ADVERTISEMENT

രാജകീയ അധികാരവും അവകാശങ്ങളും ത്യജിച്ച് ബ്രിട്ടിഷ് രാജകുടുംബത്തോട് വിടപറഞ്ഞ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും വീണ്ടും ലണ്ടനിലെ പൊതുവേദിയില്‍. ജനുവരിയിലെ ത്യാഗ പ്രഖ്യാപനത്തിനുശേഷം കഴിഞ്ഞയാഴ്ച അവസാനത്തിലാണ് ഇരുവരും വീണ്ടും പൊതുരംഗത്ത് സജീവമായത്. മുറിവേറ്റ സൈനികര്‍ക്കു പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലാണ് ഇരുവരും എത്തിയത്. ബ്രിട്ടിഷ് രാജകുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഇരുവരും അവസാനമായി പങ്കെടുക്കുന്ന ചടങ്ങുകളിലൊന്നാണിത്. 

രാജ്യാവകാശങ്ങള്‍ ത്യജിക്കുകയാണെന്ന ലോകത്തെ തന്നെ ഞെട്ടിച്ച പ്രഖ്യാപനത്തിനുശേഷം ഹാരിയും മേഗനും കാനഡയിലാണ് താമസിച്ചിരുന്നത്. ഹാരിക്ക് തുടര്‍ന്നും രാജകുമാരന്‍ എന്ന പദവി പേരിനൊപ്പം ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചടങ്ങുകളില്‍, തന്നെ ഹാരി എന്നു മാത്രം വിളിച്ചാല്‍ മതിയെന്നാണ് അദ്ദേഹം അവതാരകരോടും മറ്റും പറയുന്നത്. മഴയെ ഒഴിവാക്കാന്‍ കുട പിടിച്ച് ഹാരിയും മേഗനും എത്തിയപ്പോള്‍ കൂടിനിന്നവരില്‍ ചിലര്‍ കൂവി വിളിക്കുന്നുണ്ടായിരുന്നു. 

വെള്ളിയാഴ്ച ഫോര്‍മുല വണ്‍ ചാംപ്യന്‍ ലൂയി ഹാമില്‍ട്ടനൊപ്പം ഹാരി ഒരു മ്യൂസിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം 31 നാണ് ഇരുവരും ഔദ്യോഗികമായി രാജകീയ പദവികളില്‍നിന്ന് വിടുതല്‍ നേടുന്നത്. അതിനുമുമ്പ് അടുത്തയാഴ്ച ബ്രിട്ടിഷ് രാജ്ഞിക്കൊപ്പം ഒരു ചടങ്ങിലും ഹാരി പങ്കെടുക്കുന്നുണ്ട്. രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും അന്ന് ഒരേ വേദിയില്‍ അണിനിരക്കുന്നുണ്ട്. ഹാരിയുടെ പിതാവ് ചാള്‍സ്, സഹോദരന്‍ വില്യം രാജകുമാരന്‍ എന്നിവരും അന്ന് വേദിയിലെത്തും. വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ കോമണ്‍വെല്‍ത്ത് സര്‍വീസിന്റെ വാര്‍ഷിക ചടങ്ങാണ് വേദി. അതിനുശേഷം മറ്റൊരു ചടങ്ങില്‍ ഹാരിയെ ബ്രിട്ടനില്‍ കാണാന്‍ കഴിയുമോയെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. 

ഹാരിയും മേഗനും വേര്‍പിരിഞ്ഞുപോകുന്നിതില്‍ കഠിന ദുഃഖം അനുഭവിക്കുന്നത് 90 വയസ്സ് കഴിഞ്ഞ രാജ്ഞിയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. തന്റെ കൊച്ചുമകനായ ഹാരിയുടെ മകന്‍ ആര്‍ച്ചിയെ ലാളിച്ചും കൊഞ്ചിച്ചും രാജ്ഞിക്കു മതിയായിട്ടില്ലത്രേ. പെട്ടെന്നുള്ള തീരുമാനത്തോടെ ആര്‍ച്ചിയെ രാജ്ഞിക്ക് നഷ്ടപ്പെടുകയാണ്. ഇപ്പോഴത്തെ യാത്രയില്‍ ഹാരിയും മേഗനും ആര്‍ച്ചിയെ കൂടെ കൊണ്ടുവന്നിട്ടുമില്ല. 

കഴിഞ്ഞയാഴ്ച ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹാരി ബ്രിട്ടിഷ് കൊട്ടാരത്തില്‍വച്ച് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വികാരനിര്‍ഭരമായിരുന്നു ആ കൂടിക്കാഴ്ചയെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എവിടേക്ക് പോയാലും എപ്പോള്‍ വേണമെങ്കിലും ഹാരിക്ക് രാജകൊട്ടാരത്തിലേക്ക് മടങ്ങിവരാമെന്ന് അന്ന് രാജ്ഞി ഹാരിക്ക് വാക്ക് കൊടുത്തെന്നും പറയപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com