ADVERTISEMENT

ക്രിസ്റ്റി സാഞ്ചസിന് അന്നു 12 വയസ്. വളര്‍ത്തച്ഛന്‍ ടോമിനെ  ജീവനു തുല്യം  സ്നേഹമായിരുന്നു ആ കുട്ടിക്ക്. പുതിയ പുസ്തകങ്ങളിലേക്കും സിനിമയിലേക്കുമൊക്കെ അവളെ നയിച്ചതും അച്ഛന്‍ തന്നെ. ആയിടയ്ക്കാണ് സാഞ്ചസിന്റെ അമ്മയ്ക്ക് അസുഖം ബാധിച്ചത്. രണ്ടു വര്‍ഷത്തോളം അവര്‍ക്ക് കാന്‍സറിനെതിരായ പോരാട്ടം നടത്തേണ്ടിവന്നു. ബ്രെസ്റ്റ് കാന്‍സറിന്റെ നാലാം ഘട്ടം. രോഗം കണ്ടുപിടിച്ച് ദിവസങ്ങള്‍ക്കകം മാറിടങ്ങള്‍ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. അപ്പോഴും സാഞ്ചസിന് ആശ്വാസം ടോം തന്നെയായിരുന്നു. ആദ്യമൊക്കെ ഭാര്യയ്ക്കൊപ്പം അയാള്‍ തന്നെയായാണ് ആശുപത്രിയില്‍ പോയിരുന്നതും ഡോക്ടറെ കാണുന്നതുമൊക്കെ. അടുക്കളയിലെ ജോലിയും അയാള്‍ തന്നെ ചെയ്തു. ചികിത്സ തുടര്‍ന്നുകൊണ്ടിരുന്നു. കീമോതെറാപ്പി തുടങ്ങിയതോടെ ഭാര്യയുടെ ആരോഗ്യം കാര്യമായി ക്ഷയിച്ചു. അവര്‍ മിക്ക സമയവും കട്ടിലില്‍ വിശ്രമത്തിലായിരിക്കും. അതോടെ ടോമിന്റെ സ്വഭാവത്തിലും മാറ്റം പ്രകടമായി. ഓരോ ജോലിയും ഏറ്റെടുത്തു ചെയ്യേണ്ടിവരുമ്പോള്‍ അയാള്‍ ആരെയോ ശപിക്കാന്‍ തുടങ്ങി. അനിയന്ത്രിതമായി ദേഷ്യപ്പെടാന്‍ തുടങ്ങി. ഒടുവില്‍ അയാള്‍ വീട് വിട്ടു പോകുകതന്നെ ചെയ്തു. 

സാഞ്ചസ് തന്നെയാണ് സംഭവം കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഫെയ്സ്ബുക്കില്‍ എഴുതിയത്. പോസ്റ്റ് വൈറലായതിനൊപ്പം ഒട്ടേറെ ആളുുകള്‍ അവരവരുടെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്യാനും തുടങ്ങി. വീട്ടില്‍ എല്ലാ ജോലിയും ചെയ്തിരുന്ന സ്ത്രീകള്‍ രോഗം മൂലം അവശരായതോടെ പുരുഷന്‍മാര്‍ അവരെയും വീടും ഉപേക്ഷിച്ച് പോയതിനെക്കുറിച്ചായിരുന്നു പല പോസ്റ്റുകളും. കാന്‍സര്‍ രോഗത്തിന്റെ നാലം ഘട്ടത്തിലായവരെക്കൊണ്ടുപോലും എല്ലാ ജോലിയും ചെയ്യിപ്പിക്കുന്നവരെക്കുറിച്ചും ചിലര്‍ എഴുതി. ഇതേക്കുറിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ഒരു ഞെട്ടിപ്പിക്കുന്ന വസ്തുതയുണ്ട്: മിക്കവര്‍ക്കും അവരുടെ രോഗത്തിന്റെ ഘട്ടത്തില്‍ പങ്കാളികള്‍ കൂടെ കാണാറില്ല. രോഗം വരുന്നതോടെ വിവാഹമോചനം നേടുന്നവരുടെ എണ്ണവും കുറവല്ല- 6 ശതമാനം. 

രോഗത്തിന്റെ പേരില്‍ പങ്കാളികളെ ഉപേക്ഷിക്കുന്നവരെക്കുറിച്ചു പഠനം വിശദീകരിക്കുന്നുണ്ട്. സാധാരണയായി പുരുഷന്‍മാരാണ് രോഗികളായ പങ്കാളികളെ ഉപേക്ഷിച്ചു പോകുന്നത്. തങ്ങളുടെ പങ്കാളികള്‍ രോഗത്തിന്റെ ഏതു ഘട്ടത്തിലെത്തിയാലും സ്ത്രീകള്‍ പൊതുവെ അവരെ ഉപേക്ഷിച്ചുപോകാറില്ലത്രേ. രോഗം മൂലം അമ്മ അവശനിലയിലായപ്പോള്‍ പോലും പിതാവ് കംപ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുകയും അവരെക്കൊണ്ട് ജോലിയെടുപ്പിക്കുകയും ചെയ്തതിനെക്കുറിച്ച് ക്രിസ്റ്റി സാഞ്ചസിന്റെ കുറിപ്പിലുണ്ട്. എപ്പോഴാണോ തങ്ങള്‍ക്ക് ഒരച്ഛന്റെ സാന്നിധ്യം വേണ്ടിയിരുന്നത് അതേഘട്ടത്തില്‍ അദ്ദേഹം തങ്ങളെ ഉപേക്ഷിച്ചുപോയെന്നാണ് സാഞ്ചസ് എഴുതിയത്. പല വീടുകളിലും ഇന്ന് പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും ജോലി ചെയ്യുന്നവരും പണം സമ്പാദിക്കുന്നരുമാണ്. യുഎസിലെ 41 ശതമാനം വീടുകളിലും വീട് നടത്തിക്കൊണ്ടുപോകുന്നതും സ്ത്രീകള്‍ തന്നെയാണ്. പുരുഷന്‍മാരില്‍ പലരും വീടുകളില്‍ തന്നെ ഇരുന്ന് കുട്ടികളെ നോക്കുകയാണ്. എന്നാലും സ്ത്രീകള്‍ അസുഖബാധിതരാകുമ്പോള്‍ അവരെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പല പുരുഷന്‍മാരും മടി കാണിക്കാറില്ല. ചിലരാകട്ടെ വീടു തന്നെ ഉപേക്ഷിച്ചു പോകുക പോലും ചെയ്യുന്നു.

പരിചരണം എന്ന ആശയത്തെ സ്ത്രീകളും പുരുഷന്‍മാരും വ്യത്യസ്തമായിട്ടാണ് കാണുന്നത്. ഈ വിഷയത്തില്‍ നടത്തിയ എല്ലാ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പുരുഷന്‍മാരുടെ ഭാഗത്തുനിന്നുള്ള ക്രൂരമായ പെരുമാറ്റമാണ്. രോഗത്തിന്റെ സമയത്താണ് മറ്റേതു കാലത്തില്‍നിന്നും വ്യത്യസ്തമായി ആരും പങ്കാളിയുടെ സാമീപ്യം കൊതിക്കുന്നത്. സ്നേഹവും പരിചരണവും ആശ്വാസവും ആവശ്യപ്പെടുന്നത്. 

തങ്ങളുടെ പങ്കാളികളായ സ്ത്രീകള്‍ രോഗികളാകുന്നതിനെ പുരുഷന്‍മാര്‍ യാന്ത്രികമായിട്ടാണത്രേ കാണുന്നത്. പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമായി. സ്ത്രീകള്‍ക്ക് ജോലിക്കു പോകാനാകാതെ വരികയും, വീട്ടു ജോലിയില്‍ ശ്രദ്ധിക്കാതെ വരികയും ചെയ്യുന്നതോടെ പുരുഷന്‍മാര്‍ അസ്വസ്ഥരാകുന്നു. ഇതുകൊണ്ടാണ് രോഗത്തിന്റെ ഘട്ടത്തിലും പല സ്ത്രീകള്‍ക്കും താരതമ്യേന കൂടുതല്‍ വീട്ടുജോലികള്‍ ചെയ്യേണ്ടിവരുന്നത്.രോഗം ബാധിക്കുന്നതോടെ തങ്ങള്‍ ബാധ്യതയായി മാറുന്നോ എന്ന ചിന്തയും സ്ത്രീകള്‍ക്ക് ഉണ്ടാകുന്നുണ്ടത്രേ. ഇതുമൂലം അവര്‍ സ്വമേധയാ പല ജോലികളും ഏറ്റെടുത്ത് ചെയ്യുന്നു.  രോഗത്തെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ലോകമെങ്ങും പുരുഷന്‍മാരുടെ കാഴ്ചപ്പാടില്‍ മാറ്റം വരണമെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ഥ സ്നേഹം രോഗത്തിന്റെ കാലത്തും സാധ്യമാണെന്നും. 

English Summary: The men who leave their spouses when they have a life-threatening illness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com