ADVERTISEMENT

വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഓരോ വ്യക്തിയും സ്നേഹബന്ധങ്ങൾ തുടങ്ങുന്നത്. സ്ത്രീയായാലും പുരുഷനായാലും അങ്ങനെ തന്നെ. എല്ലാ ദിവസവും പ്രണയത്തിന്റെ മനോഹരമായ ലോകത്തെ അവർ സ്വപ്നം കണ്ടു തുടങ്ങും. തുടക്കത്തിൽ ലളിത സുന്ദരമാണ് ജീവിതമെന്നു തോന്നും. പക്ഷേ, പതുക്കെ പതുക്കെയാണ് എല്ലാ ബന്ധങ്ങള്‍ക്കിടയിലും പ്രശ്നങ്ങൾ തലപൊക്കുന്നത്. പരസ്പരം പഴിചാരിയിട്ട് കാര്യമില്ല. മറിച്ച് കാര്യങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ഏതു ബന്ധത്തിലും പരിഹാരം കാണാൻ കഴിയാതെ സ്ത്രീകൾ നേരിടുന്ന പ്രധാനപ്രശ്നങ്ങൾ ഇവയാണെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. 

നമ്മുടെ ജീവിതരീതി മറ്റുള്ളവരുമായി താരതമ്യം ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. മറ്റുള്ളവരുടെ ബന്ധം എത്ര മനോഹരമാണ്. എന്തുകൊണ്ടാണ് എന്റെ ജീവിതത്തിൽ ഇത്തരം മനോഹരമായ കാര്യങ്ങള്‍ ഒന്നും സംഭവിക്കാത്തതെന്ന ആകുലത പൊതുവെ കൂടുതലുള്ളവരായിരിക്കും സ്ത്രീകൾ. ഉദാഹരണത്തിന് സുഹൃത്തുക്കളായ ദമ്പതികൾ ഒരു യാത്ര പോകുന്നതോ പാർട്ടികളിൽ പങ്കെടുക്കുന്നതോ വരെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം താരതമ്യ ഘടകങ്ങളായിരിക്കും. അതുകൊണ്ടു തന്നെ ഈ താരതമ്യം എപ്പോഴും പലതരത്തിലുള്ള അസ്വസ്ഥതകളും സ്ത്രീകളിലുണ്ടാക്കും. പക്ഷേ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ത്രീകൾ മനസിനെ പാകപ്പെടുത്തേണ്ടതുണ്ട്. ഓരോരുത്തർക്കും ജീവിതത്തിൽ അവരുടെതായ പ്രശ്നങ്ങളുണ്ട്. ജീവിതത്തിലെ മോശംവശങ്ങൾ പരസ്യമാക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. നമ്മുടെത് പോലെയാണ് അവരുടെയും ജീവിതമെന്ന് മനസ്സിലാക്കി ജീവിച്ചാൽ ഈ അസ്വസ്ഥത ഒഴിവാക്കാവുന്നതാണ്. 

പലപ്പോഴും നിശബ്ദമായി  പ്രതികരിക്കുന്നവരായിരിക്കും സ്ത്രീകൾ. നിശബ്ദമായിരുന്നാൽ പ്രശ്നങ്ങൾക്കു പരിഹാരമാകില്ല. തുറന്നു സംസാരിക്കുക എന്നതാണ് ശരിയായ പരിഹാരമാർഗം. സ്നേഹം പോലും മനസ്സിലുള്ളത്രയും പ്രകടിപ്പിക്കാൻ തയാറാകാത്തവരാണ് സ്ത്രീകൾ. സ്ത്രീകളെ പോലെ പറയാതെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് പുരുഷന്മാർക്ക് പലപ്പോഴും കുറവായിരിക്കും. അതുകൊണ്ടു തന്നെ മനസ്സിലുള്ള കാര്യങ്ങൾ തുറന്നു സംസാരിക്കുക. പലപ്പോഴും തുറന്നു സംസാരിക്കാത്തതിനാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോകും. പങ്കാളിയോട് കാര്യം തുറന്നു സംസാരിക്കുക എന്നതാണ് ഏറ്റവും അനുയോജ്യം.

പങ്കാളിക്ക് പഴയ പ്രണയിനിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് അറിയുന്നത് സ്ത്രീകളെ അസ്വസ്ഥരാക്കും, ഇന്റർനെറ്റിലൂടെയോ ഫോണിലൂടെയോ അവരിപ്പോഴും ആശയവിനിമയം നടത്തുന്നു എന്നറിയുന്നത് താൻ വലിയ അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുന്നു എന്ന തോന്നൽ സ്ത്രീകളിലുണ്ടാക്കും. മാത്രമല്ല, മാനസിക സമ്മർദം, വിഷാദ രോഗം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. അഥവാ അത്തരത്തിലൊരു ബന്ധം ഉണ്ടെങ്കിൽ കൂടി നിങ്ങളെ അത് അസ്വസ്ഥയാക്കേണ്ടതില്ല. നിങ്ങൾ അയോഗ്യയായതു കൊണ്ടാണെന്ന ചിന്ത വേണ്ട. അവർ സൗഹൃദത്തിലാണെന്നു കരുതി അത് നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്നു കരുതുകയും അരുത്. നിങ്ങള്‍ നിങ്ങളായി ഇരിക്കുകയും പങ്കാളിയെ സ്നേഹിക്കുകയും ചെയ്യുക. ഇതൊന്നും നമ്മളെ ബാധിക്കില്ല എന്ന രീതിയില്‍ നിൽക്കുകയാണെങ്കിലും നിങ്ങളുടെ ബന്ധത്തിൽ വിളൽ വീഴ്ത്താൻ ഭർത്താവിന്റെ മുൻപ്രണയത്തിനെന്നല്ല, ഒരു ശക്തിക്കും സാധിക്കില്ല എന്നതാണ് വസ്തുത. 

പങ്കാളിയുടെ സുഹൃത്തുക്കളായിരിക്കും സ്ത്രീകളെ അലട്ടുന്ന മറ്റൊരു പ്രശ്നം. ഇരുവർക്കും പൊതുവായുള്ള സൗഹൃദങ്ങൾ കുറവായിരിക്കും. സ്ത്രീകളെ സംബന്ധിച്ച് വിവാഹ ശേഷം സൗഹൃദങ്ങളും കുറയും. എന്നാൽ പുരുഷൻ എക്കാലവും തന്റെ സൗഹൃദങ്ങളെ നിലനിർത്തുന്നതാണ്. പങ്കാളിയുടെ സുഹൃത്തുക്കളുമായി സ്ത്രീകൾക്ക് ചിലപ്പോൾ സൗഹൃദം സ്ഥാപിക്കാൻ കഴിയില്ല. സ്വാഭാവികമായും ഒറ്റപ്പെടുന്ന ഒരു അവസ്ഥ അവരിൽ രൂപപ്പെടും. നല്ല സൗഹൃദങ്ങൾ വിവാഹ ശേഷവും നിലനിർത്തുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമാർഗം. 

പരസ്പര വിശ്വാസമാണ് മറ്റൊരു പ്രധാന കാര്യം. തന്നോടുള്ള സ്നേഹത്തിനു കുറവു വന്നോ എന്ന തരത്തിലുള്ള സംശയങ്ങൾ മനസ്സിലിട്ടു പെരുപ്പിക്കുക എന്നത്  സ്ത്രീകളുടെ പൊതുവായ പ്രവണതയാണ്. എന്നാൽ, ആവശ്യമില്ലാത്ത ഇത്തരം ചിന്തകൾ ഒഴിവാക്കുന്നതാണ് ഉചിതം. മോശം ചിന്തകള്‍ ഒഴിവാക്കി നാളെയെ പറ്റി കൂടുതൽ ആശങ്കപ്പെടാതെ ഓരോ ദിവസത്തെയും ആനന്ദങ്ങൾ കണ്ടെത്തുകയാണ് പ്രധാനം. 

പുരുഷനെക്കാൾ കൂടുതല്‍ പ്രതീക്ഷകളുമായി ജീവിക്കുന്നവരാണ് പൊതുവെ സ്ത്രീകൾ. ജീവിതത്തിൽ ഒരിക്കലും അമിതമായ പ്രതീക്ഷകൾ വച്ചു പുലർത്താതിരിക്കുക. സ്വന്തം പങ്കാളിയിൽ നിന്നാണെങ്കില്‍ പോലും. പ്രതീക്ഷകളെ കുറിച്ച് വളരെ കുറച്ചു മാത്രം സംസാരിക്കുന്നതാണ് നല്ലത്. എല്ലാവരുടെയും രീതികൾ വ്യത്യസ്തമായിരിക്കും. അവന്‍ അവന്റെ സ്നേഹവും പ്രണയവും തികച്ചും വ്യത്യസ്തമായ രീതിയിലാണു പ്രകടിപ്പിക്കുന്നത്. അതിനെ ബഹുമാനിക്കാൻ പഠിക്കുക. കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ തീരുമാനമെടുക്കുക. വിവാഹ ജീവിതത്തിൽ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണുള്ളതെന്നു മനസ്സിലാക്കി പ്രവർത്തിക്കുക. പങ്കാളിയുടെ അഭിപ്രായം കൂടി കേട്ടതിനു ശേഷം കൃത്യമായ തീരുമാനം എടുക്കാൻ നിങ്ങൾ തയാറായാല്‍ ബന്ധം സുദൃഢമാകും. 

English Summary: How To Deal With Common Relationship Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com