ADVERTISEMENT

അതീവ സുന്ദരിയായിരിക്കണം. കുട്ടികളെ വളര്‍ത്താനുള്ള വിദഗ്ധ അറിവ് അത്യാവശ്യം. നന്നായി പാചകം ചെയ്യാനുള്ള കഴിവ്. സമ്പന്നയായിരിക്കണം. രാജ്യസ്നേഹം ഒട്ടും കുറയാനും പാടില്ല- തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാന്‍ തേടുന്ന വധുവിന്റെ ഗുണഗണങ്ങളാണിവ. ഈ ആവശ്യങ്ങളുമായി ചെറുപ്പക്കാരന്‍ ഒരു വര്‍ത്തമാനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. 

ബിഹാറില്‍നിന്നുള്ള ഡോ. അഭിനാവോ കുമാറാണ് സര്‍വഗുണസമ്പന്നയായ വധുവിനെ തേടുന്നത്. ഡോക്ടറാണെങ്കിലും അഭിനാവോ നിലവില്‍ തൊഴില്‍രഹിതനാണ്. പക്ഷേ അത് വധുവിനെ തേടുന്നതില്‍ ഒരു കുറവ് ആകരുതെന്നാണ് അദ്ദേഹം വിചാരിക്കുന്നതെന്നു വ്യക്തം.

സുന്ദരിയായിരിക്കണം എന്നത് അടിവരയിട്ടു പറയുന്നതിനൊപ്പം വേറെയും ഗുണങ്ങള്‍ വധുവിന് ഉണ്ടായിരിക്കണം എന്ന് അഭിനാവോ കുമാര്‍ പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. വിശ്വസ്തയായിരിക്കണം. ആശ്രയിക്കാന്‍ കഴിയുന്ന വ്യക്തിയായിരിക്കണം. സ്നേഹമുള്ള, ശ്രദ്ധയുള്ള, ധീരയായ, ശക്തയും സമ്പന്നയുമായ യുവതി. പരസ്യത്തില്‍ ഏറ്റവും രസകരമായ ഭാഗം ദേശാഭിമാനത്തെക്കുറിച്ച് പറയുന്നതാണ്. ഇന്ത്യാ രാജ്യത്തോട് അതീവ ദേശസ്നേഹമുള്ള വ്യക്തിയായിരിക്കണം എന്നതിനുപുറമെ, രാജ്യത്തിന്റെ സൈനിക ബലം വര്‍ധിപ്പിക്കാന്‍ തല്‍പരയായിരിക്കണം. കായിക ശക്തി വര്‍ധിപ്പിക്കാനുള്ള താല്‍പര്യവും കുറയാന്‍ പാടില്ല. ജാര്‍ഖണ്ടില്‍നിന്നോ ബിഹാറില്‍നിന്നോ ഉള്ള ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളായിരിക്കണം അപേക്ഷിക്കേണ്ടത്. 

ദയയും സ്നേഹവും തീര്‍ച്ചയായും ഉണ്ടായിരിക്കണം. കുട്ടികളെ നന്നായി വളര്‍ത്താനും അറിയണം- പരസ്യത്തില്‍ പറയുന്നു. പരസ്യം പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഭൂരിപക്ഷം പേര്‍ക്കും പരസ്യം വായിച്ചിട്ടു ചിരി അടക്കാനാവുന്നില്ല എന്നതാണു യാഥാര്‍ഥ്യം. പരസ്യത്തില്‍ പറയുന്ന പല ഗുണങ്ങളെക്കുറിച്ചും വിശദീകരണം വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. യുവാവ് എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നും ചിലര്‍ പറയുന്നു. 

പരസ്യത്തില്‍ പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവിനെ ഇതുവരെ കണ്ടെത്താനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല.

English Summary: Unemployed man wants very fair, extremely patriotic bride. Matrimonial ad goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com