ADVERTISEMENT

തിരക്കഥാകൃത്ത് ഹിമാന്‍ഷു ശര്‍മയുമായുള്ള ബന്ധം തകര്‍ന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സ്വര ഭാസ്കര്‍ രംഗത്ത്. രണ്ടു പേരുടെയും ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. ആരും തെറ്റുകാരുമല്ല. ആരും ആരെയും വഞ്ചിച്ചിട്ടുമില്ല- സ്വര പറയുന്നു. 2011 ല്‍ ‘തനു വെഡ്സ് മനു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്  ഹിമാന്‍ഷുവുമായുള്ള ബന്ധം സ്വര തുടങ്ങുന്നത്. 

വേര്‍പിരിയല്‍ ബുദ്ധിമുട്ടായിരുന്നോ എന്ന ചോദ്യത്തിനും സ്വര മറുപടി പറഞ്ഞു: ബന്ധം തകരുക എന്നത് എക്കാലത്തും എല്ലാവര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. വേദന സഹിക്കാനുള്ള കരുത്ത് നേടുക എന്നതാണ് പ്രധാനം. ഞങ്ങളുടെ കാര്യത്തില്‍ വളരെ വലിയ ദൗര്‍ഭാഗ്യമാണ് സംഭവിച്ചത്. എന്തായാലും അപ്പോഴോ , ഈ സമയത്തോ എനിക്ക് അതിനെക്കുറിച്ച് ദേഷ്യമോ വിദ്വേഷമോ പ്രതികാരമോ ഒന്നും തോന്നുന്നില്ല. കാരണം ഞങ്ങള്‍ രണ്ടുപേരുടെയും ഭാഗത്തുനിന്ന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല. സാധാരണ ബന്ധം തകരുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളൊന്നുമല്ല ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചത്. 

ദേശീയ പുരസ്കാരം നേടിയ തിരക്കഥാ കൃത്തായ ഹിമാന്‍ഷുവുമായുള്ള ബന്ധം എങ്ങനെയായിരുന്നുവെന്നും എങ്ങനെ തകര്‍ന്നുവെന്നും കൂടി നടി വെളിപ്പെടുത്തി. ഒരു വഴിയിലൂടെ രണ്ടു പേര്‍ ഒരുമിച്ചു നടക്കുന്നതുപോലെയാണ് ബന്ധങ്ങള്‍. വഴിയില്‍ ഇടയ്ക്ക് ഒരു ജംഗ്ഷനിലെത്തുന്നു. അവിടെ നിന്ന് രണ്ടു വഴികളുണ്ട്. ഒന്നു വലത്തേക്കും ഒന്ന് ഇടത്തേക്കും. ഒരാള്‍ വലത്തേക്ക് പോകാന്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റേയാള്‍ക്ക് പോകേണ്ടത് ഇടത്തേക്ക്. എന്റെ ലക്ഷ്യം എനിക്ക് പ്രധാനമല്ല, ‍ഞാന്‍ നിന്നോടൊത്ത് വരാം എന്ന് ചിലപ്പോള്‍ ഒരാള്‍ പറഞ്ഞേക്കാം. എന്നാല്‍ രണ്ടു പേരും അവരവരുടേതായ ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറാകാതെ വരുമ്പോള്‍ ഗുഡ്ബൈ പറയേണ്ടിവരും. അതാണ് ഞങ്ങളുടെ ബന്ധത്തില്‍ സംഭവിച്ചത്.

ഞങ്ങള്‍ക്ക് ഞങ്ങളുടെ മാത്രം ഇഷ്ടം നോക്കിയാല്‍ മതിയാകില്ലായിരുന്നു. കൂടെയുള്ളവരുടെയും ഇഷ്ടം നോക്കണമായിരുന്നു. അങ്ങനെയാണ് ഓരോ വ്യക്തിയും വളരുന്നതെന്നും ഞാന്‍ വിചാരിക്കുന്നു. ഇതൊരു തമാശയല്ല. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും താല്‍പര്യങ്ങളും എനിക്കു പരിഗണിക്കണമായിരുന്നു. അതുകൊണ്ട് ബന്ധം പിരിഞ്ഞതിനുശേഷവും എനിക്ക് വലിയ തോതിലുള്ള പിന്തുണ ലഭിച്ചു- നടി പറയുന്നു.  

കഴിഞ്ഞ വര്‍ഷം ആദ്യം തന്നെ ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ തയാറെടുക്കുന്നു എന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒന്നിലധികം മികച്ച സിനിമകളില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തതിനുശേഷമായിരുന്നു ഭിന്നത ഉടലെടുത്തതും വാര്‍ത്തകള്‍ പുറത്തുവന്നതും. 2009 ലാണ് സ്വര ബോളിവുഡില്‍  അരങ്ങേറ്റം കുറിക്കുന്നത്. തിരക്കഥാകൃത്ത് എന്നതിനു പുറമെ സിനിമാ നിര്‍മാതാവ് കൂടിയാണ് ഹിമാന്‍ഷു. 

English Summary: Swara Bhasker On Break-Up With Himanshu Sharma: "Nobody Cheated On Anyone"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com