sections
MORE

‘ഞാന്‍ എന്നും മേഗനെ സ്നേഹിക്കും, മേഗന്‍ എന്നെയും; പക്ഷേ, ഇനി ഒരുമിച്ച് ജീവിക്കില്ല’

megan-brayan
മേഗനും ബ്രയാനും. ചിത്രം∙ ട്വിറ്റർ
SHARE

10 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനുശേഷം വേര്‍പിരിയുകയാണ് ഹോളിവുഡ് താരങ്ങളായ മേഗന്‍ ഫോക്സും ബ്രയാന്‍ ഓസ്റ്റിന്‍ ഗ്രീനും. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2010 ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ വേര്‍പിരിഞ്ഞ് ഇരുവരും രണ്ടു വഴികളിലേക്കു മടങ്ങുകയല്ല. പകരം വ്യത്യസ്തമായ രീതിയില്‍ കുടുംബം നിലനിര്‍ത്തുകയാണ്. ഇരുവരും വേര്‍പിരിയുകയാണെങ്കിലും സ്നേഹവും സൗഹൃദവും അവസാനിക്കുന്നില്ല. കുടുംബവും ഇപ്പോഴത്തേതുപോലെ തന്നെ തുടരും. 

ബെവേര്‍ലി ഹില്‍സ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ ബ്രയാന്‍ അമേരിക്കന്‍ നടനും നിര്‍മാതാവുമാണ്. ടെര്‍മിനേറ്റര്‍ ഉള്‍പ്പെടെയുള്ള പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. അമേരിക്കയില്‍ തന്നെയുള്ള നടിയും മോഡലുമാണ് മേഗന്‍ ഫോക്സ്. ഹോപ് ആന്‍ഡ് ഫെയ്ത്ത് എന്ന ടെലിവിഷന്‍ പരമ്പരയാണ് മേഗനെ പ്രശസ്തിയിലേക്കു നയിച്ചത്. ട്രാന്‍സ്ഫോമേഴ്സ് എന്ന ചിത്രത്തിലൂടെ ലോകമെങ്ങും പ്രശസ്തയായി. സെക്സ് സിംബല്‍ എന്ന രീതിയിലും ചിത്രീകരിക്കപ്പെട്ടിട്ടുള്ള മേഗന്‍ മറയില്ലാത്ത ചിത്രങ്ങളിലൂടെയും പ്രശസ്തയാണ്. 

വിത്ത് ബ്രയാന്‍ ഓസ്റ്റിന്‍ ഗ്രീന്‍ എന്ന പോഡ്കാസ്റ്റ് വഴിയാണ് വിവാഹ മോചന വാര്‍ത്ത അദ്ദേഹം പുറത്തുവിട്ടത്. 2019 അവസാനം തന്നെ  ഇരുവരും വേര്‍പിരിയാന്‍ ആലോചന തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. 

‘ഞാന്‍ എന്നും മേഗനെ  സ്നേഹിക്കും. മേഗന്‍ എന്നെയും സ്നേഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇക്കഴിഞ്ഞ കാലത്തിനിടെ സന്തോഷപൂര്‍ണവും സ്നേഹ നിര്‍ഭരവുമായ ഒരു കുടുംബമാണ് ഞങ്ങള്‍ കെട്ടിപ്പടുത്തത്- ബ്രയാന്‍ വ്യക്തമാക്കുന്നു. മൂന്ന് ആണ്‍മക്കളാണ് ഇരുവര്‍ക്കും. ഏഴു വയസ്സുകാരന്‍ നോറ, ആറു വയസ്സുകാരന്‍ ബോധി, മൂന്നു വയസ്സുകാരന്‍ ജേണി എന്നിവര്‍. ഒരു കുടുംബമെന്ന നിലയില്‍ കുട്ടികളുടെ ഭാവിയെക്കുറിച്ച് തങ്ങള്‍ ആലോചിച്ചതായും ബ്രയാൻ വിശദീകരിക്കുന്നു. 

ഞങ്ങളുടെ കുടുംബം അത്ര പെട്ടെന്നൊന്നും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. കുടുംബം നഷ്ടപ്പെടരുതെന്ന് തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നും ഞങ്ങള്‍ സുഹൃത്തുക്കളായി തുടരും. കുട്ടികള്‍ക്കും ഞങ്ങള്‍ ഒരുമിച്ചുള്ള രക്ഷകര്‍ത്താക്കള്‍ തന്നെയായിരിക്കും. കുടുംബമായി ഇനിയും ഞങ്ങള്‍ അവധിക്കാല യാത്രകള്‍ നടത്തും. അവര്‍ക്ക് ഒരു നഷ്ടബോധവും ഉണ്ടാക്കാതെ നോക്കും- ബ്രയാന്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം അവസാനം മേഗന്‍ മിഡ്നൈറ്റിന്റെ ചിത്രീകരണത്തിനുവേണ്ടി കുടുംബത്തില്‍ നിന്ന് മാറിനിന്നതു മുതലാണ് ഇരുവരും തമ്മില്‍ അകന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുവന്ന ഉടന്‍ മേഗനും ബ്രയാനും ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തത്രേ. ‘അക്കാലത്ത്  ഞാന്‍ സന്തോഷവതിയായിരുന്നു. അപ്പോഴാണ് യഥാര്‍ഥ വ്യക്തിയായി ഞാന്‍ ജീവിച്ചതും. ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഒറ്റയ്ക്കായിരിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. തിരിച്ചുവന്നപ്പോഴേക്കും ഞാനത് തീരുമാനിച്ചിരുന്നു- ഇങ്ങനെ മേഗന്‍ പറഞ്ഞതായും ബ്രയാന്‍ വെളിപ്പെടുത്തുന്നു. 

ആദ്യം എനിക്ക് ഞെട്ടലാണുണ്ടായത്. അസ്വസ്ഥതയും തോന്നി. എന്നാല്‍ എന്നെ ഞെട്ടിക്കണമെന്ന് മേഗന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് എനിക്കു മനസ്സിലായി. അതേക്കുറിച്ച് വിശദമായി സംസാരിച്ചു. ഒടുവില്‍ കുറച്ചുകാലത്തേക്കെങ്കിലും പിരിയുന്നതാണ് നല്ലതെന്നു തീരുമാനിച്ചു. അങ്ങനെയാണ് ഇപ്പോഴത്തെ തീരുമാനത്തില്‍ എത്തിയത്- ബ്രയാന്‍ വ്യക്തമാക്കുന്നു. 

English Summary: Megan Fox and husband Brian Austin Green split after 10 years of marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA