sections
MORE

മേൽക്കൂരയിൽ ആലിംഗനം, ചുംബനം; ഇറാനിൽ പാർക്കൗർ താരങ്ങൾ പിടിയിൽ

kiss
SHARE

കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍  ആലിംഗനബ്ധരായി ചുംബിച്ചിരിക്കുന്ന  ചിത്രം പുറത്തായതിനെത്തുടര്‍ന്ന് ഇറാനില്‍ രണ്ടു കായികതാരങ്ങള്‍ പിടിയില്‍. അലിറെസ ജപല്‍ഘിയും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്ന താരവുമാണ് പിടിയിലായത്. സൈനികരെപ്പോലെ മുന്നില്‍ വരുന്ന തടസ്സങ്ങളെയെല്ലാം ചാടിക്കടന്ന് മുന്നേറുന്ന പാർക്കൗർ എന്ന കായികയിനത്തിലെ പ്രശസ്തതാരങ്ങളാണ് ഇരുവരും. സിനിമകളില്‍ ഇരുവരും ഒരുമിച്ചു ജോലി ചെയ്യുന്നുമുണ്ട്; സ്റ്റണ്ട് താരങ്ങളായി. 

ഇരുവരുടെയും ചുംബന രംഗം കഴിഞ്ഞയാഴ്ച സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇറാനിലെ യാഥാസ്ഥിതിക നിയമങ്ങള്‍ക്ക് എതിരു നില്‍ക്കുന്നതും ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവർത്തിയുമാണ് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായതെന്ന് ടെഹ്റാന്‍ പൊലീസ് അറിയിച്ചു. 

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷം ടെഹ്റാന്‍ സൈബര്‍ പൊലീസാണ് അറസ്റ്റിന് മുന്നിട്ടിറങ്ങിയത്. അറസ്റ്റിലായ യുവതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടുമില്ല. സമൂഹത്തില്‍ ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവര്‍ത്തിയാണ് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായതെന്നും ഇനി നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും സൈബര്‍ പൊലീസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച തന്നെ അലിറെസയെ അറസ്റ്റ് ചെയ്തു. ഏതാനും ദിവസം കഴിഞ്ഞ് വ്യാഴാഴ്ചയാണ് യുവതി പിടിയിലാകുന്നത്. 

അര്‍ധ നഗ്നരായ യുവതി-യുവാക്കള്‍ എല്ലാ മത നിയമങ്ങളുടെ ലംഘനമാണ് നടത്തിയതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. 

ഇറാനില്‍ അറിയപ്പെടുന്ന സ്റ്റണ്ട് താരമാണ് അലിറെസ. സാഹസികമായ സംഘട്ടന രംഗങ്ങള്‍ക്കു പേരുകേട്ട താരം. പല മികച്ച സിനിമകളുടെയും പിന്നില്‍ അലിറെസയുടെ കഴിവുമുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ യുവതിക്കൊപ്പം കൈകോര്‍ത്തു നടക്കുന്നതും ആലിംഗനം ചെയ്യുന്നതും ഉമ്മ വയ്ക്കുന്നതുമായ ഒട്ടേറെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അലിറെസ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റ് ചെയ്തത്. ഇറാനിലെ നിയമമമുസരിച്ച് സ്ത്രീകള്‍ അര്‍ധ നഗ്നകളായി പുറത്തിറങ്ങാന്‍ പാടില്ല. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് പുറത്തിറങ്ങേണ്ടത്. കടുത്ത നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതിനു പോലും വിലക്കുണ്ട്. 

തിങ്കളാഴ്ച രാവിലെ തന്നെ അലിറെസ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് സമൂഹമാധ്യമത്തില്‍ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. കീഴടങ്ങണമെന്നും അല്ലെങ്കില്‍  തന്നെ അറസ്റ്റ് ചെയ്യുമെന്നുമാണ് വാര്‍ത്ത എന്നാണദ്ദേഹം പോസ്റ്റ് ചെയ്തത്. പിന്നീട് സഹോദരനാണ് അലിറെസയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു എന്ന വിവരം പുറംലോകത്തെ അറിയിച്ചത്. അറസ്റ്റ് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അലിറെസയും കൂട്ടുകാരിയും ചെയ്ത കുറ്റം എന്താണെന്ന് അറിയില്ലെന്നും പ്രതികരിച്ചവരുമുണ്ട്. എന്നാല്‍ അത്തരം വാദങ്ങളൊന്നും യാഥാസ്ഥിതിക നിയമങ്ങള്‍ക്ക് ഇപ്പോഴും മുന്‍തൂക്കമുള്ള ഇറാനിലെ അധികാരികള്‍ പരിഗണിച്ചിട്ടില്ലെന്നുവേണം കരുതാന്‍. മനുഷ്യവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും പീഡനങ്ങള്‍ക്കൊടുവില്‍ അവര്‍ മരിക്കുന്നതുമായ വാര്‍ത്തകള്‍ പലപ്പോഴും ഇറാനില്‍ നിന്നു പുറത്തുവരാറുമുണ്ട്. 

English Summary: Iranian Parkour Athletes Arrested Over Viral Pics Of Rooftop Kiss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA