sections
MORE

ഇത് ഹൃദയഭേദകമാണ്; പുഞ്ചിരിയോടെ ഗിയാന; നെഞ്ചുപൊട്ടി ലോകം – വിഡിയോ

giana
SHARE

യുഎസില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയ്ഡിന്റെ ആറു വയസ്സുകാരി മകളുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ തരംഗം. ഗിയാന ഫ്ലോയ്ഡിന്റെ വാക്കുകള്‍ വികാരങ്ങളുടെ വേലിയേറ്റം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ജോര്‍ജും ഗിയാനയും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വിഡിയോയും ലക്ഷങ്ങളാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്. 

മുന്‍ ബാസ്കറ്റ് ബോള്‍ താരവും ജോര്‍ജിന്റെ സുഹൃത്തുമായ സ്റ്റീഫന്‍ ജാക്സന്‍ സീനിയറാണ് വിഡിയോ പങ്കുവച്ചത്. ജാക്സന്റെ തോളില്‍ ചിരിച്ചുല്ലസിച്ചിരിക്കുന്ന ഗായാനയെ വിഡിയോയില്‍ കാണാം. എന്നാല്‍, ദൃശ്യത്തേക്കാള്‍ ഗിയാനയുടെ വാക്കുകളാണ് എല്ലാവരെയും കണ്ണീരണിയിക്കുന്നത്. 

അച്ഛന്‍ ലോകത്തെ മാറ്റിമറിച്ചു-ഗിയാന പറയുന്നു. നേരിയ പുഞ്ചിരിയോടെയാണ് ഗിയാനയുടെ വാക്കുകള്‍. ആ വാക്കുകള്‍ വീണ്ടും വീണ്ടും പറഞ്ഞ് ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിലുള്ള അമര്‍ഷവും രോഷവും രേഖപ്പെടുത്തുകയാണ് പലരും. 

വിഡിയോ കണ്ട ലക്ഷക്കണക്കിനു പേര്‍ ഗായാനയുടെ ധൈര്യത്തെയും ദൗര്‍ഭാഗ്യത്തെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയെയും പുകഴ്ത്തുകയാണ്. എന്നാല്‍ വിഡിയോ കണ്ട പലര്‍ക്കും കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. 

ഒരേ സമയം എന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത വിഡിയോ എന്നാണ് ഒരാള്‍ കമന്റിട്ടത്. എത്ര ധീരയായ കുട്ടി: മറ്റൊരു കമന്റ്. കുട്ടീ നിനക്ക് എന്റെ അഭിവാദനം. എത്ര നല്ല കുട്ടിയാണ് നീ. എന്റെ അനുശോചനം സ്വീകരിക്കൂ. തളരാതെ മുന്നോട്ടുപോകൂ. 

ഇതു ഹൃദയഭേദകമാണ്. പക്ഷേ, ഗീയന, നീ പറഞ്ഞതു ശരിയാണ്. ജോര്‍ജ് ഫ്ലോയ്ഡ് ചരിത്രപുസ്തകത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു. അടുത്തിടെയൊന്നും അദ്ദേഹത്തെ മറക്കാന്‍ സാധിക്കുമെന്നും തോന്നുന്നില്ല. പിതാവിന്റെ മരണം ഒരു രാജ്യത്തെ പിടിച്ചുകുലുക്കിയത് ആ കുട്ടി മനസ്സിലാക്കിയിരിക്കുന്നു. 

ഇക്കഴിഞ്ഞ 25 ന് മിനസോട്ടയില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ എട്ടുമിനിറ്റോളം കാലുകള്‍ അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് ജോര്‍ജിനെ കൊലപ്പെടുത്തിയത്. പ്രതി അറസ്റ്റിലായെങ്കിലും സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA