ADVERTISEMENT

വിവാഹങ്ങൾക്കു നിയന്ത്രണങ്ങളുള്ള കാലത്തിലൂടെ കടന്നു പോകുകയാണ് നമ്മൾ. എന്നാൽ ഈ കാലത്ത് രണ്ടുയുവതികളെ വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവാവ്. അതും കാമുകിയെയും കുടുംബം തിരഞ്ഞെടുത്ത യുവതിയെയുമാണ് ഒരേ വേദിയിൽ യുവാവ് വിവാഹം കഴിച്ചത്. മൂന്നു കുടുംബങ്ങളുടെ സാന്നിധ്യത്തിൽ.

മധ്യപ്രദേശിലെ ബേത്തുൾ ജില്ലയിലാണ് സംഭവം. സന്ദീപ് ഉയ്ക്ക് എന്ന യുവാവാണ് ഒരേവേദിയിൽ വച്ച് ഗ്രാമവാസികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ രണ്ട് യുവതികളെ വിവാഹം കഴിച്ചത്. ഹോസങ്കാബാദ് ജില്ലയിൽ നിന്നുള്ള യുവതിയെയും  കൊയലാരി ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു യുവതിയെയുമാണ് സന്ദീപ് വിവാഹം ചെയ്തത്.

ഭോപ്പാലിൽ പഠിക്കുന്ന സമയത്താണ് സന്ദീപ് ഹോസങ്കാബാദിലെ യുവതിയുമായി പ്രണയത്തിലാകുന്നത്. എന്നാൽ ഇതിനിടെ ഉയ്ക്കിന്റെ കുടുംബം അദ്ദേഹത്തിനായി മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നിശ്ചയിച്ചു. പ്രശ്ന പരിഹാരത്തിനായി മൂന്നു കുടുംബങ്ങളും പഞ്ചായത്ത് സമിതിയെ സമീപിച്ചു. ഉയ്ക്കിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തയാറാണോ എന്ന് പഞ്ചായത്ത് സമിതി യുവതികളോട് ചോദിച്ചു. തുടർന്ന് അവർ വിവാഹത്തിനു തയാറാകുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. 

കെരിയ ഗ്രാമത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. മതാചാര പ്രകാരം ഉയ്ക്ക് യുവതികളെ വിവാഹം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവാഹത്തിൽ മൂന്നു കുടുംബങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയത്. അതേസമയം കോവിഡ്–19 പടരുന്ന സാഹചര്യത്തിൽ വിവാഹം നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അനുമതി ലഭിച്ചാലും ഇല്ലെങ്കിലും അസാധാരണ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. 

English Summary: Madhya Pradesh man takes 'saat phere' with girlfriend and bride chosen by parents in same 'mandap'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com