ADVERTISEMENT

‘എന്റെ അടുത്ത സുഹൃത്തും എന്റെ പങ്കാളിയും ഒരു പോരാളിയാണ്. പ്രതിസന്ധികളോട് ധൈര്യത്തോടെ പോരാടിയ വ്യക്തി. നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നൽകാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു. പക്ഷേ, നിങ്ങളുടെ എല്ലാം പ്രര്‍ഥനയും സ്നേഹവും ഞങ്ങൾക്കു വേണം. ഒരു യോദ്ധാവിന്റെ മനോബലം എനിക്കു നൽകിയ പങ്കാളിയോടും ദൈവത്തോടും നന്ദിയുണ്ട്. ഇപ്പോൾ ഞാൻ മറ്റൊരു യുദ്ധക്കളത്തിലാണ്.’ ഇർഫാൻ ഖാന് രോഗനിർണയം നടത്തിയതിനു പിന്നാലെ ഭാര്യ സുതപ സിക്തർ പറഞ്ഞ വാക്കുകളാണ് ഇത്.

ബോളിവുഡ് ഇന്നുവരെ കണ്ടുശീലിച്ച രീതിയായിരുന്നില്ല അവരുടേത്. പഠനകാലം മുതലുള്ള സൗഹൃദം ജീവിതത്തിലും തുടർന്നു കൊണ്ടുപോയവരായിരുന്നു സുതപയും ഇർഫാനും. ചലച്ചിത്ര പുരസ്കാര ചടങ്ങുകളിലോ മറ്റോ ഇർഫാനൊപ്പം സുതപയെ അങ്ങനെ ആരും കണ്ടുകാണില്ല. പക്ഷേ, ഹൃദയത്തോട് അത്രയേറെ ചേർന്ന ഒരാൾ ആരെന്ന ചോദ്യത്തിന് എക്കാലത്തും ഒറ്റ ഉത്തരമേ ഇർഫാൻ ഖാന് ഉണ്ടായിരുന്നുള്ളൂ. ആത്മാർഥ സുഹൃത്തും ജീവിതസഖിയുമായ സുതപ. 25 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ സിനിമ രംഗത്തും വ്യക്തിജീവിതത്തിലും ഇർഫാന്റെ താങ്ങായിരുന്നു അവർ. വീട്ടിലുള്ളപ്പോൾ ഡയലോഗുകൾ പോലും തന്നെ പഠിപ്പിക്കുമായിരുന്നു സുതപയെന്ന് പല അഭിമുഖങ്ങളിലും ഇർഫാൻ തന്നെ പറഞ്ഞിരുന്നു. സ്നേഹത്തിന്റെ മറ്റൊരു മുഖം.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സഹപാഠികളായിരുന്നു സുതപയും ഇർഫാനും. അക്കാലത്തു തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇർഫാന്റെ ഉയർച്ചകളിലും താഴ്ചകളിലും ഒരുപോലെ കൂട്ടുനിന്നു സുതപ. 1995 ഫെബ്രുവരി 23നായിരുന്നു വിവാഹം. അന്നുതൊട്ട് ഇർഫാന്റെ മരണം വരെ ഒരുമിച്ച്. ഇക്കാലമത്രയും സിനിമയിലും വ്യക്തിജീവിതത്തിലും പലപ്രതിസന്ധി ഘട്ടങ്ങളിലൂടെയും ഇർഫാൻ കടന്നു പോയി. അന്ന് ധൈര്യപൂർവം കൂടെ നിന്നു സുതപ.

2003ല്‍ വിശാൽ ഭരദ്വാജിന്റെ മക്ബൂലിലൂടെയാണ് ഇർഫാൻ ഖാൻ ബോളിവുഡിൽ ശ്രദ്ധനേടാൻ തുടങ്ങുന്നത്. ഖമോഷി,ശബ്ദ്, കഹാനി എന്നീ ചിത്രങ്ങളുടെ എല്ലാം സംഭാഷണം എഴുതിയിരിക്കുന്നതും സുതപയാണ്. ഇർഫാൻ പ്രധാന വേഷങ്ങളിലെത്തിയ മദാരി, ഖരീബ് ഖരീബ്  സിംഗിൾ എന്നീ ചിത്രങ്ങളുടെെ നിർമാതാവും സുതപയാണ്. ഇർഫാൻ ഒരു പോരാളിയായിരുന്നു  എങ്കിൽ അതിനുള്ള  കരുത്ത് അദ്ദേഹത്തിനു നൽകിയതും സുതപ തന്നെയാണ്.

കാൻസറിൽ നിന്നും സുഖംപ്രാപിച്ച സമയത്ത് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇർഫാൻ പറഞ്ഞത് ഇങ്ങനെ: ‘സുതപയെ കുറിച്ച് എന്താണു പറയേണ്ടത്. എപ്പോഴും സംരക്ഷിക്കുന്ന ഒരാൾ. ജീവിക്കാൻ ഒരു അവസരം ലഭിച്ചാൽ അവള്‍ക്കു വേണ്ടി ജീവിക്കാനാണ്് എന്റെ ആഗ്രഹം. എന്നെ നിലനിർത്തുന്നത് അവളാണ്.’ ചികിത്സയ്ക്കു ശേഷം അംഗ്രേസി മീഡിയം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇർഫാൻ പൂർത്തിയാക്കിയിരുന്നു. അതാണ് ഇർഫാന്റെ അവസാന ചിത്രവും. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഏപ്രിൽ 28ന് ഇര്‍ഫാനെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഇന്നലെ അദ്ദേഹം മരണത്തിനു കീഴടങ്ങി, 

English Summary: Sutapa Siktar And Irrfan Khan Love Story 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com