ADVERTISEMENT

ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പുരുഷനെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധി. പരാതി നല്‍കിയ യുവതി പുരുഷന്റെ ഭാര്യയായിരുന്നു. ബലം പ്രയോഗിച്ചു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് യുവതി ആരോപിക്കുന്ന സമയത്തും അവര്‍ അയാളുടെ ഭാര്യയായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണു കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയത്. 

2016 ജൂലൈ 5 ന് തന്നെ ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിനു വിധേയയാക്കി എന്നാണു യുവതി ആരോപിച്ചത്. എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്നും ആ ദിവസം യുവതി,  ബലപ്രയോഗം നടത്തിയ വ്യക്തിയുടെ ഭാര്യയായിരുന്നെന്നും സംശയാതീതമായി തെളിഞ്ഞെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉമേദ് സിങ് ഗ്രേവാള്‍ വിധിച്ചു.

2015 നവംബര്‍ രണ്ടിനോ അതിനു മുമ്പോ ഇരുവരും വിവാഹം കഴിച്ചു എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നതെന്നു കോടതി നിരീക്ഷിച്ചു. എതിര്‍ വിസ്താരത്തില്‍ തന്നെ പീഡനത്തിനു വിധേയയാക്കിയതു ഭര്‍ത്താവാണെന്നു യുവതി തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇരുവരും ഭാര്യാ ഭര്‍ത്താക്കന്‍മാരായതിനാല്‍ കേസ് നിലനില്‍ക്കില്ല: കോടതി വ്യക്തമാക്കി.

പരാതിക്കാരിയും ഭര്‍ത്താവും പഞ്ചാബിലായിരുന്നു താമസം. ദമ്പതികളായി ജീവിക്കുന്നതിനിടെ തന്റെ ഭര്‍ത്താവ് മോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെന്നും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും ഭാര്യ മനസ്സിലാക്കി. ഇതേത്തുടര്‍ന്ന് യുവതി ഭര്‍ത്താവില്‍നിന്ന്  അകലുകയും ഡല്‍ഹിക്കു താമസം മാറ്റുകയും ചെയ്തു. ഭര്‍ത്താവില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി അയാളറിയാതെയാണു താമസം മാറ്റിയത്. പക്ഷേ, ഭര്‍ത്താവ് ഭാര്യയെ പിന്തുടര്‍ന്നു ഡല്‍ഹിയിലെത്തി. തനിക്കു തെറ്റുപറ്റിയതാണെന്നും മോഷണം പോലുള്ള തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു യുവാവു കുറ്റസമ്മതം നടത്തിയതോടെ ഇരുവരും ഡല്‍ഹിയില്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങി. 

പക്ഷേ, താമസിയാതെ ഭാര്യയുടെ രണ്ടു ലക്ഷം രൂപ ഭര്‍ത്താവ് മോഷ്ടിച്ചു. ഇതിനുശേഷം ഒരുമിച്ചു ജീവിക്കാനാവില്ലെന്നു പറഞ്ഞു യുവതി യുവാവിനെ ഉപേക്ഷിച്ചു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അയാള്‍ യുവതിയെ സന്ദര്‍ശിക്കുന്നതു തുടര്‍ന്നു. ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 

പഞ്ചാബില്‍ വച്ച് ദമ്പതികള്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതു പരസ്പര സമ്മതത്തോടെയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. ഡല്‍ഹിയില്‍ വച്ച് ഇരുവരും തമ്മിലുള്ള ബന്ധവും പരസ്പര സമ്മതത്തോടെതന്നെയായിരുന്നു. മോഷണക്കഥ പുറത്തുവന്നതിനുശേഷം മാത്രമാണ് ബലം പ്രയോഗിച്ചുള്ള ശാരീരിക ബന്ധം ഉണ്ടായത്. പക്ഷേ, അപ്പോഴും യുവാവ് യുവതിയുടെ ഭര്‍ത്താവ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ആരോപിക്കപ്പെട്ട സംഭവത്തില്‍ ബലാല്‍സംഗ കുറ്റം നിലനില്‍ക്കില്ലെന്നു കോടതി വിധിക്കുകയായിരുന്നു. 

English Summary: Delhi Court Aquits Man Of Rape Says Woman Was His Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com