sections
MORE

കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ ഫോണ്‍ തുറന്നപ്പോൾ ഹൃദയം പിളര്‍ക്കുന്ന സന്ദേശം; അവിസ്മരണീയവും

katie-coelho
SHARE

ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ജൊനാതന്‍ പോരാടുമ്പോള്‍ കേറ്റി കൊയ്‍ലോ പ്രാര്‍ഥനയിലായിരുന്നു. അമേരിക്കയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യ കേറ്റി വീട്ടില്‍ പ്രാര്‍ഥനയിലും. പക്ഷേ, ഏപ്രില്‍ 22 ന് കേറ്റിനെ തേടിയെത്തിയത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത. കണക്റ്റികട്ടില്‍ ഡണ്‍ബറിയലെ ആശുപത്രിയില്‍ കേറ്റി എത്തി. ജൊനാതന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വസ്തുക്കളെല്ലാം ആശുപത്രി അധികൃതര്‍ കൈമാറി. അവയുടെ കൂട്ടത്തില്‍ ഒരു മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. ഫോണ്‍ തുറന്നുനോക്കിയ കേറ്റി കണ്ടത് ജോനാതന്റെ അത്യൂപൂര്‍വമായ ഒരു സന്ദേശം. ഹൃദയം പിളര്‍ക്കുന്നതായിരുന്നു അത്, എന്നാല്‍ അവിസ്മരണീയവും.

താന്‍ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനാണെന്നാണ് ജോനാതന്‍ അവസാനത്തെ കത്തില്‍ എഴുതിയത്. കാരണം തനിക്ക് കേറ്റിനെപ്പോലെ ഒരു നല്ല സ്ത്രീയെ ഭാര്യയായി കിട്ടി. കിട്ടാവുന്നതില്‍വച്ച് ഏറ്റവും നല്ല ജീവിതം തനിക്ക് കേറ്റ് തന്നുവെന്നും ജൊനാതന്‍ കുറിച്ചിട്ടുണ്ട്. ദമ്പതികള്‍ക്കു രണ്ടു മക്കളാണുള്ളത്. 2 വയസ്സുള്ള ബ്രെയ്ഡനും പത്തു മാസം മാത്രം പ്രായമുള്ള പിനിലോപ്പും. കേറ്റിന്റെ ഭര്‍ത്താവായതില്‍ ഞാന്‍ അഭിമാനിക്കുന്നു; ബ്രെയ്ഡന്റെയും പിനിലോപ്പിന്റെയും അച്ഛനായതിലും: ജൊനാതന്റെ അവസാന വാക്കുകള്‍.

'നിന്നെ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നെന്നോ. കാരണം ഏറ്റവും മികച്ച ജീവിതമാണ് നീ എനിക്കു നല്‍കിയത്. കേറ്റീ, ഞാന്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നീ. ഏറ്റവും കരുണയുള്ളവള്‍. സ്നേഹവും സാന്ത്വനവും തന്ന പ്രിയപ്പെട്ടവള്‍. അപൂര്‍വം ഭാര്യമാരില്‍ ഒരാളാണ് നീ. സ്നേഹത്തോടെ, എന്നെ പരിചരിച്ച, ശുശ്രൂഷിച്ച എന്റെ പ്രിയപ്പെട്ട പ്രണയിനി. ഒരിക്കല്‍ ഞാന്‍ നിന്നെ പ്രണയിച്ചപ്പോള്‍ നീ എത്രമാത്രം സന്തോഷവതിയായിരുന്നോ അതേ സന്തോഷത്തോടെ ഇനിയും ജീവിക്കുക. കുട്ടികളുടെ പ്രിയപ്പെട്ട അമ്മയായി നീ ജീവിക്കുന്നതു കാണുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. ഇനിയും അങ്ങനെതന്നെ തുടരൂ.'

ബ്രെയ്ഡന്‍, നീയാണ് എന്നെ അച്ഛന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. അതൊരിക്കലും മറക്കാനാകില്ല. നീ മകനാണെന്നു പറയുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ നീ ഇനിയും തുടരുക. പിനിലോപ്, നീ ഒരു രാജകുമാരിയാണ്. ഇനിയുള്ള ജീവിതത്തിലും നീ സന്തോഷവതിയായി, സ്നേഹമയിയായി ജീവിക്കൂ. സ്നേഹിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ അവരെ ജീവിതത്തിലേക്ക് ക്ഷണിക്കാനും നിങ്ങള്‍ മടിക്കേണ്ടതില്ല. നിങ്ങളുടെ സന്തോഷമാണ് എന്റെയും സന്തോഷം. എന്തുതന്നെ സംഭവിച്ചാലും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കൂ- ജൊനാതന്‍ അവസാനത്തെ നോട്ടില്‍ എഴുതി.

മാര്‍ച്ച് 26 നാണ് ജൊനാതന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഏപ്രില്‍ 22 ന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. 28 ദിവസം അദ്ദേഹം ആശുപത്രിയിലായിരുന്നു. 20 ദിവസം തീവ്രപരിചരണ വിഭാഗത്തിലും. പ്രാദേശിക കോടതിയുമായി ബന്ധപ്പെട്ട് അത്യാവശ്യ സേവന വിഭാഗത്തിലായിരുന്നു അദ്ദേഹത്തിനു ജോലി. കോവിഡ് പടരുമ്പോഴും വിശ്രമമില്ലാതെ ജോലിയിലുമായിരുന്നു. രോഗം ബാധിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാലും അവസാനം കീഴടങ്ങാനായിരുന്നു വിധി. 50,000 ല്‍ അധികം പേരാണ് ഇതുവരെ യുഎസില്‍ കോവിഡിന് കീഴടങ്ങിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA