ADVERTISEMENT

കുഞ്ഞുങ്ങളുടെ കുറുമ്പുകൾ അച്ഛനമ്മമാർക്കു സൃഷ്ടിക്കുന്ന തലവേദനയും അതേത്തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകളുമുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. രണ്ടു വയസ്സുള്ള ഒരു കുഞ്ഞിന്റെ കാൽ ഗെയിംമെഷീനിൽ കുടുങ്ങുന്നതും തുടർന്നുള്ള അച്ഛനമ്മമാരുടെ പ്രതികരണങ്ങളുമാണ് വിഡിയോയുടെ പ്രമേയം.

ലാസ് വേഗാസ് സ്വദേശികളായ ദമ്പതികളാണ് രണ്ടു വയസ്സുകാരനായ മകന്റെ കാൽ അബദ്ധത്തിൽ അർക്കേഡ് മെഷീനിൽ കുടുങ്ങുന്നതും പിന്നീട് അവനെ രക്ഷപെടുത്തുന്നതുമായ വിഡിയോ പങ്കുവച്ചത്. കുഞ്ഞിനെ പുറത്തെത്തിക്കാൻ അമ്മ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും കക്ഷി ഗെയിംമെഷീനിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കുന്നില്ല. മിന്നിത്തിളങ്ങുന്ന കളർ വെളിച്ചത്തിൽ ആകൃഷ്ടനായാണ് കുട്ടിക്കുറുമ്പൻ ഗെയിം മെഷീനിലേക്ക് നടന്നു കയറിയത്. രക്ഷപെടുത്താനുള്ള അമ്മയുടെ പരിഭ്രാന്തിയും കൂടി കണ്ടപ്പോൾ കക്ഷി വീണ്ടും മെഷീന്റെ മുകളിലേക്ക് നടന്നു പോയി.

'' ഒരു കുഞ്ഞുണ്ടായാൽ രസകരമായ പല കാര്യങ്ങളുമുണ്ടാകും'' എന്ന അടിക്കുറിപ്പോടെയാണ് നോഹ എന്ന രണ്ടു വയസ്സുകാരന്റെ അച്ഛൻ കോറെയ് ബ്രൗൺ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കുട്ടിക്കുറുമ്പന്റെ വിഡിയോ പങ്കുവച്ചത്.14 മില്യണിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്. 'ഞാൻ കരഞ്ഞുകൊണ്ടാണ് ഇത് പകർത്തുന്ന'തെന്നു പറയുന്ന അദ്ദേഹത്തിന്റെ ശബ്ദവും വിഡിയോയിൽ വ്യക്തമായി കേൾക്കാം.

വിഡിയോ തരംഗമായതോടെ അച്ഛന്റെ പ്രവൃത്തിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിയാളുകൾ പ്രതികരിച്ചു. അച്ഛന്റെ തമാശ തങ്ങൾ ആസ്വദിച്ചുവെന്ന് ഒരു പക്ഷം പറയുമ്പോൾ കുഞ്ഞിനെ ശ്രദ്ധിക്കാത്ത ഉത്തരവാദിത്തമില്ലാത്ത അച്ഛനും അമ്മയും എന്നാണ് മറ്റു ചിലരുടെ വിമർശനം. പക്ഷേ അതിൽ ചെറിയ കുട്ടികളുള്ള ദമ്പതികൾ ഈ അച്ഛനെയും അമ്മയെയും അനുകൂലിച്ചാണ് പ്രതികരിച്ചത്. കുഞ്ഞുങ്ങളുടെ പ്രവർത്തികൾക്ക് വേഗത കൂടുതലാണെന്നും, പ്രവചനാതീതമാണെന്നും പറഞ്ഞുകൊണ്ടാണ് അവർ നോഹയുടെ അച്ഛനെയും അമ്മയെയും അനുകൂലിച്ചത്.

താൻ പങ്കുവച്ച വിഡിയോ കണ്ട് പ്രതികരിച്ചവരോട് നോഹയുടെ അച്ഛൻ പറഞ്ഞത്. അവിടെയുള്ള ജോലിക്കാർ ഗെയിം മെഷീന്റ ഗ്ലാസ്ടോപ് തുറന്ന് അവന്റെ കുടുങ്ങിയ കാൽ പുറത്തെടുക്കാൻ സഹായിച്ചുവെന്നാണ്. ഇതാദ്യമായല്ല കുട്ടികൾ അർക്കേഡ് മെഷീനിൽ കുടുങ്ങുന്നത്. ഈ വർഷമാദ്യം ഫ്ലോറിഡയിലെ രണ്ടു വയസ്സുള്ള ഒരു കുട്ടിയുടെ കാൽ ഇത്തരത്തിൽ കുടുങ്ങിയിരുന്നു.

English Summary : Mother trying to get her baby out of a skee-ball machine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com