ADVERTISEMENT

സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് വിശ്വാസവുമായി ബന്ധപ്പെട്ടാണ്. അദ്ദേഹത്തിന്റെ ഇസ്‍ലാം മത വിശ്വാസത്തെ സംബന്ധിച്ച്. ഭാര്യ സഫ്റൂണ്‍ നിസാറിനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് യുവാന്‍ ഇസ്‍ലാം മതം സ്വീകരിച്ചതെന്നും അഭ്യൂഹമുണ്ടായിരുന്നു. വിശ്വാസം പൂര്‍ണമായും തന്റെ വ്യക്തിപരമായ കാര്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംസാരിക്കെ, യുവാന്റെ ഭാര്യ സഫ്റൂണ്‍ തന്റെയും ഭര്‍ത്താവിന്റെ വിശ്വാസത്തെ കുറിച്ചു പറഞ്ഞു. പ്രണയത്തെക്കുറിച്ച്. വിവാഹത്തെക്കുറിച്ചും. 

പ്രണയിച്ചു വിവാഹം കഴിച്ചവരല്ല യുവാനും സഫ്റൂണും. കുടുംബങ്ങള്‍ ഒരുമിപ്പിച്ച രണ്ടു വ്യക്തികള്‍. ദുബായില്‍ ഫാഷന്‍ ഡിസൈനറായ സഫ്റൂണ്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുത്ത ഒരു സുഹൃത്ത് യുവാന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്നു. തനിക്കുവേണ്ടി ഒരു വധുവിനെ നോക്കണമെന്ന് യുവാന്‍ ഈ സുഹൃത്തിനോട് പറഞ്ഞിരുന്നു. അവരാണ് സഫ്റൂണിനെ യുവാനു പരിചയപ്പെടുത്തുന്നതും കുടുംബങ്ങളുടെ അശിര്‍വാദത്തോടെ വിവാഹം നടക്കുന്നതും. 

യുവാനുമായി നടന്ന ആദ്യസംഭാഷണവും സഫ്റൂണ്‍ വെളിപ്പെടുത്തി. റംസാന്‍ ആശംസ നേര്‍ന്നാണ് താന്‍ അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് സഫൂറൂണ്‍ വെളിപ്പെടുത്തുന്നു. താങ്കള്‍ വൈകാതെ മുസ്‍ലിം മതവിശ്വാസവുമായി ബന്ധപ്പെട്ട പാട്ടുകള്‍ക്ക് സംഗിതം കൊടുക്കില്ലേ എന്ന് സഫ്റൂണ്‍ ചോദിക്കുന്നു. ദൈവനാമത്തില്‍ തീര്‍ച്ചയായും എന്നായിരുന്നു യുവാന്റെ മറുപടി. 

ഒരിക്കല്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെക്കുറിച്ചും സഫ്റൂണ്‍ ചോദിച്ചിരുന്നു. എന്നാല്‍ അത് വ്യക്തിപരമാണെന്നായിരുന്നു മറുപടി. അതു കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നും സഫ്റൂണ്‍ പറയുന്നു. കാരണം ഇരുവരും തമ്മില്‍ അന്നത്ര അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. 

യുവാന്‍ എന്ന വാക്കിന്റെ അര്‍ഥവും ചോദിച്ചിരുന്നു. തമിഴില്‍ യുവാവ് എന്നാണ് ആ വാക്കിന്റെ അര്‍ഥമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ സംഭാഷണമൊക്കെ നടക്കുമ്പോള്‍ വിവാഹിതരാകുമെന്ന് വിചാരിച്ചതേയില്ലെന്ന് സഫൂറൂണ്‍ ഉറപ്പിച്ചു പറയുന്നു. 

‘ ഞാന്‍ ഒരു ചെറിയ പട്ടണത്തിലാണു ജനിച്ചുവളര്‍ന്നത്. ഞങ്ങളുടേത് ഒരു ചെറിയ കുടുംബമാണ്. ബന്ധുക്കള്‍ എല്ലാവരും അന്യോന്യം നന്നായി അറിയുന്നവര്‍. റംസാന്‍ ബീവി എന്ന സുഹൃത്ത് ഞങ്ങളുടെ കൂടിക്കാഴ്ച ആസൂത്രണം ചെയ്തപ്പോള്‍ കുടുംബത്തില്‍ ചിലര്‍ക്കൊക്കെ  ആശങ്കകളുണ്ടായിരുന്നു. സംശയങ്ങളും മറ്റും ഉയര്‍ന്നു. എന്നാല്‍, എന്റെ വീട്ടിലുള്ള മുതിര്‍ന്നവര്‍ ഒരു വ്യക്തി എന്ന നിലയില്‍ യുവാനെ സ്നേഹിച്ചിരുന്നു. ബഹുമാനിച്ചിരുന്നു. അതാണ് ഈ വിവാഹം നടക്കാനുള്ള കാരണം. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ വേണ്ടി മതം മാറി എന്നാണു പലരും വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെ അത്ര പെട്ടെന്നൊന്നും മാറാവുന്നതല്ല മതം. വിശ്വാസം അതിലൊക്കെ ഉപരിയായ ആശയമാണ്. അതാര്‍ക്കും മറ്റൊരാളില്‍ അടിച്ചേല്‍പിക്കാനുമാവില്ല. അങ്ങനെയാണെങ്കില്‍ അതു വിശ്വാസമല്ല എന്നതാണു യാഥാര്‍ഥ്യം. അതു വിശ്വാസം അടിച്ചേല്‍പിക്കലാണ്. അതു ഞാന്‍ അംഗീകരിക്കുന്നില്ല- സഫ്റൂണ്‍ വ്യക്തമാക്കുന്നു. 

വിവാഹം കഴിക്കാന്‍ വേണ്ടി യുവാന്‍ മതം മാറിയെന്ന തെറ്റിദ്ധാരണ ഒഴിവാക്കാന്‍ വേണ്ടിയാണ് താനും യുവാനും തമ്മില്‍ നടന്ന ആദ്യത്തെ സംഭാഷണം പോലും സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നതെന്നും സഫ്റൂണ്‍ വ്യക്തമാക്കുന്നു. ആര് എന്ത് ഞങ്ങളെക്കുറിച്ചു പറയുന്നു എന്നതൊരു പ്രശ്നമേയല്ല. അവരുടെ വാക്കുകള്‍ ഞങ്ങളെ സ്പര്‍ശിക്കുന്നുമില്ല. എങ്കിലും ജനം സത്യം മനസ്സിലാക്കട്ടെ എന്നാഗ്രഹിച്ചാണ് ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നതെന്നാണ് സഫ്റൂണ്‍ പറയുന്നത്. 2015 ല്‍ ഒരു സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു യുവാനും സഫ്റൂണും വിവാഹിതരായത്. 

English Summary: Yuvan's Wife About Their Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com