ADVERTISEMENT

വിദ്യാഭ്യാസത്തിലും ജീവിത സാഹചര്യങ്ങളിലും ഉയർച്ച കൈവരിക്കുമ്പോഴും ദാമ്പത്യ ബന്ധങ്ങൾ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ  പെടാപ്പാടുപെടുന്നവരാണ് ഏറെയും. ജീവിതത്തിലെ തിരക്കുകളും തൊഴിൽ രംഗത്തെ പ്രശ്നങ്ങളും എല്ലാം ഇന്ന് ഭാര്യാ ഭർതൃ ബന്ധത്തിൽ വിള്ളൽ വീഴാൻ ഉള്ള കാരണങ്ങൾ ആണ്. പരസ്പര വിശ്വാസം കാത്തു സൂക്ഷിക്കുന്നതോടൊപ്പം സൗഹൃദപരമായ ഒരു അന്തരീക്ഷം ദമ്പതികൾക്കിടയിൽ നിലനിൽക്കേണ്ടത്  കുടുംബ ജീവിതം സുഗമമായി മുന്നോട്ടുപോകുന്നതിന് അനിവാര്യമാണ്. ഭാര്യ എന്ന പദവിക്ക്  ഉപരിയായി ഭർത്താവിന്റെ നല്ല സുഹൃത്താകാൻ സാധിച്ചാൽ കുടുംബ ജീവിതം കൂടതൽ ആസ്വാദ്യകരമാക്കാൻ സാധിക്കും. അത്തരത്തിൽ  ഭർത്താവിന്റെ ഉറ്റ സുഹൃത്ത് ആയിരിക്കാനുള്ള ചില വഴികൾ നോക്കാം

വിശ്വാസം തന്നെയാണ് എല്ലാം

താൻ ചെയ്യുന്നതും പറയുന്നതും ഭാര്യ പൂർണവിശ്വാസത്തിൽ എടുക്കുന്നില്ല  എന്ന് തോന്നിയാൽ ഭർത്താവിന് നിങ്ങളിൽ ഒരു സുഹൃത്തിനെ കാണാൻ സാധിക്കില്ല.   എന്തും തുറന്നു പറയാനുള്ള ഒരു അന്തരീക്ഷം ഒരുക്കുക എന്നത് തന്നെയാണ് അതിനാൽ പ്രധാനം. തന്നിൽ പൂർണ വിശ്വാസം ഭാര്യയ്ക്ക് ഉണ്ട് എന്ന് മനസ്സിലായാൽ ഏതു പ്രശ്നവും ആദ്യം  പങ്കാളിയോടു തന്നെ സംസാരിച്ചു ആശ്വാസം കണ്ടെത്താൻ ആയിരിക്കും അവർ ശ്രമിക്കുക.  പൂർണ വ്യക്തതയില്ലാത്ത കാര്യങ്ങൾ  ഭർത്താവിനോടു തന്നെ തുറന്നു സംസാരിച്ചു മനസിലാക്കാൻ ശ്രമിക്കുക..

നല്ല കേൾവിക്കാരി ആകാം

പുറത്തു പോയി ജോലി ചെയ്യുന്നവരാണ് ഇന്നത്തെ സ്ത്രീകളിൽ അധികവും. വീട്ടിലെ ജോലിയും ഓഫീസിലെ ജോലിഭാരവും എല്ലാം നൽകുന്ന മാനസിക പിരിമുറുക്കങ്ങൾക്കിടയിൽ നിങ്ങളുടെ ഭർത്താവിന്റെ ചെറിയ  പ്രശ്നങ്ങൾ ചിലപ്പോൾ കണക്കിലെടുക്കാതെ വന്നേക്കാം. സ്വന്തം പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം ഭർത്താവിന്റെ പ്രശ്നങ്ങൾ വിശദമായി കേൾക്കുന്നതിനും മനസ് കൊടുക്കുക. തന്റെ പ്രശ്നങ്ങൾക്കു  വേണ്ടത്ര പരിഗണന ലഭിക്കുന്നു എന്ന് ഇരുവർക്കും തോന്നിയാൽ അത് നല്ല ഒരു സൗഹൃദ അന്തരീക്ഷം വീടിനുള്ളിൽ ഉണ്ടാകുന്നതിന് കാരണമാകും.

നന്ദിയും സ്നേഹവും മടികൂടാതെ പ്രകടിപ്പിക്കാം

ഭർത്താവ് നിങ്ങൾക്ക് ചെയ്തു തരുന്ന ചെറിയ സഹായങ്ങൾക്കും നൽകുന്ന സമ്മാനങ്ങൾക്കുമെല്ലാം മടികൂടാതെ നന്ദി പ്രകടിപ്പിക്കാൻ ശ്രമിക്കുക. അത് ചെയ്യേണ്ട കടമ അദ്ദേഹത്തിനുണ്ട് എന്ന് മാത്രം ചിന്തിക്കാതെ മനസ്സു നിറഞ്ഞു സന്തോഷം പ്രകടിപ്പിച്ചാൽ അത് ഇരുവർക്കുമിടയിലെ ബന്ധത്തിന്റെ ആഴം ദൃഢമാകും.

നേട്ടങ്ങളിൽ മനസ്സറിഞ്ഞ് സന്തോഷിക്കാം: താഴ്ചകളിൽ താങ്ങാകാം

ഭർത്താവിനു ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുകയോ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കുകയോ ഒക്കെ ചെയ്യുന്ന അവസരങ്ങളിൽ നിങ്ങൾക്കുള്ള സന്തോഷം പ്രകടിപ്പിക്കുവാൻ ഒരിക്കലും മടി കാണിക്കാതിരിക്കുക. അവരുടെ  ഉയർച്ചകളിൽ നിങ്ങൾ അതീവ സന്തോഷവതിയാണ് എന്ന തിരിച്ചറിവ് ചെറിയ കാര്യങ്ങൾ പോലും ആദ്യം നിങ്ങളെ അറിയിക്കണമെന്ന തോന്നൽ ഭർത്താവിന് ഉണ്ടാകുന്നതിന് സഹായിക്കും. ഇതോടൊപ്പം  തൊഴിൽരംഗത്ത് ജീവിതത്തിലും ഒരു പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ അതിൽ അവർക്ക് പൂർണ പിന്തുണ നൽകേണ്ടത് നല്ല സൗഹൃദം സ്ഥാപിക്കുന്നതിന് അത്യാവശ്യമാണ്..  എന്തിനും ഭാര്യ കൂടെയുണ്ട് ഉണ്ട് എന്ന ചിന്ത അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.

തിരക്കുകൾക്കിടയിൽ കൂട്ടുകൂടാനും സമയം കണ്ടെത്താം

വീട്ടു ജോലികളിൽ നിന്നും തിരക്കുകളിൽ നിന്നും എല്ലാം അകന്ന് അല്പം സമയം കുടുംബത്തോടൊപ്പം തമാശകൾ പറയുന്നതിനും ഒരുമിച്ച് ഇരിക്കുന്നതിനുമായി ചിലവഴിക്കുന്നത് ബന്ധങ്ങൾ ദൃഢമാക്കുന്നതിന് സഹായിക്കും. കുടുംബത്തിനുള്ളിൽ  പോസിറ്റീവ് എനർജി നിറയുന്നതിന് ഇത് കാരണമാകും. ഭാര്യക്കൊപ്പം ചിലവഴിക്കുന്ന നല്ല നിമിഷങ്ങൾക്കായി ഭർത്താവും ആഗ്രഹിച്ചു തുടങ്ങുന്നതോടെ  ശക്തമായ സൗഹൃദം സ്ഥാപിക്കാൻ നിങ്ങൾക്ക് സാധിക്കും.

പിണക്കങ്ങൾ കിടക്ക വരെ

ദാമ്പത്യ ബന്ധങ്ങളിൽ ചെറിയ പിണക്കങ്ങൾ സർവസാധാരണമാണ്. എന്നാൽ എന്ത് പ്രശ്നം ആയാലും അത് ഉറങ്ങുന്നതിനു മുമ്പായി പറഞ്ഞുതീർത്തു രമ്യതയിൽ എത്താൻ ശ്രദ്ധിക്കുക. ഇത് ഒരു ശീലമായാൽ വീട്ടിലെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനു നിങ്ങൾക്ക് സാധിക്കും. ഭാര്യയാണ് തന്റെ ഏറ്റവും വലിയ സമാധാന സ്രോതസ് എന്ന ചിന്ത ഭർത്താവിന് ഉണ്ടായാൽ ഇരുവർക്കുമിടയിലെ സൗഹൃദം ശക്തമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com