sections
MORE

അച്ഛനില്ലാത്ത 271 പെൺമക്കളുടെ വിവാഹം നടത്തി വജ്ര വ്യാപാരി; എട്ട് വർഷമായി തുടരുന്ന നന്മ

Mahesh Savani With Bride
വധുക്കളോടൊപ്പം മഹേഷ് സാവ്‌നി
SHARE

പെൺമക്കളുടെ വിവാഹ ദിനത്തെക്കുറിച്ച് നെഞ്ചിലൊരു ആളലോടെയാകും മിക്ക അച്ഛന്മാരും ഓർക്കുക. പ്രത്യേകിച്ച് ഇന്ത്യപോലെ ഒരു സ്ഥലത്ത് വിവാഹം കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ നിർണ്ണയിക്കുന്ന ഒരു ഘടകമായി മാറുമ്പോൾ. അപ്പോൾ ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തിൽ വച്ച് അച്ഛനെന്ന തണൽമരം നഷ്ടപ്പെട്ടുപോയ പെൺമക്കളുടെ അവസ്ഥയെന്താകും?. പക്ഷേ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നടന്ന സമൂഹ വിവാഹത്തിൽ  നൂറു കണക്കിന് പെൺകുട്ടികൾ സുമംഗലികളായി. അവരൊക്കെയും ജീവിതത്തിലെ ഏതോ ഘട്ടങ്ങളിൽ അച്ഛനെ നഷ്ടപ്പെട്ടവരായിരുന്നു. 

ഒരു അച്ഛന്റെ ഉത്തരവാദിത്തത്തോടെ ആ പെൺകുട്ടികളുടെ വിവാഹത്തിന് നേതൃത്വം നൽകിയത് ഒരു വജ്രവ്യാപാരിയായിരുന്നു. അദ്ദേഹത്തിന്റെ പേര് മഹേഷ് സാവനി. കഴിഞ്ഞ 8 വർഷങ്ങളായി അദ്ദേഹം ഇതു തുടരുകയാണ്. ഇക്കുറി 271 പെൺകുട്ടികളെയാണ് അദ്ദേഹം വിവാഹം ചെയ്തയച്ചത്. പെൺകുട്ടികളെ വിവാഹം ചെയ്തയയ്ക്കുന്നത് ദൈവത്തിന്റെ വരദാനമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. 2010 മുതലാണ് അച്ഛനില്ലാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാനായി സമൂഹവിവാഹത്തിന് അദ്ദേഹം നേതൃത്വം നൽകിത്തുടങ്ങിയത്.

2012 ൽ 23 പെൺകുട്ടികളുടെ വിവാഹമാണ് നടത്തിയത്. സമൂഹ വിവാഹത്തെക്കുറിച്ച് സാവ്‌നി പറയുന്നതിങ്ങനെ :-

'' അച്ഛൻ മരിച്ച പെൺകുട്ടികളെ സഹായിക്കാൻ വേണ്ടിയാണ് സൂററ്റിൽ ഈ സമൂഹവിവാഹം ആരംഭിച്ചത്. ഓരോ വർഷവും പെൺകുട്ടികളുടെയെണ്ണം വർധിച്ചു വന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇതിനുള്ള ചിലവ് ഞങ്ങൾക്ക് തനിയെ കണ്ടെത്താമെന്ന അവസ്ഥ വന്നു''.

സ്വന്തം വിവാഹത്തിന് പണം കണ്ടെത്താൻ കഴിയാത്ത പെൺകുട്ടികളെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് മഹേഷ് സാൻവിയുടെ പക്ഷം. ഇതുവരെ 3172 വിവാഹങ്ങൾക്ക് മഹേഷ് നേതൃത്വം നൽകി.

മഹേഷിന്റെ കഥയിങ്ങനെ :-

ഗുജറാത്തിലെ സൂററ്റ് ആസ്ഥാനമായാണ് വജ്രവ്യാപാരി മഹേഷ് സവാനിയുടെ പ്രവർത്തനം. ഭാവനഗർ ഗ്രാമത്തിൽ നിന്നുള്ള ഈ നാൽപത്തിയെട്ടുകാരൻ റിയൽ എസ്റ്റേറ്റ് ബിസിനസിലും വിജയം നേടിക്കഴിഞ്ഞപ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുത്തു തുടങ്ങിയത്. പക്ഷേ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ കണക്കെടുക്കുന്നതിനിടെ അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചു. മിക്ക പെൺകുട്ടികളും ടിസി വാങ്ങിപ്പോകുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു. അച്ഛൻ മരിച്ചതു കൊണ്ടാണ് അവരെല്ലാം പഠനം നിർത്തുന്നത്. ഇനിയും പഠിപ്പിക്കാൻ അവരുടെ വീട്ടിൽ കാശില്ല. 

ആ സംഭവത്തിനും രണ്ടു വർഷം മുൻപാണ്, 2008ൽ, മറ്റൊന്നു സംഭവിക്കുന്നത്. മഹേഷിന്റെ സഹോദരൻ ഈശ്വർ സവാനി തന്റെ രണ്ട് പെൺമക്കളുടെ വിവാഹത്തിനു തൊട്ടുമുൻപ് അന്തരിച്ചു. അച്ഛന്റെ സ്ഥാനത്തു നിന്ന് ഇനി ആ വിവാഹം നടത്തിക്കൊടുക്കേണ്ടത് മഹേഷാണ്. അതിനിടെയാണ് ഓഫിസിലെ ജീവനക്കാരിലൊരാളുടെ മരണവാർത്തയും അദ്ദേഹം അറിയുന്നത്– ആ പിതാവും മരിച്ചത് പെൺമക്കളുടെ വിവാഹത്തിനുള്ള പണം സ്വരുക്കൂട്ടുന്നതിനിടെയായിരുന്നു. പിതാവു പോയതോടെ ഇനിയാ പെൺകുട്ടികളുടെ ഭാവി ഇരുട്ടിലാണ്.

ആരുണ്ട് അവരെ സഹായിക്കാൻ? ഈ ചിന്തയിൽ നിന്നായിരുന്നു ആയിരക്കണക്കിനു പാവപ്പെട്ട പെൺകുട്ടികളെ സഹായിക്കുന്ന മഹേഷ് സാവനിയുടെ ശ്രമങ്ങൾക്ക് തുടക്കമാകുന്നത്. ഇതുവരെ എഴുനൂറിലേറെ പെൺകുട്ടികളുടെ വിവാഹം സാവനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിക്കഴിഞ്ഞു. അതും മറ്റുള്ളവരിൽ നിന്ന് ഒരു രൂപ പോലും വാങ്ങാതെ. അതിനെക്കുറിച്ച് മഹേഷ് പറയുന്നതിങ്ങനെ: ‘എന്റെ മക്കളുടെ വിവാഹമാണിത്. അത് മറ്റേതൊരു അച്ഛനെപ്പോലെയും അഭിമാനത്തോടെത്തന്നെ ഞാൻ നടത്തും...’ 

അഞ്ചു ലക്ഷം രൂപയാണ് ഓരോ വിവാഹത്തിനും അദ്ദേഹം ചെലവഴിക്കുന്നത്. വധുവിനാവശ്യമായ വസ്ത്രങ്ങളും ആഭരണങ്ങളും പുതിയ വീട്ടിലേക്കാവശ്യമായ ഗൃഹോപകരണങ്ങളുമെല്ലാം നൽകും. വിവാഹം കഴിപ്പിച്ചയക്കുന്നതോടെ തീരുന്നില്ല ഉത്തരവാദിത്തം. പലപ്പോഴും പ്രസവശുശ്രൂഷയ്ക്കാവശ്യമായ പണവും സവാനി ഗ്രൂപ്പ് പെൺകുട്ടികളുടെ വീട്ടിലെത്തിക്കും. ‘അച്ഛനില്ലാത്ത ദു:ഖം അറിയിക്കാതെയാണ് അദ്ദേഹം ഞങ്ങളെ വളർത്തുന്നത്...ശരിക്കും ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ് അദ്ദേഹം’ എന്ന ഓരോ പെൺകുട്ടിയുടെയും വാക്കുകളിൽ നിന്നറിയാം മഹേഷെന്ന നല്ല മനുഷ്യന്റെ നന്മയുടെ ആഴം. വിവാഹച്ചെലവ് മാത്രമല്ല തന്റെ സ്കൂളുകളിലെ വിദ്യാർഥിനികളുടെ ഫീസും വഹിക്കുന്നത് മഹേഷാണ്. 

പത്താം ക്ലാസ് വരെ ആൺകുട്ടികൾക്കുമുണ്ട് ഫീസിളവ്. ഇന്ന് സൂററ്റിലെ 238 സ്കൂളുകളിലെയും 19 കോളജുകളിലെയും വിദ്യാർഥികൾക്ക് സവാനി ഗ്രൂപ്പ് ധനസഹായം നൽകുന്നുണ്ട്. അനുകൂല്യം ലഭിക്കുന്ന സ്കൂൾ വിദ്യാർഥികളുടെ എണ്ണം 8400ലേറെ വരും. വിവിധ കോളജുകളിലായി നാനൂറോളം പെണ്‍കുട്ടികള്‍ക്കും പഠനച്ചെലവ് നൽകുന്നു. അച്ഛനില്ലാത്ത പെൺകുട്ടികൾക്കാണ് പ്രത്യേക പരിഗണന. അവരുടെ ചികിത്സാച്ചെലവും അദ്ദേഹം വഹിക്കുന്നുണ്ട്. 

2014ൽ 111 പെൺകുട്ടികളെ ഉൾപ്പെടുത്തിയാണ് സവാനി ഗ്രൂപ്പ് സമൂഹവിവാഹം നടത്തിയത്. ക്രിസ്മസ് അദ്ദേഹം ആഘോഷിച്ചതാകട്ടെ പിതാവു മരിച്ച 236 പെൺകുട്ടികളുടെ വിവാഹം നടത്തിയും. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ പെൺകുട്ടികളുണ്ടായിരുന്നു ആ സമൂഹവിവാഹത്തിൽ. ഗുജറാത്തില്‍ നിന്നു മാത്രമുള്ള പെൺകുട്ടികളെയല്ല സമൂഹവിവാഹത്തിനായി തിരഞ്ഞെടുക്കുന്നത്. 

ഡിസംബറിൽ നടന്നതിൽത്തന്നെ അഞ്ചു പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്നു പേർ രാജസ്ഥാനിൽ നിന്നും ഒരാൾ ബിഹാറിൽ നിന്നുമായിരുന്നു. ബാക്കിയെല്ലാ പെൺകുട്ടികളും ഗുജറാത്തിൽ നിന്നും. ഇവർക്കൊപ്പമായിരുന്നു മഹേഷിന്റെ മകൻ മിത്തലിന്റെയും അമ്മാവന്റെ മകന്റെയും വിവാഹം. 236 പേർക്കും ലഭിച്ച അതേ ആർഭാടമാണ് തന്റെ മകനും മഹേഷ് ഉറപ്പാക്കിയത്. മോഹിത് എന്നൊരു മകനും കൂടിയുണ്ട് മഹേഷിന്. പക്ഷേ പെൺമക്കളില്ല. എന്നാലും അദ്ദേഹം അഭിമാനത്തോടെ പറയും: ‘അച്ഛനെന്നു വിളിക്കാൻ ആയിരക്കണക്കിന് പെൺകുട്ടികളുള്ളപ്പോൾ ഇനിയെന്തിനാണ് സ്വന്തമായൊരു മകൾ...’

English Summary : Diamond tycoon Mahesh Savani believes that giving away brides is a blessing from God 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA