sections
MORE

ഭക്ഷണം വേണ്ട, വിഷാദരോഗം, ആരോടും മിണ്ടില്ല, സ്കൂളിൽ പോകില്ല; ഗ്രെറ്റയുടെ ജീവിതം മാറ്റിയത് ആ സംഭവം

Greta Thunbergs
ഗ്രെറ്റ ട്യൂൻബെർഗ്
SHARE

വിഷാദം ഒരു രോഗമായി പിടികൂടുമ്പോള്‍ ഗ്രെറ്റ ട്യൂൻബര്‍ഗിന് പ്രായം 11. സ്കൂളില്‍ പോകുന്നതു നിര്‍ത്തിയ കുട്ടി ഭക്ഷണം കഴിക്കുന്നതും അവസാനിപ്പിച്ചു. പൂർണ്ണമായ മൗനത്തിലേക്കും പിന്‍വലിഞ്ഞു. മകളുടെ വിഷാദത്തിന്റെ കാരണം ആദ്യമൊന്നും അച്ഛനും അമ്മയ്ക്കും മനസ്സിലായിരുന്നില്ല. നിലവിളിക്കുന്ന പ്രകൃതിയായിരുന്നു ആ കുട്ടിയുടെ മനസ്സില്‍. കത്തുന്ന കാട്,ഇല്ലാതാകുന്ന പച്ചപ്പ്,നശിച്ചുകൊണ്ടിരിക്കുന്ന ഹരിത സമൃദ്ധി. 

കാലാവസ്ഥ ഉത്കണ്ഠയായും ആകാംക്ഷയായും ആ മനസ്സില്‍ നിറയുന്നത് കുടുംബം മനസ്സിലാക്കിയിരുന്നില്ല. അതു ബോധ്യമായപ്പോഴാകട്ടെ മകളെ പിന്തിരിപ്പിക്കാനും കഠിനമായി ശ്രമിച്ചു. കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി മകള്‍ സംസാരിക്കുന്നതും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ആക്ഷേപത്തിനു പാത്രമാകുന്നതുമൊക്കെ മനസ്സില്‍ കണ്ടപ്പോള്‍ പരിസ്ഥിതി ചിന്തയില്‍നിന്നു മോചിപ്പിക്കാനാണു ശ്രമിച്ചത്. 

പക്ഷേ, ഗ്രെറ്റ ഉറച്ചുതന്നെയായിരുന്നു. ആ ഉറച്ച മനസ്സിന്റെ കാഠിന്യവുമായാണ് കുട്ടി 2018 ഓഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ പ്ലക്കാര്‍ഡുമായി ഇരുന്നത്. കാലാവസ്ഥയ്ക്കുവേണ്ടി ഒരു സ്കൂള്‍ കുട്ടി നടത്തിയ ആദ്യത്തെ സമരം. അതു സ്വീഡനില്‍ മാത്രം ഒതുങ്ങിനിന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ലോകമാകെത്തന്നെയും വ്യാപിച്ചു. ഐക്യരാഷ്ട്ര സഭയില്‍ വരെ ഗ്രെറ്റ എത്തുകയും ലോകമാകെയുള്ള കാലാവസ്ഥ സംരക്ഷണത്തിന്റെ മുന്നേറ്റ പടയാളിയായി മാറുകയും ചെയ്തു. വിഷാദവതിയായി മരിച്ചുജീവിച്ച കുട്ടിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത് ലോകത്തെ രക്ഷിക്കാനുള്ള ആശയമായി മാറുകയായിരുന്നു. 

സ്വന്റേ ട്യൂൻബര്‍ഗ് എന്നാണ് ഗ്രെറ്റയുടെ പിതാവിന്റെ പേര്. നടനില്‍നിന്ന് അവതാരകനിലേക്കു മാറിയ 50 വയസ്സുകാരന്‍. ഓപറ ഗായികയായ മലേന ഏണ്‍മാന്‍ അമ്മയും. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മാതാപിതാക്കള്‍ ഗ്രെറ്റയുടെ വിഷാദരോഗവും കാലാവസ്ഥാ പ്രവര്‍ത്തനം എങ്ങനെ കുട്ടിയെ സന്തോഷവതിയാക്കിയതെന്നും തുറന്നുപറഞ്ഞത്. 

അസ്പെര്‍ജേഴ്സ് സിന്‍ഡ്രോം എന്നായിരുന്നു 11-ാം വയസ്സില്‍ ഗ്രെറ്റയെ ബാധിച്ച രോഗത്തിന്റെ പേര്. വീട്ടിലുള്ളവരോടു പോലും സംസാരിക്കാത്ത അവസ്ഥ. ഭക്ഷണം കഴിക്കുന്നത് അപൂര്‍വമായി. അതും വീട്ടിനുള്ളില്‍വച്ചു മാത്രം. കുടുംബത്തെ ആ കുട്ടി അന്ന് വല്ലാത ഭയപ്പെടുത്തിയെന്ന് അച്ഛനും അമ്മയും തുറന്നുപറയുന്നു. എന്നാല്‍ കാലാവസ്ഥാ പ്രവര്‍ത്തകയായതോടെ ഗ്രെറ്റ മാറി. ഒരു സാധാരണ കുട്ടിയില്‍നിന്നും ലോകമറിയുന്ന അസാധാരണ കഴിവുകളുള്ള കുട്ടിയിലേക്ക്. 

മനസ്സില്‍ സന്തോഷവും നിറഞ്ഞു. ഇപ്പോള്‍ സംസാരിക്കാന്‍ വിമുഖതയില്ല. ഭക്ഷണം കഴിക്കാന്‍ മടിയില്ല. മുഖത്ത് സന്തോഷത്തിന്റെ പ്രകാശം. ഇന്നും ഗ്രെറ്റയെക്കുറിച്ച് ആരോപണങ്ങളുണ്ട്. ഗ്രെറ്റയുടെ ആശയങ്ങളുടെ പ്രചോദനത്തിനു പിന്നിലുള്ള ശക്തികളെക്കുറിച്ച് പലരും സംശയങ്ങളും ഉന്നയിക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ആക്ഷേപകരമായ പരാമര്‍ശങ്ങളും വരുന്നു. പക്ഷേ, എല്ലാറ്റിനെയും അതിജീവിക്കാന്‍ കരുത്തും ശേഷിയുമുള്ള കുട്ടിയാണ് ഗ്രെറ്റ. ലോകമാകെ, പുതിയ മാറ്റത്തിന്റെ പ്രതീകവും.

‘ എന്താണ് ചെയ്യുന്നതെന്ന് ഗ്രെറ്റയ്ക്ക് അറിയാം. എന്തൊക്കെ വിമര്‍ശനങ്ങളെ നേരിടേണ്ടിവരുമെന്നും. എങ്കിലും ലോകമാകെ പുതിയൊരു പ്രതീക്ഷയുടെ വാഗ്ദാനമായി സ്വീകരിക്കപ്പെട്ടതില്‍ സന്തോഷവതിയാണ് ഗ്രെറ്റ- പിതാവ് അഭിമാനത്തോടെ പറയുന്നു. 

English Summary: Greta Thunbergs Father Talks About Daughters Decisions To Become Climate Activist

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA