ADVERTISEMENT

ലോകത്തെ പിടികൂടിയ കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഉത്ഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നാളുകളായി നീണ്ടു നിന്നിരുന്ന ലോക്ഡൗൺ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. 11 ആഴ്ച നീണ്ടുനിന്ന ലോക്ഡൗൺ കഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയത് പക്ഷേ ചൈനയിലെ ടെക്കികൾക്ക് തലവേദനയായിരിക്കുകയാണ്. വിവാഹ അപേക്ഷകളുടെ കുത്തൊഴുക്കാണ് ഈ പ്രതിസന്ധിക്ക് കാരണം. അപേക്ഷകളുടെ എണ്ണം പെരുകിയതോടെ വിവാഹ അപേക്ഷാ സംവിധാനം തന്നെ തകരാറിലായി.

ബുധനാഴ്ച ലോക്ഡൗൺ അവസാനിച്ചതോടെ വുഹാനിലെ പ്രണയിതാക്കൾ ഒരു നിമിഷം പോലും വൈകിയില്ല. ചൈനയിലെ ടെക് പ്ലാറ്റ്ഫോമായ അലിപേയുടെ നിയന്ത്രണത്തിലുള്ള പ്രാദേശികമായ വിവാഹ അപേക്ഷാ സംവിധാനത്തിൻെറ ഉപയോക്താക്കളുടെ എണ്ണത്തിൽ 300 ശതമാനം വർദ്ധനവാണ് ഒറ്റ ദിവസം കൊണ്ട് തന്നെ രേഖപ്പെടുത്തിയത്. ഇതുമൂലം അപേക്ഷാ സംവിധാനം താൽക്കാലികമായ പ്രശ്നങ്ങൾ നേരിടുന്നതായി ചൈനയുടെ വെയിബോ എന്ന മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമിലൂടെ അലിപേ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. സംവിധാനം പൂർണമായി തകരാറിലായിട്ടില്ലെന്നും എന്നാൽ അപേക്ഷകൾ സമർപ്പിക്കാൻ ഏറെനേരം ശ്രമിക്കേണ്ടിവരും എന്നുമാണ് അറിയിച്ചിരിക്കുന്നത്.

വുഹാൻ നഗരത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഫെബ്രുവരി,  മാർച്ച് മാസങ്ങളിൽ വിവാഹ അപേക്ഷകൾ സ്വീകരിക്കുന്നതും നിർത്തിവെച്ചിരുന്നു. 11 ദശലക്ഷം ജനങ്ങളാണ് നഗരത്തിൽ ഉള്ളത്. രണ്ടു മാസത്തിലധികം നഗരം പൂർണമായി അടച്ചിട്ടതിനെ തുടർന്ന് വിവാഹം കഴിക്കാൻ സാധിക്കാതെ വന്നവർ ഒറ്റദിവസംകൊണ്ട് അപേക്ഷകൾ സമർപ്പിക്കാൻ തിരക്ക് കൂട്ടിയതാണ് സംവിധാനത്തെ തകരാറിൽ ആക്കിയത്.

അതേസമയം ലോക്ഡൗൺ അവസാനിച്ചുവെങ്കിലും കർശനമായി നിയന്ത്രണങ്ങൾ പാലിക്കണമെന്ന മുന്നറിയിപ്പ് അധികൃതർ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കണം എന്ന നിർദ്ദേശവും ജനങ്ങൾക്ക് നിരന്തരം നൽകിക്കൊണ്ടിരിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിൽ അണുനാശിനികൾ തളിക്കുന്നതിനായി റോബോട്ടുകളെയും ഇറക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com