sections
MORE

കൊറോണ പേടി: സ്വന്തം വിവാഹ റിസപ്ഷന്‍ വിഡിയോ കോൺഫറൻസിലാക്കി ദമ്പതികൾ

marriage-845
SHARE

കൊറോണ വൈറസ് ഭീതിയില്‍ സ്വന്തം വിവാഹത്തിന്റെ റിസപ്ഷന്‍ ഒഴിവാക്കി ദമ്പതികള്‍. ചൈനയില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയ സിംഗപ്പൂരില്‍നിന്നുള്ള ദമ്പതികള്‍ക്കാണ് ദൗര്‍ഭാഗ്യം. പ്രശ്നം പരിഹരിക്കാന്‍ ഒടുവിൽ അവര്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സ്വീകരണത്തില്‍ പങ്കെടുത്ത് സന്തോഷം പങ്കിട്ടു. ജോസഫ് യിയ്ക്കും കാങ് കിങ്ങിനുമാണ് കൊറോണ ഭീതിയില്‍ വിവാഹ റിസപ്ഷന്‍ ഒഴിവാക്കേണ്ടിവന്നത്.

കാങിന്റെ കുടുംബം ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണു താമസിക്കുന്നത്. ദമ്പതികള്‍ കാങിന്റെ കുടുംബത്തിനൊപ്പം പുതുവത്സരം ആഘോഷിച്ച് ജനുവരി 30 നാണ് സിംഗപ്പൂരില്‍ തിരിച്ചെത്തിയത്. വിവാഹാഘോഷങ്ങള്‍ക്ക് ഏതാനും ദിവസം മുമ്പ്. ഹുനാന്‍ പ്രവിശ്യയുടെ തൊട്ടടുത്തുള്ള ഹുബെയ് അതിര്‍ത്തി പങ്കിടുന്നതാകട്ടെ കോറോണയുടെ പ്രഭവകേന്ദ്രം എന്നു വിശ്വസിക്കപ്പെടുന്ന വുഹാനുമായി. ചൈനയില്‍നിന്നു തിരിച്ചെത്തിയവരായതിനാല്‍ ജോസഫിന്റെയും കാങിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പലരും വിസമ്മതം അറിയിച്ചു.

ദമ്പതികള്‍ ഇപ്പോള്‍ 14 ദിവസത്തേക്ക് ഒറ്റപ്പെട്ടാണു ജീവിക്കുന്നത്. പുറത്തുനിന്നുള്ള ആരുമായും ഒരു സമ്പര്‍ക്കവും പുലര്‍ത്തുന്നില്ല. അതിനാല്‍ വിവാഹ സ്വീകരണദിവസം ഇരുവരും വിവാഹവേഷം ധരിച്ച് വീഡിയോ കോണ്‍ഫറന്‍സിങ് വഴി അതിഥികളെ സ്വീകരിക്കുകയും കുശല പ്രശ്നങ്ങള്‍ നടത്തുകയും ആശംസ ഏറ്റുവാങ്ങുകയും ചെയ്തു. അതിഥികള്‍ ഷാംപെയ്ന്‍ ഗ്ലാസ്സ് ഉയര്‍ത്തിയപ്പോള്‍ ദമ്പതികള്‍ ചിയേഴ്സ് പറയുകയും ചെയ്തു.

ജോസഫും കാങ്ങും ഒരു ഹോട്ടലിന്റെ സ്യൂട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ജോസഫിന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പമുണ്ട്. ‘പല അതിഥികള്‍ക്കും ഞങ്ങളുടെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇഷ്ടമില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതിഥികളുടെ ആശങ്ക ഞങ്ങള്‍ മനസ്സിലാക്കുന്നു. ഹോട്ടലില്‍ നേരത്തെ ബുക്ക് ചെയ്ത ആഘോഷം മാറ്റിവയ്ക്കാന്‍ ശ്രമിച്ചതുമാണ്. പക്ഷേ, അവരുമായി ഒരു ഒത്തുതീര്‍പ്പില്‍ എത്താന്‍ കഴിഞ്ഞില്ല- ജോസഫ് പറയുന്നു. 190 പേരെയാണ് ക്ഷണിച്ചിരുന്നത്. 110 പേര്‍ പങ്കെടുത്തു. പങ്കെടുക്കാന്‍ കഴിയാത്തവരെ ചതിച്ചത് പനിയാണ്. പങ്കെടുത്ത അതിഥികള്‍ ബാക്കിവന്ന ആഹാരം പാഴാകാതിരിക്കാന്‍ വീട്ടിലേക്കു കൊണ്ടുപോയി.

‘ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ ഞങ്ങള്‍ക്കു ദുഃഖമില്ല. കുറച്ചു നിരാശയുണ്ടെന്നു മാത്രം. മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു നടപടി വേണ്ടിവന്നത്- ജോസഫ് പറയുന്നു. സിംഗപ്പൂര്‍ ഫെബ്രുവരി 1 മുതല്‍  ചൈനയില്‍നിന്നെത്തുന്നവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനയില്‍നിന്നുള്ളവര്‍ക്ക് സിംഗപ്പൂരില്‍ പ്രവേശനം ഇല്ല. ആര്‍ക്കും ചൈനയിലേക്കു പോകാനും അനുവാദം ഇല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA