sections
MORE

അച്ഛനും അമ്മയും വേർപിരിഞ്ഞത് എനിക്ക് പ്രചോദനമായി: ദിയ മിർസ

dia-mirza
ദിയ മിർസ
SHARE

വിവാഹവും വിവാഹ മോചനവും താരങ്ങള്‍ക്ക് അപൂര്‍വതയല്ലെങ്കിലും വേര്‍പിരിയലില്‍നിന്നു ശക്തിയും പ്രചോദനവും നേടുന്ന താരം അപൂര്‍വം തന്നെയാണ്. തപ്സി പന്നുവിനൊപ്പം തപ്പദ് സിനിമയിലൂടെ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ദിയ മര്‍സ വേര്‍പിരിയല്‍ തന്നെ ഒട്ടും തന്നെ തളര്‍ത്തിയിട്ടില്ലെന്നു പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് സഹീല്‍ സംഘയുമായുള്ള ദിയയുടെ വിവാഹബന്ധം തകര്‍ന്നത്. 

തകരുന്നതിനുപകരം താന്‍ കൂറേക്കൂടി ശക്തിയാര്‍ജിച്ചിട്ടേയുള്ളൂ എന്നാണ് താരത്തിന്റെ നിലപാട്. തനിക്കു ശക്തിയും പ്രചോദനവും എങ്ങനെ ലഭിക്കുന്നു എന്ന രഹസ്യവും ദിയ വെളിപ്പെടുത്തിയിട്ടുണ്ട്. അച്ഛമ്മമാരില്‍നിന്ന്. 34 വര്‍ഷം മുമ്പ് ദിയയുടെ അച്ഛനമ്മമാര്‍ വേര്‍പിരിഞ്ഞു. അന്നു കൊച്ചുകുട്ടിയായിരുന്നു ദിയ. 

തന്റെ ഇപ്പോഴത്തെ ഒറ്റപ്പെടല്‍ താല്‍ക്കാലികമാണെന്നും തനിക്കത് അതിജീവിക്കാനുള്ള ശേഷിയുണ്ടെന്നും ദിയ ഉറപ്പിക്കുകയും ചെയ്യുന്നു. എനിക്കു നാലര വയസ്സുള്ളപ്പോഴാണ് വേര്‍പാടിന്റെ വേദന എന്താണെന്ന് അറിയുന്നത്. അന്നത് നേരിടാനുള്ള കരുത്തുണ്ടെങ്കില്‍ 37-ാം വയസ്സിലും 

ഞാന്‍ ശക്തയാണെന്നുതന്നെയാണ് അതിനര്‍ഥം. ജീവിതത്തില്‍ പലരും ശക്തമായ തീരുമാനങ്ങളെടുക്കാത്തതിനു കാരണം പേടിയാണ്. ഭയംകൊണ്ട് തീരുമാനമെടുക്കാതെ എല്ലാം സഹിക്കുന്നു. ഞാന്‍ അങ്ങനെയല്ല. എനിക്കറിയാം എന്റെ ഇപ്പോഴത്തെ അവസ്ഥയും കടന്നുപോകും. ഞാന്‍ മുന്നോട്ടുതന്നെപോകും-ദിയ മിര്‍സ പറയുന്നു. പ്രശസ്തയായ താരമായതുകൊണ്ട് തനിക്ക് വേദന അനുഭവിക്കാനാവില്ല എന്നു കരുതേണ്ടെന്നും എല്ലാ മനുഷ്യരെയും പോലെയാണു താനെന്നും ‌ദിയ കൂട്ടിച്ചേര്‍ക്കുന്നു. 

ജീവിതത്തിലെ വേദനകള്‍ക്ക് ആരോടും വെറുപ്പും വിദ്വേഷവും തോന്നേണ്ട കാര്യമില്ലെന്നാണ് ദിയയുടെ അഭിപ്രായം. എനിക്കു കുറച്ചു വിഷമമൊക്കെ തോന്നിയിരുന്നു. എന്നാല്‍ ശാന്തതയിലേക്കും സമാധാനത്തിലേക്കും ഞാന്‍ തിരിച്ചുവന്നു. 14 വര്‍ഷമായി ധ്യാനം പരിശീലിക്കുന്നയാളാണു ഞാന്‍. പ്രഭാതങ്ങള്‍ ഞാന്‍ പൂന്തോട്ടത്തിലാണു ചെലവഴിക്കുന്നത്. വീടു നിറയെ, മുറി നിറയെ ഞാന്‍ ചെടികള്‍ വളര്‍ത്തുന്നുണ്ട്. പക്ഷികളും ചിത്രശലഭങ്ങളും സദാസമയം എന്റെ വീട്ടില്‍ പറന്നുനടക്കുന്നു. അങ്ങനെയൊന്നുമല്ലെങ്കില്‍ ഈ നഗരം നിങ്ങളെ കാര്‍ന്നുതിന്നും. വെറുപ്പും വിദ്വേഷവുമുള്ള ആളുകള്‍ ചുറ്റിലുമുണ്ട്. മാധ്യമങ്ങളുള്‍പ്പെടെ- ദിയ ആത്മരോഷത്തോടെ പറയുന്നു. 

ഈ മാസം ഒടുവില്‍ റിലീസ് ചെയ്യാന്‍പോകുന്ന തപ്പദ് സിനിമയില്‍ ശിവാനി ഫൊന്‍സേക എന്ന യുവതിയുട വേഷമാണ് ദിയയ്ക്ക്. തന്റെ സ്വഭാവവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ശിവാനിയെന്നും ദിയ പറയുന്നു.ഭര്‍ത്താവില്‍നിന്നും മോശം പെരുമാറ്റം ഉണ്ടായതിനെത്തുടര്‍ന്ന് ഒറ്റയ്ക്ക് ജീവിതത്തെ നേരിടാന്‍ തീരുമാനിച്ച ഒരു യുവതിയുടെ കഥയാണ് തപ്പദ് പറയുന്നത്. കഴിഞ്ഞവര്‍ഷം കാഫിര്‍ എന്ന വെബ് സിരീസിലും ദിയ അഭിനയിച്ചിരുന്നു. മുഗള്‍സ് എന്ന വെബ് സിരീസിലാണ് ഇനി ദിയ അഭിനിയിക്കാന്‍ പോകുന്നത്. മുഗള്‍ സാമ്രാജ്യത്തിന്റെ ഇന്ത്യയിലെ വളര്‍ച്ചയുടെയും തകര്‍ച്ചയുടെയും കഥ പറയുന്ന സീരീസ്. 

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ദിയ മിര്‍സയും ഭര്‍ത്താവ് സഹീല്‍ സംഘയും വേര്‍പിരിഞ്ഞത്. 2014 ലായിരുന്നു ഇരുവരും വിവാഹത്തിലൂടെ ഒരുമിച്ചത്. വിവാഹത്തില്‍നിന്നു പുറത്തുകടക്കുകയാണെങ്കിലും തങ്ങള്‍ സുഹൃത്തുക്കളായി തുടരുമെന്നും ദിയ അറിയിച്ചിരുന്നു. ആറു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ദിയയുടെയും സഹീലിന്റെയും വിവാഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA