ADVERTISEMENT

ജനപ്രിയ സീരിയലുകള്‍ക്കു പുറമെ രണ്ടു സിനിമകള്‍ മാത്രമാണു ബോളിവുഡില്‍ അഭിനയിച്ചതെങ്കിലും അനന്യ പാണ്ഡേ എന്ന നടിക്ക് സ്വന്തമായ മേല്‍വിലാസം ഉണ്ട്. അഭിരുചികളും അഭിപ്രായങ്ങളും സ്വന്തമായ വ്യക്തിത്വവുമുണ്ട്. അഭിനയ കുടുംബത്തില്‍നിന്നുതന്നെയാണ് അനന്യ വരുന്നത്. നടന്‍ ചുങ്കി പാണ്ഡേയാണു പിതാവ്. അമ്മ ഭാവന.

ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ദീപിക പദുക്കോണിന് ഒപ്പമാണ് അനന്യ ഇനി അഭിനയിക്കാന്‍ പോകുന്നത്. അതിന്റെ ആവേശത്തിലും അഭിമാനത്തിലുമാണ് അനന്യ ഇപ്പോള്‍. അഭിനയ രംഗത്ത് തന്റെ ഏറ്റവും വലിയ ആരാധകര്‍ അച്ഛനും അമ്മയുമാണെന്നു പറയുന്ന അനന്യ അവര്‍ തന്റെ തീരുമാനങ്ങളില്‍ കൈ കടത്താറില്ലെന്നും സ്നേഹത്തോടെ പറയുന്നു.

കുറഞ്ഞകാലം കൊണ്ടു നേടിയ വിജയത്തില്‍ എന്റെ അച്ഛനും അമ്മയ്ക്കും അതിയായ സന്തോഷമുണ്ട്. അച്ഛനമ്മമാരായിരിക്കും എപ്പോഴും എല്ലാവരുടെയും യഥാര്‍ഥ അഭ്യൂദയകാംക്ഷികള്‍. വിജയത്തില്‍, സന്തോഷത്തിന്റെ നിമിഷങ്ങളില്‍ അച്ഛനമ്മമാര്‍ എന്നോടൊപ്പമുള്ളത് എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ഞാന്‍ നന്നായി ജീവിക്കണം എന്നു മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. വളരെ ചെറിയ പ്രായത്തിലേ സിനിമാ രംഗത്തു വന്ന വ്യക്തിയാണു ഞാന്‍. സമയമെടുത്ത് എന്റെ റോള്‍ ഞാന്‍ ഭംഗിയാക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് എന്റെ കടമ- 21 വയസ്സുകാരിയായ നടി പറയുന്നു.

സിനിമയുടെ ലോകം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന ലോകം. ഇന്നത്തെ താരം നാളെ ആരുമല്ലാതാകാം. ഇന്ന് അറിയപ്പെടാത്ത ഒരാള്‍ നാളെ താരസിംഹാസനത്തില്‍ എത്തുകയും ചെയ്യാം. സിനിമയിലേക്ക് ഇറങ്ങുന്ന മകള്‍ക്ക് അച്ഛനമ്മമാര്‍ ഉപദേശം നല്‍കിക്കാണുമല്ലോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് അനന്യയുടെ മറുപടി.

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എനിക്കു സ്വാതന്ത്ര്യമുണ്ട്. ചിലപ്പോള്‍ തീരുമാനങ്ങള്‍ തെറ്റാം. അതിനുള്ള സ്വാതന്ത്ര്യവും എന്റെ മാതാപിതാക്കള്‍ എനിക്കു തന്നിട്ടുണ്ട്. സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണമെന്നാണ് അവര്‍ എന്നെ പഠിപ്പിച്ചത്. കുറ്റബോധമോ പശ്ചാത്താപമോ പാടില്ലെന്നും. എന്റെ യാത്ര ഞാന്‍ തന്നെ മുന്നോട്ടുകൊണ്ടുപോകണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്- അനന്യ പറയുന്നു.

സിനിമ സൃഷിടിക്കുന്നത് സംവിധായകരാണെന്നാണ് അനന്യ പറയുന്നത്. ഓരോ കഥാപാത്രത്തെയും തങ്ങളുടെ ഭാവനയില്‍ കാണുന്നവരാണ് സംവിധായകര്‍. അവര്‍ക്ക് കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും അവരുടെതായ സങ്കല്‍പങ്ങളും ഉണ്ടായിരിക്കും. സംവിധായകര്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനാണ് എന്റെ ശ്രമം. 2019 ല്‍ സിനിമയില്‍ അഭിനയം തുടങ്ങുമ്പോള്‍ ഞാന്‍ എങ്ങനെയിരിക്കും എന്നുപോലും എനിക്കറിയില്ലായിരുന്നു. പതി പത്നി ഓര്‍ വോയില്‍ എങ്ങനെയാണ് അഭിനയിച്ചതെന്നുപോലും എനിക്കറിയില്ല. ക്രമേണ ഞാന്‍ ഓരോ കാര്യങ്ങളെയും കുറിച്ച് ബോധവതിയായി. എന്റെ തന്നെ സാന്നിധ്യത്തെക്കുറിച്ചും. ഓരോ സീരിയലും സിനിമയും കഴിയുമ്പോള്‍ ഞാന്‍ വളരുകയായിരുന്നു-  അനന്യ അഭിമാനത്തോടെ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com