sections
MORE

ഗർഭിണിയായ സമയത്തു പോലും വെറുതെ വിട്ടില്ല; അന്നും രാജകുടുംബം പിന്തുണച്ചില്ല; കോടതിയിൽ മേഗൻ

harry-meghan-archie
SHARE

ബ്രിട്ടിഷ് രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു രഹസ്യം കൂടി പുറത്ത്. ഹാരി രാജകുമാരന്റെ ഭാര്യ മുൻ നടിയും മോഡലുമായ മേഗൻ മാർക്കിൾ കോടതി കേസുമായി ബന്ധപ്പെട്ടാണ് രഹസ്യം പുറത്തുവിട്ടത്. മകൻ ആർച്ചിയെ ഗർഭം ധരിച്ചിരിക്കെ തനിക്ക് ബ്രിട്ടിഷ് രാജകുടുംബത്തിന്റെ പിന്തുണ കിട്ടിയിട്ടില്ലെന്നാണ് മേഗന്റെ പരാതി. കോടതിയിൽ സമർപ്പിച്ച രേഖകളുടെ കൂട്ടത്തിലാണ് മേഗന്റെ പുതിയ കുറ്റാരോപണം.

ഒരു ടാബ്ലോയ്ഡ് പത്രത്തിനെതിരെ ലണ്ടൻ ഹൈക്കോടതിയിൽ നടക്കുന്ന കേസിന്റെ ഭാഗമായി മേഗൻ സമർപ്പിച്ച രേഖകളുടെ കൂട്ടത്തിൽ രാജകുടുംബത്തെക്കുറിച്ചുള്ള പരാതിയുമുണ്ട്. മേഗൻ പിതാവ് തോമസ് മാർക്കിളിന് എഴുതിയ ചില കത്തുകൾ ഇക്കഴിഞ്ഞ വർഷം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതാണ് കേസിന് ആസ്പദമായ സംഭവം. 2018 ഓഗസ്റ്റിലാണ് മേഗൻ പിതാവിന് കത്തെഴുതിയതെന്ന് പറയപ്പെടുന്നത്. അതിനുശേഷം ഇരുവരും അകൽച്ചയിലാണ്.

മേഗനും ഹാരിയും തമ്മിലുള്ള രാജകീയ വിവാഹത്തിനു മുൻപു തന്നെ മകളും പിതാവും തമ്മിൽ അകന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. തോമസ് മാർക്കിളിന് ഇക്കാലത്ത് ഒരു ഹൃദയ ശസ്ത്രക്രിയയും നടത്തിയിരുന്നു. അതിനുശേഷം നടന്ന മകളുടെ വിവാഹത്തിൽ നിന്ന് ദുരൂഹമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തോമസ് മാർക്കിൾ വിട്ടുനിൽക്കുകയും ചെയ്തു. ഇക്കാലത്ത് അവർ എഴുതിയ കത്തുകളിൽ ഇരുവരും തമ്മിലുള്ള അകൽച്ചയുടെ കാരണങ്ങൾ അക്കമിട്ടു നിരത്തുന്നുണ്ട്. ഇവയാണ് അനുമതിയില്ലാതെ പത്രം പ്രസിദ്ധീകരിച്ചത്. പിതാവും മകളും തമ്മിൽ അതിനു ശേഷം സംസാരിച്ചിട്ടേയില്ലെന്നും പറയപ്പെടുന്നു.

എന്നാൽ മേഗന്റെ അടുത്ത സുഹൃത്തുക്കളിൽ നിന്നാണ് തങ്ങൾക്ക് രഹസ്യ വിവരങ്ങളും കത്തുകളും ചോർന്നുകിട്ടിയതെന്നാണ് പത്രം കോടതിയിൽ പറഞ്ഞത്. 2019 മേയ് മാസത്തിലായിരുന്നു മേഗന്റെ പ്രസവം. മേഗന്റെ സുഹൃത്തുക്കൾ ചില അഭിമുഖങ്ങളിലും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും പത്രം അവകാശപ്പെടുന്നു.

ബ്രിട്ടനിലെ ടാബ്ലോയ്ഡ് പത്രങ്ങൾ അങ്ങേയറ്റം അടിസ്ഥാന രഹിതമായ വാർത്തകൾ പുറത്തുവിടുകയും അവയെല്ലാം മേഗനു കടുത്ത മാനസിക സംഘർഷം ഉണ്ടാക്കിയെന്നും അവരുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. മാനസിക ആഘാതം സൃഷ്ടിക്കുന്ന വാർത്തകളായിരുന്നു പലതും. ഇവയുടെ ഫലമായി മേഗൻ ദയനീയമായ അവസ്ഥയിലൂടെ കടന്നുപോയെന്നും ബോധിപ്പിച്ചു. ഗർഭിണിയായ സമയത്തുപോലും മേഗനെ വെറുതെ വിടാൻ ചില പ്രസിദ്ധീകരണങ്ങൾ തയാറായില്ലെന്നും മേഗന്റെ അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ അവരുടെ സ്ഥിതിയിൽ ആശങ്കാകുലരായിരുന്നെന്നും അഭിഭാഷകൻ തുടർന്നുപറഞ്ഞു.

ഇതിന്റെ പേരിലാണ് മേഗൻ പ്രസിദ്ധീകരണങ്ങൾക്കെതിരെ കോടതി കയറിയത്. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകളുടെ പേരിൽ പോലും രഹസ്യങ്ങൾ ഒന്നൊന്നായി ചുരുളഴിച്ചെടുക്കുകയാണ് ബ്രിട്ടിഷ് ടാബ്ലോയ്ഡ് മാധ്യമങ്ങൾ. അങ്ങനെ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് രാജകുടുംബവും പുതിയ തലമുറയിലെ അംഗങ്ങളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA