ADVERTISEMENT

പ്രിയപ്പെട്ടവരുടെ വേർപാട് പലപ്പോഴും നമുക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. എത്രകാലം കഴിഞ്ഞാലും അവരുടെ ഓര്‍മകൾ നമ്മെ വിട്ടുപിരിയാറില്ല. ഇവിടെ അത്തരത്തിൽ അദ്ഭുതകരമായ ഒരു മെയിൽ കിട്ടിയതിന്റെ അമ്പരപ്പിലാണ് മനിലയിലെ അലീഷ്യ മെൻഡോസ എന്ന യുവതി. അച്ഛന്റെയും അമ്മയുടെയും 25–ാം വിവാഹ വാർഷികം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തുമാസം മുൻപ് മരിച്ചു പോയ പിതാവിന്റെ ഇമെയിൽ സന്ദേശം കണ്ടാൽ ആരാണ് ഞെട്ടാതിരിക്കുക? 

2019ലാണ് അലീഷ്യയുടെ പിതാവ് ബിങ് കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. മരണത്തിനു മുൻപു തന്നെ തന്റെയും ഭാര്യയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ഗംഭീരമായി ആഘോഷിക്കാൻ ബിങ് പദ്ധതിയിട്ടിരുന്നു. അതിനായി അദ്ദേഹം ചില തയാറെടുപ്പുകളും നടത്തി. പുക്കൾ വരെ ഒരു വർഷം മുൻപ് ഓർഡർ ചെയ്തു. വിവാഹവാർഷികം ഗംഭീരമായി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് 2020 മെയിലാണ് അലീഷ്യക്ക് പിതാവിന്റെ സന്ദേശം ലഭിക്കുന്നത്. എല്ലാം ഭംഗിയായി നടത്തണമെന്ന് പിതാവ് നിർദേശിക്കുന്നതായും അലീസ പറയുന്നു. മാത്രമല്ല, എല്ലാവർഷവും ഭാര്യ ജോജിയുടെ ജന്മദിനം, വിവാഹ വാർഷികം, പ്രണയദിനം. ഈ ദിവസങ്ങളിൽ അവർക്ക് കൃത്യമായി പൂക്കളെത്തിക്കാനുള്ള നിർദേശവും പിതാവ് നൽകിയതായി അലീഷ്യ പറഞ്ഞു. 

‘അമ്മ ആഗ്രഹിച്ചതു പോലെ സ്വപ്ന തുല്യമായ ഒരു വിവാഹ വാർഷികം നടത്തണമെന്നാണ് പിതവ് ആവശ്യപ്പെട്ടത്. ജൂൺ 10നായിരുന്നു വിവാഹ വാർഷികം. വാർഷികത്തിന് ആഴ്ചകൾക്കു മുൻപു കിട്ടുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തതായിരിക്കാം മെയിലെന്ന് അലീഷ്യ പറഞ്ഞു. 

തനിക്ക് കിട്ടിയ മെയിലിനെ കുറിച്ച് അലീഷ്യ പറയുന്നത് ഇങ്ങനെ: ‘അക്ഷരാർഥത്തിൽ ആ മെയിൽ കണ്ടപ്പോൾ ഞാൻ പകച്ചു പോയി. പത്തുമാസം മുൻപ് മരിച്ചയാളുടെ മെയിൽ പെട്ടന്ന് വരുന്നതു  കാണുമ്പോൾ പിന്നെ എന്തായിരിക്കും മാനസീകാവസ്ഥ. മെയിൽ നോട്ടിഫിക്കേഷന്‍ കണ്ട് രണ്ട് ദിവസങ്ങൾക്കു ശേഷമാണ് ഞാൻ മെയിൽ തുറന്നത്. അച്ഛൻ അമ്മയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അതിൽ നിന്നും വ്യക്തമാണ്. ഇരുപത്തിയഞ്ചാം വിവാഹ വാർഷികം അവരൊന്നിച്ചായിരുന്നു ആഘോഷിക്കേണ്ടിയിരുന്നത്. അദ്ദേഹം അമ്മയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്റ തെളിവാണ് ഇത്. മരണത്തിനു പോലുംം അച്ഛന് അമ്മയോടുള്ള സ്നേഹം നിഷേധിക്കാനായില്ല.’ 

പിതാവിന്റെ നിർദേശം അനുസരിച്ച് അലീഷ്യ എല്ലാം ഒരുക്കി. പൂക്കൾ, അമ്മയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം എല്ലാം അവൾ ഒരുക്കിയിരുന്നു. ഓരോ ആഴ്ചയിലും അമ്മയ്ക്ക് ബ്യൂട്ടി പാർലറിൽ പോകാനുള്ള പണം നൽകുകയും ചെയ്തു. അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് നീക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 'BE GOOD AND BEHAVE. DON'T DO ANYTHING STUPID’ എന്നു പറഞ്ഞാണ് മെയിൽ അവസാനിപ്പിക്കുന്നത്. 

അമ്മയ്ക്ക് സർപ്രൈസ് ആയി തന്നെ അലീഷ്യ എല്ലാം ഒരുക്കി. രാത്രി അമ്മ ഉറങ്ങുമ്പോഴായിരുന്നു അലീഷ്യ എല്ലാം തയാറാക്കിയത്. മുറികളിൽ നിറയെ ബലൂണുകളും കുടുംബചിത്രങ്ങളും തൂക്കി. ഇത് കണ്ട് ആനന്ദാശ്രു പൊഴിക്കുന്ന അമ്മയുടെ ചിത്രവും അവൾ പങ്കുവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com