sections
MORE

സ്ത്രീകൾ ഏറെ കുത്തി നോവിച്ചു; പ്രസവാനന്തര വിഷാദം ആകെ തകർത്തു: സമീറ റെഡ്ഢി

sameera-reddy
SHARE

പ്രസവാനന്തര വിഷാദത്തെക്കുറിച്ച് പലതവണ തുറന്നു പറഞ്ഞ താരമാണ് സമീറ റെഡ്ഢി. ഇപ്പോഴിതാ സമീറ റെഡ്ഢി പങ്കെടുത്ത ഒരു പരിപാടിയിൽ അവർ നടത്തിയ പ്രസംഗം വൈറലാകുന്നു. ഗർഭകാലത്തും പ്രസവശേഷവും താൻ നേരിട്ട ബോഡീ ഷെയിമിങ്ങിനെക്കുറിച്ചാണ് സമീറ തുറന്നു പറഞ്ഞിരിക്കുന്നത്. സമീറയുടെ വാക്കുകൾ ഇങ്ങനെ:അത്യാവശ്യം നല്ല ഉയരമുള്ള നാൽപതുകളിൽ എത്തിനിൽക്കുന്ന ബോഡിഷെയിമിങ്ങിന് ഇരയായിക്കൊണ്ടിരിക്കുന്ന വനിതയാണ് ഞാൻ. എന്നാൽ ഞാനിങ്ങനെയാണെന്ന് അംഗീകരിക്കുന്നതിന് മുൻപ് തടി കുറയ്ക്കാൻ വേണ്ടി പട്ടിണി കിടന്ന ഒരു കാലമുണ്ടായിരുന്നു. പ്രസവശേഷമുള്ള ഞാൻ ആ പഴയ ഞാനല്ല എന്ന തിരിച്ചറിവിലേക്ക് ഏറെ കഷ്ടപ്പെട്ടാണ് എത്തിയത്. ഗർഭവും പ്രസവവും ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് എന്നോട് ആരും പറഞ്ഞുതന്നിരുന്നില്ല. ഞാനെപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നത് സിനിമയിലും പരസ്യത്തിലുമൊക്കെ കാണുന്ന ആകാരവടിവുള്ള കൂൾ മോം ആകുമെന്നായിരുന്നു. എന്നാൽ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല.

എട്ടുമാസത്തോളം എനിക്ക് ബെഡ്റെസ്റ്റായിരുന്നു. സിസേറിയനിലൂടെയാണ് മകൻ ജനിച്ചത്. ഗർഭിണിയാകുന്ന സമയത്ത് 72 കിലോയായിരുന്നു എന്റെ ഭാരം. പ്രസവശേഷം അത് 105 കിലോയായി. തടി കൂടിയതോടൊപ്പം ഹോർമോണുകളുടെ ബാലൻസും തെറ്റി.  പ്രസവാനന്തര വിഷാദമെന്ന അവസ്ഥയാണ് എനിക്കെന്ന് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. കയ്യിലൊരു ഓമനക്കുഞ്ഞ്, സുന്ദരമായൊരു വീട്, സ്നേഹസമ്പന്നനായ ഭർത്താവ് എല്ലാം എനിക്കുണ്ട്. കുഞ്ഞുണ്ടായശേഷം വീട്ടിൽ നിറയുന്ന കളിചിരികളെക്കുറിച്ചും അവന്റെ കൊഞ്ചലുകളെക്കുറിച്ചുമൊക്കെ എല്ലാവരും പറഞ്ഞു. പക്ഷെ അപ്പോഴും ആരും എനിക്കുണ്ടാകാൻ സാധ്യതയുള്ള പ്രസവാനന്തര വിഷാദമെന്ന അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് അറിയാത്ത അവസ്ഥയിലൂടെ കടന്നുപോയതുകൊണ്ടാണ് ഞാനിപ്പോൾ നിങ്ങളോടിതു തുറന്നുപറയുന്നത്. സോഷ്യൽമീഡിയയും പരസ്യങ്ങളുമെല്ലാം സെക്സി അമ്മമാരെക്കുറിച്ച് മാത്രമാണ് പറയുന്നത്. എന്റെ അടുത്ത് കിടക്കുന്ന ഞാൻ പ്രസവിച്ച എന്റെ കുഞ്ഞാണെന്ന ഓർമപോലും എനിക്ക് ഇല്ലാതെയായി. 

എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ഭർത്താവിനോട് ചോദിച്ചുകൊണ്ടേയിരുന്നു. പ്രസവശേഷം ഒരാഴ്ചയോളം എനിക്കെന്താണ് സംഭവിച്ചതെന്ന് വേർതിരിച്ചെടുക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.വിഷാദത്തിൽ നിന്നും കരകയറിയ ശേഷം എന്നെ കാത്തിരുന്നത് ബോഡിഷെയിമിങ്ങായിരുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വാക്കുകൾ കൊണ്ട് കുത്തിനോവിച്ചത്. പുറത്തൊക്കെ പോകുമ്പോൾ അവർ എന്നോട് വന്ന് നിങ്ങൾ സമീറ റെഡ്ഢിയല്ലേ? നിങ്ങൾക്കെന്താണ് സംഭവിച്ചത്? എങ്ങനെയാണ് ഇങ്ങനെയായതെന്ന് ചോദിക്കും? എന്റെ അറിവിൽ പ്രസവശേഷം പഴയ ആകാരവടിവുള്ള ഒരു സ്ത്രീപോലുമില്ല. എന്നിട്ടാണ് സ്ത്രീകൾ എന്നെ ജഡ്ജ് ചെയ്തുകൊണ്ടിരുന്നത്.

ഞാനെന്റെ ശരീരത്തെ ഒരുപാട് വെറുത്തു. കണ്ണാടിയിൽ എനിക്ക് എന്നെ കാണാൻ ഇഷ്ടമായിരുന്നില്ല. തടിവെച്ച എന്നെ കാണുമ്പോൾ ഞാൻ കരയുമായിരുന്നു. പഴയ സമീറ എവിടെപ്പോയി എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. അതിനുള്ള കാരണം, എല്ലാവരും ഓർമപ്പെടുത്തിക്കൊണ്ടിരുന്നത് പഴയ സെക്സി സമീറ റെഡ്ഢിയെക്കുറിച്ച് മാത്രമാണ്. ഇപ്പോഴുള്ള എന്നെക്കുറിച്ച് ആരും സംസാരിച്ചില്ല. അത് എന്റെ അവസ്ഥയെ കൂടുതൽ മോശമാക്കി.ഒരു പ്രസവം കഴിഞ്ഞതോടെയാണ് എനിക്ക് തടി കൂടിയതെന്ന് സ്ത്രീകൾ പോലും മനസിലാക്കാതിരുന്നത് എന്നെ വേദനിപ്പിച്ചു. സാരമില്ല സമീറ, എല്ലാം ശരിയാകും എന്ന് ആരെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്ലെന്ന് ഞാൻ ആഗ്രഹിച്ചു. 

ഭർത്താവ് എന്റെ അടുത്ത് വരുന്നത് പോലും ഞാൻ വെറുത്തു. എന്നാൽ അപ്പോഴൊക്കെയും അദ്ദേഹമെന്നെ ചേർത്തുപിടിച്ചു. രണ്ടാമതും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഭർത്താവിന് ഭയമായിരുന്നു, ഞാൻ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപോകുമോയെന്ന്. എന്നാൽ അപ്പോഴേക്കും പ്രസവാനന്തരമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവതിയായി.ഇംപെർഫക്ഷനാണ് എന്റെ പെർഫക്ഷനെന്ന് ഞാനിന്ന് തിരിച്ചറിയുന്നു. എന്റെ വയറിലുണ്ടായ പാടുകളെ രണ്ട് യുദ്ധങ്ങൾക്ക് സമാനമായ മുറിപ്പാടുകളെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സ്ത്രീകൾ എന്ന് സ്വയം ഇഷ്ടപ്പെടാൻ തുടങ്ങുന്നുവോ, അന്ന് ജീവിതവിജയത്തിലേക്കുള്ള പടവുകൾ കയറാൻ തുടങ്ങും.

English Summary: Sameera Reddy About Postpartum Depression

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA