ADVERTISEMENT

കോവിഡ് കാലത്തെ ഭീതികള്‍ക്കിടെ, ഇക്കഴിഞ്ഞ ആഴ്ച, മേയ് അഞ്ചിനായിരുന്നു പുണെ സ്വദേശി നേഹയുടെ പ്രസവം. മഹാരാഷ്ട്രയില്‍ പ്രത്യേകിച്ച് മുംബൈയിലും പുണെയിലുമെല്ലാം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടെ, സിസേറിയനിലൂടെ ഒരു ആണ്‍കുഞ്ഞ്. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍നിന്നു സംസാരിക്കുമ്പോള്‍ നേഹയുടെ വാക്കുകളില്‍ സന്തോഷത്തേക്കാള്‍ നിറഞ്ഞുനിന്നത് ആശ്വാസം.

‘ആശുപത്രിയില്‍ അഡ്മിറ്റ് ആകുമ്പോള്‍ മനസ് നിറയെ പേടിയായിരുന്നു. ജനിക്കാനിരിക്കുന്ന കുട്ടിയെക്കുറിച്ചല്ല, ചിന്തിച്ചതു മുഴുവന്‍ കോവിഡിനെക്കുറിച്ച്. ഈ പ്രത്യേക കാലാവസ്ഥയില്‍ ജനിക്കുന്ന എന്റെ കുട്ടിയെക്കുറിച്ചോര്‍ത്തും പേടിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പു തന്നെ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. റിസള്‍ട്ട് വരുന്നതിനുമുന്‍പു തന്നെ എന്നെ ഐസലേഷനിലാക്കി. പിന്നീട് ആശുപത്രിയില്‍ സ്വന്തമായി മുറി കിട്ടിയപ്പോഴാണ് ആശ്വാസമായത്. ഗര്‍ഭത്തിന്റെ അവസാന കാലത്തും കടന്നുപോയത് ആശങ്കകളിലൂടെ. ആശുപത്രിയില്‍ പേകേണ്ട സാഹചര്യമുണ്ടായാല്‍ പെട്ടെന്നു പോകാന്‍ പറ്റുമോ എന്നോര്‍ത്തായിരുന്നു പ്രധാന പേടി. പെര്‍മിറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ പോലീസ് തടയുമോ എന്നും പേടിച്ചു. ആശുപത്രിയില്‍ അത്യാവശ്യത്തിനുമാത്രം സന്ദര്‍ശിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍മാരും പറഞ്ഞിരുന്നത്. എല്ലാ ദിവസവും കുട്ടിയുടെ ചലനങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. സത്യത്തില്‍ രണ്ടു മണിക്കൂര്‍ കൂടൂമ്പോള്‍ അതുതന്നെയായിരുന്നു പ്രധാന ജോലി. മരുന്നുകളെല്ലാം ഭര്‍ത്താവ് വീട്ടില്‍ സ്റ്റോക്ക് ചെയ്തിരുന്നു. ഇടയ്ക്കിടക്ക് പുറത്തേക്കു പോകുന്നത് ഒഴിവാക്കാന്‍. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ആശുപത്രിയില്‍ പോകുക എന്നാണു ചിന്തിച്ചിരുന്നതും. ഓണ്‍ലൈന്‍ വഴി ഡോക്ടര്‍മാരെ ബന്ധപ്പെടുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. - നേഹ കോവിഡ് കാലത്തെ പ്രസവത്തെക്കുറിച്ച് വാചാലയായി.

പ്രസവം കഴിഞ്ഞു പിറ്റേന്നു തന്നെ ഫിസിയോതെറാപിസ്റ്റിന്റെ സഹായത്തോടെ നേഹയെ നടത്തി. വേഗം നടന്നാല്‍ വേഗം ഡിസ്ചാര്‍ജ് ചെയ്യാം എന്നു ഡോക്ടര്‍മാരും പറഞ്ഞിരുന്നു. ‘പ്രതിരോധ മരുന്നുകള്‍ വീട്ടില്‍ വച്ചുതന്നെ നല്‍കാന്‍ തീരുമാനിച്ചു. അടുത്തടുത്ത ദിവസങ്ങളിലെ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനായിരുന്നു അങ്ങനെയൊരു തീരുമാനം. മാതൃദിനത്തില്‍ വീട്ടില്‍ ആഘോഷം സംഘടിപ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒന്നിനും കഴിയാതെ വേദനയുമായി ഞാന്‍ കിടക്കയില്‍ തന്നെയായിരുന്നു. വേദനയുണ്ടെങ്കിലും അമ്മയായതിന്റെ ഈ സന്തോഷമുണ്ടല്ലോ അതാണ് ഏറ്റവും പ്രധാനം. അതു ഞാന്‍ ആസ്വദിക്കുന്നു- നേഹയുടെ മുഖത്ത് ആഹ്ലാദം. 

അനുഭവം ഒറ്റപ്പെട്ടതല്ല

പുണെയില്‍നിന്നുള്ള നേഹയുടെ അനുഭവം ഒറ്റപ്പെട്ടതല്ല. കോവിഡ് കാലത്ത് മറ്റനേകം പേരും ഇതേ ഭീതികളും ആശങ്കകളുമായി തങ്ങളുടെ പൊന്നോമനകള്‍ക്കു ജന്‍മം നല്‍കി. ഒരു .യുവതിയുടെ പ്രസവം അടുക്കുമ്പോള്‍ അത് ഒരാളുടെയോ രണ്ടുപേരുടെയോ മാത്രമല്ല, ഒരു കുടുംബത്തിന്റെ തന്നെ ഏറ്റവും വലിയ ആശങ്കയും സന്തോഷവുമായി മാറുന്നു. ഓരോ വ്യക്തിക്കൊപ്പവും ഒന്നിലേറെ പേരുടെ പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കും. കോവിഡ് കാലത്താകട്ടെ, ആശങ്കകളായിരിക്കും കൂടുതല്‍. ഗര്‍ഭത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ രോഗം വരുമോ എന്ന ഭീതി ഒരു വശത്ത്. അത്യവാശ്യം വന്നാല്‍ ആശുപത്രിയില്‍ സമയത്ത് എത്തിച്ചേരാന്‍ കഴിയുമോ എന്ന പ്രശ്നവുമുണ്ട്. പ്രതിസന്ധികളെ അതിജീവിച്ചും ലോക്ഡൗണിനെ കടന്നും യാത്രാ വിലക്ക് മറികടന്നുമെല്ലാം നേഹയെപ്പോലെ മറ്റനേകം പേരും അമ്മയായതിന്റെ നിര്‍വൃതി അനുഭവിക്കുന്നുണ്ട്.

ജനനം കോവിഡ് കാലത്തായിരുന്നു എന്നു പറഞ്ഞാവും ഇനി ആ കുട്ടികളെക്കുറിച്ചു സംസാരിച്ചുതുടങ്ങുക തന്നെ. എങ്കിലും ആരോഗ്യമുള്ള ലോകത്ത്, ആരോഗ്യമുള്ള കുട്ടികളായി അവര്‍ വളരുന്നതോടെ ആശങ്കയുടെ സ്ഥാനത്ത് പ്രത്യാശ ഇടംപിടിക്കും. ഇരുട്ടിനു പകരം വെളിച്ചവും.

English Summary: Lockdown babies: New moms share their experiences 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com