂക്ഷിച്ചിരിക്കുകയായിരുന്നു മോർഗൻ അപൂർവ കേക്ക്. അമേരിക്കയിലെ ടുനൈറ്റ് ഷോ എന്ന പാചക പരിപാടിയിൽ ഒരിക്കൽ മോർഗൻ കേക്ക് പ്രദർശിപ്പിച്ചിരുന്നു.

ഇത്രയുമൊക്കെ പ്രത്യേകതകളുള്ള കേക്ക് ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ടാകുമല്ലോ എന്നാണ് ചിന്തയെങ്കിൽ തെറ്റി. ഏറ്റവും പഴക്കമേറിയ കേക്ക് ഫിഡെലിയ ഫോർഡ് തയാറാക്കിയതും തലമുറകൾ തകരാതെ കൈമാറുന്നതുമല്ല. 4176 വർഷം പഴക്കമുള്ള കേക്കിനാണ് റെക്കോർഡ്. അതു കണ്ടെത്തിയതാകട്ടെ ഈജിപ്റ്റിലെ ഒരു ശവക്കല്ലറയിലും !

English Summary: Meet the family who celebrates the festival with 141-year-old cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com