sections
MORE

പങ്കാളിക്ക് പ്രായം കൂടിയാൽ, നരച്ചാൽ നിങ്ങൾക്കെന്താ കുഴപ്പം? അസഭ്യ വർഷത്തിന് ഒരു മറുപടി

chemban-vinod-mariam-thomas-photos
SHARE

ഒരു സെലിബ്രിറ്റി വിവാഹം കഴിച്ചാൽ, ഇഷ്ടമുള്ള വസ്ത്രമണിഞ്ഞാൽ, സുഹൃത്തിനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചാൽ എന്തുകൊണ്ടാണ് അവർ അക്രമിക്കപ്പെടുന്നതെന്നു ആലോചിച്ചിട്ടുണ്ടോ? അനുശ്രീയുടെ വസ്ത്രധാരണവും ചെമ്പൻ വിനോദിന്റെ വിവാഹവുമെല്ലാം പലർക്കും വിഷയമാകുന്നതെങ്ങനെയാണ്? എവിടെയും എന്തിലും രണ്ടു വാക്ക് പറഞ്ഞില്ലെങ്കിൽ എന്തോ ഒരു നഷ്ടബോധം പോലെയാണ് നമ്മൾക്ക്, അഭിപ്രായം പറഞ്ഞില്ലെങ്കിൽ ഒരു കുറവ് പോലെ. ഒരു പ്രശ്നം നടക്കുമ്പോൾ രണ്ടു പക്ഷത്തിൽ ഏതെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ എന്തിനു ജീവിച്ചിരിക്കുന്നു എന്ന തോന്നൽ. ഈ മാനസിക വിചാരം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയും സെലിബ്രിറ്റികളെയും തന്നെയാണ് എന്നതാണ് സത്യം. 

ഓൺലൈൻ ചാനലുകളിൽ വരുന്ന വർത്തകളുടെയോ സെലിബ്രിറ്റി പട്ടം കിട്ടിയവരുടെ സ്റ്റാറ്റസുകളുടെ കമന്റ് ബോക്സിലോ ഒക്കെ നോക്കിയാൽ മലയാളിയുടെ ദാരിദ്ര്യം മനസിലാക്കാൻ കഴിയും. ഏറ്റവുമധികം ലൈംഗിക ദാരിദ്ര്യമാണ് മിക്കപ്പോഴും മനുഷ്യർ പറഞ്ഞു തീർക്കുക. തങ്ങൾക്ക് ലഭിക്കാത്തത് മറ്റൊരാൾക്ക് ലഭിക്കുമ്പോൾ തോന്നുന്ന ഒരു ഫ്രസ്‌ട്രേഷനുണ്ടല്ലോ അത് പറയാതെ തീരില്ല ചിലർക്ക്. 

സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാതെ തന്നെ പലപ്പോഴും ഫേസ്‌ബുക്കിൽ ഫോട്ടോ ഇട്ടതിന്റെ പേരിൽ അപമാനിതരായവർ നിരവധിയാണ്. വെളുത്ത നിറമുള്ള പയ്യൻ കറുത്ത ലേശം തടിയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചാൽ ആ പോസ്റ്റിന്റെ താഴെ ഒഴുകി നിറയുന്ന വിസർജ്യങ്ങൾ കണ്ടു സന്തോഷത്തോടെ ജീവിക്കുന്ന ഭാര്യ ഭർത്താക്കന്മാരിൽ സങ്കടത്തിന്റെ നിഴൽപ്പാട് വീഴ്ത്തിയേക്കാം. പങ്കാളിക്ക് പ്രായം കൂടിപ്പോയാൽ, നരയുണ്ടായാൽ, തടി കൂടിയാൽ, നിറം കുറഞ്ഞാൽ വിവാഹം കഴിക്കാനുള്ള അർഹതയില്ലെന്ന് ആരാണാവോ പറഞ്ഞത്? ഒരിക്കലും പരിചയമില്ലത്തവരെ വരെ അപമാനിക്കാൻ മലയാളിക്ക് മടിയില്ല. മലയാളി എന്ന് ജനെറലൈസ് ചെയ്ത പറയാനാവില്ല, ഒരു കൂട്ടം ഫ്രസ്ട്രേറ്റഡ് ആയ മനുഷ്യർ, അവർ പല നാടുകളിൽ, പല പേരുകളിൽ ഇരുന്നു ഒരേ കാര്യം ചെയ്യുന്നു.

സീരിയൽ കില്ലർമാരുടെ ഒരു സവിശേഷ സ്വഭാവമുണ്ട്. സ്വയം ആനന്ദത്തിനു വേണ്ടിയും ശീലം കൊണ്ടുമൊക്കെ കൊല ചെയ്യുന്നവൻ പ്രധാനമായും കൊലപ്പെടുത്താൻ തിരഞ്ഞെടുക്കുക സ്ത്രീകളെയാണ്. രാത്രിയിൽ ഇറങ്ങുന്ന ശരീരം വിൽപനക്കാർ, വീടുകളിൽ ഒറ്റയ്ക്കുള്ള സ്ത്രീകൾ, എന്നിങ്ങനെ, ചെറുത്ത് നിൽപ്പ് അധികമില്ലാത്ത അവരെയാണ് കൊല്ലാന്‍ എളുപ്പമെന്ന് കൊലയാളിക്കറിയാം. അതെ പോലെയുള്ള ഒരു സീരിയൽ കില്ലിംഗ് മെത്തേഡ് തന്നെയാണ് മിക്കപ്പോഴും സോഷ്യൽ മീഡിയ കൊലപാതകികളും ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാവരും ഒരു പരിധി വരെ നിസ്സഹായർ തന്നെയാണ്. അറിയാത്ത മറ്റൊരിടത്തിരുന്നു ഒരുപക്ഷെ മറ്റേതൊക്കെയോ പേരുകളിൽ അവർ മനുഷ്യരെ വാക്കുകൾ കൊണ്ട് കൊലപ്പെടുത്തുന്നു. അതും ഒരാളെയാണ്, തങ്ങൾക്ക് ഇഷ്ടമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അവർ തങ്ങളുടെ കത്തിക്ക് വിധേയരാകുന്നു. ഓരോ കൊലപാതകങ്ങളും അവർ ആസ്വദിക്കുന്നു, തങ്ങൾക്കൊപ്പം മറ്റുള്ളവർ നൽകിയ ക്രൂരമായ വാക്കുകൾ വായിച്ച് ഉന്മാദം കൊള്ളുന്നു.

ലോകം എത്രയോ വിവിധങ്ങളായ മനുഷ്യർ നിലകൊള്ളുന്ന ഇടമാണ്. എന്തിനു നമ്മുടെ കേരളത്തിൽ പോലും ഓരോ മനുഷ്യന്റെയും കൈ രേഖകൾ പോലും വ്യത്യസ്തമെന്നു പറയുംപോലെ സ്വഭാവവും ഇഷ്ടങ്ങളുമൊക്കെ വ്യത്യസ്തമായിരിക്കും. മനുഷ്യന്റെ മനസ്സിനെക്കുറിച്ച് സംസാരിക്കാനും പഠിക്കാനും നിന്നാൽ അമ്പരന്നു പോകും, അത്രയധികം വൈവിധ്യമുണ്ട് ചിന്തകൾക്ക്. മാനുഷികതയും കാരുണ്യവും അകറ്റി വച്ച് അസൂയയും അഹങ്കാരവും കുത്തിനിറച്ചവർ ഒരുപാടുണ്ട്. മറ്റൊരാളെ അപമാനിക്കുന്നതും അവരുടെ വിഷമം കാണുന്നതും അതി ഗൂഢമായ സന്തോഷം നൽകുന്നവർ ഒരുപാടുണ്ട്. സ്വയം അത്തരമനുഭവങ്ങൾ ഉണ്ടാകുന്നത് വരെ ആ ആനന്ദത്തിനു മുകളിൽ അവർ സന്തോഷിച്ചു ജീവിക്കും.

ചെമ്പൻ വിനോദ് തന്നിലും പ്രായം ഒരുപാട് കുറഞ്ഞ പെൺകുട്ടിയെ വിവാഹം കഴിച്ചാൽ നിങ്ങൾക്കെന്താണ് നാട്ടുകാരെ? അനുശ്രീ അവർക്ക് യോജ്യമെന്നു കണ്ട ഒരു വസ്ത്രം ധരിച്ചാലും തടിയുള്ള കറുത്ത പെൺകുട്ടിയെ വിവാഹം കഴിച്ചാലും നിങ്ങൾക്കെന്താണ്? ഇതൊക്കെ ഓരോ മനുഷ്യരുടെയും സ്വകാര്യതകൾ മാത്രമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത് അയാളുടെ പേരിൽ അയാൾ ഉണ്ടാക്കിയെടുത്ത പ്രൊഫൈലിലാണ്. അല്ലെങ്കിൽ അത് വന്നത് അയാളുടെ പേരിലാണ്. അത് അയാളുടെ ആനന്ദമാണ്, അഭിനന്ദിക്കണമെങ്കിൽ അങ്ങനെ ആവുക, അല്ലെങ്കിൽ മിണ്ടാതെയിരിക്കാനുള്ള സാമാന്യ മര്യാദ കാണിക്കുക. അതെങ്ങനെ ചില മലയാളികൾക്ക് മര്യാദ പഠിപ്പിക്കാനല്ലേ അറിയൂ. സ്വയം അത് കാണിക്കാൻ അറിയില്ലല്ലോ. അറിയാത്തവർ പഠിക്കുന്നത് നല്ലതാണ്. കാരണം കുറഞ്ഞത് ഫേസ്ബുക്ക് ആരുടേയും പേരിൽ ഇഷ്ടദാനം തന്നതല്ല. മനുഷ്യനാണ് ഒരാൾക്ക് ഉള്ള അതെ അവകാശങ്ങൾ അപരനുമുണ്ട്. അതിനെ ബഹുമാനിക്കുക.

സത്യത്തിൽ സോഷ്യൽ മീഡിയയിൽ അസഭ്യം പറയുന്ന, അപമാനിക്കുന്ന മനുഷ്യരുടെ വീടുകളെ കുറിച്ചും അവരുമായി ബന്ധപ്പെട്ട സ്ത്രീകളെക്കുറിച്ചും ഓര്‍ക്കുമ്പോൾ ഭയം തോന്നുന്നു, എത്രമാത്രം നിസ്സഹായരും ദുർബലരുമായിരിക്കും അവർ, ബഹുമാനം ലഭിക്കാതെ ഫ്രസ്‌ട്രേഷനുകൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ.

English Summary: Social Media Attack Against Chemban Vinod And Anusree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA