ADVERTISEMENT

ഫോട്ടോഷൂട്ടിൽ പലതരത്തിലുള്ള പരീക്ഷണങ്ങളും നാം ഇതിനോടകം കണ്ടുകഴിഞ്ഞു.  ഇത്തരം പരീക്ഷണങ്ങളിലെ വ്യത്യസ്തത ദിനംപ്രതി വർധിച്ചു വരികയാണ്. പല മേറ്റേണിറ്റി ഷൂട്ടുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു ഷൂട്ട് ഒരുപക്ഷേ ആദ്യമായിരിക്കും. അങ്ങനെയൊരു ഫോട്ടോഷൂട്ടിനു പിറകെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ബെത്താനി കറുലാക്ക് ബേക്കർ എന്ന യുവതിയാണ്  ഫോട്ടോഷൂട്ടിലെ താരം.

തേനീച്ചയെ ഉപയോഗിച്ച്  ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ട്. കേൾക്കുന്നവരെല്ലാം അമ്പരക്കും. അമ്മയ്ക്കും കുഞ്ഞിനും അപകടമുണ്ടാകും എന്നൊക്കെയുള്ള അഭിപ്രായങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നു.  എന്നാൽ അങ്ങനെയൊരു ഫോട്ടോഷൂട്ടിനു തയാറാകുകയായിരുന്നു ബെത്താനി. നൂറുകണക്കിന് തേനീച്ചകളെ കൊണ്ട് വയർ പൊതിഞ്ഞായിരുന്നു  ബെത്താനിയുടെ ഫോട്ടോഷൂട്ട്.  ബ്രൂക്ക് വെയിൽ  എന്ന ഫോട്ടോഗ്രാഫറാണ് അസാധാരണമായ ഈ ഫോട്ടോകൾ എടുത്തത്. തേനീച്ചകൾ പൊതിഞ്ഞ വയറുമായി ചിരിച്ചു നിൽക്കുന്ന ബെത്താനിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

തേനീച്ചകളുമായി ബെത്താനിയുടെ അടുപ്പം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതുകൊണ്ടു തന്നെയാണ് ഇത്തരം ഒരു സാഹസിക പ്രവർത്തിക്കു തയാറായതെന്നും ബെത്താനി പറയുന്നു. ഗൂഗിളിൽ കണ്ടെത്തിയ ഒരു സ്ത്രീയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വ്യത്യസ്തമായ ഫോട്ടോഷൂട്ടിനു തയാറായതെന്നും അവർ പറയുന്നു.  ഇത് ഒരു യുവതി തന്റെ വയർ തേനീച്ചകളാൽ പൊതിഞ്ഞ് എടുത്ത ഒരു ഫോട്ടോ അല്ല.  ഇതിനു പിന്നിൽ ഒരു കഥയുണ്ടെന്ന മുഖവുരയോടെയാണ് ബെത്താനി ഫോട്ടോ പങ്കുവവച്ചത്.

ബോത്താനി കറുലക്ക് ബേക്കറുടെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ സംക്ഷിപ്ത രൂപം

‌ഇത് ഒരു യുവതി തേനീച്ചകളാൽ വയർ പൊതിഞ്ഞ് എടുത്ത കേവലം ഒരു ഫോട്ടോ അല്ല. ഏകദേശം ഒരുവർഷം മുൻപ് ഗർഭാവസ്ഥയിൽ തന്നെ ഒരു കുഞ്ഞിനെ എനിക്ക് നഷ്ടമായി. അത് എന്റെ ഹൃദയം തകർത്തു. യാംപ വാലി മെഡിക്കൽ സെന്ററിൽ നിന്നും കുഞ്ഞിനെ നഷ്ടമായി മടങ്ങുമ്പോൾ എന്റെ കുഞ്ഞ് തനിച്ചാണെന്ന ചിന്ത എന്നെ വേട്ടയാടി. അപ്രതീക്ഷിതമായ ആ സർജറിയെ തുടർന്ന് മാസങ്ങളോളം ഞാൻ വിഷാദരോഗത്തിന് അടിമയായി. ഒരു അമ്മയായും ഭാര്യയായും എങ്ങനെ ജീവിക്കും എന്നതു സംബന്ധിച്ച് വലിയ രീതിയിലുള്ള മാനസിക സംഘർഷങ്ങൾ  എനിക്കുണ്ടായി.

ഏതാനും മാസങ്ങള്‍ക്കു ശേഷം വീണ്ടും ഗർഭിണിയായി. എന്നാൽ ഇക്കാര്യം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറയാൻ എനിക്ക് ഭയമായിരുന്നു. കാരണം ഈ കുഞ്ഞിനെ കൂടി നഷ്ടപ്പെടുമോ എന്ന ചിന്ത അലട്ടുന്നുണ്ടായിരുന്നു. കുഞ്ഞിനെ  നഷ്ടമായാൽ എന്തു ചെയ്യും എന്ന ഭയപ്പെടുത്തുന്ന ചിന്ത സദാസമയവും വേട്ടയാടി.

അപ്പോഴാണ് നമ്മുടെ രാജ്യം പകർച്ചവ്യാധിക്ക് അടിമപ്പെട്ടത്. രാപകലില്ലാത്ത ഛർദി എന്നെ ക്ഷീണിതയാക്കി. പുറത്തിങ്ങാൻ കഴിയാത്ത അവസ്ഥയായി. ഗർഭിണിയാണെന്ന കാര്യം ആരെയും അറിയിക്കാതിരുന്നതിനാൽ കൂടുതൽ അന്വേഷണങ്ങളൊന്നും എവിടെ നിന്നും ഉണ്ടായതുമില്ല. എന്നാല്‍, ഇതൊക്കെയാണെങ്കിലും ഞങ്ങളുടെ കുടുംബാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടു എന്നു വേണം കരുതാൻ. ജോലിക്കു പോകാനോ പുറത്തിറങ്ങാനോ കഴിയാത്തതിനാൽ ഭർത്താവ് സദാസമയവും എനിക്കൊപ്പം ചിലവിട്ടു. അദ്ദേഹത്തിന്റെ സ്നേഹവും കരുതലും എന്നെ മാനസിക സമ്മർദങ്ങളിൽ നിന്നും മുക്തയാക്കി. എന്തുകൊണ്ടും ഞങ്ങളുടെ കുഞ്ഞിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഉണ്ടായിരുന്നു. അത് എന്നെ സന്തോഷവതിയാക്കി. എന്റെ പ്രതീക്ഷയ്ക്കും അപ്പുറത്തെ പിന്തുണയാണ് ഭർത്താവ് നൽകിയത്.

ഇപ്പോൾ  37ആഴ്ചയുള്ള ആരോഗ്യവാനായ കുഞ്ഞിനൊപ്പമാണ്  ഉള്ളതെന്നു പറയുന്നതിൽ സന്തോഷം ഉണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൻ അല്ലെങ്കിൽ അവൾ ഞങ്ങൾക്കൊപ്പം ചേരും. പലപരീക്ഷണങ്ങളിലൂടെയും കടന്നു പോയാണ് ഈ കുഞ്ഞ് ഞങ്ങൾക്കൊപ്പം ചേരാൻ പോകുന്നത്. അതുകൊണ്ടു തന്നെ ഒരു സ്ത്രീയുടെ വയറിൽ തേനീച്ച കൂടുള്ള കേവലമൊരു ചിത്രം മാത്രമല്ല ഇത്. ഈ ഫോട്ടോ വളരെയധികം കാര്യങ്ങൾ പ്രതിനിധീകരിക്കുന്നുണ്ട്. ഒരിക്കൽ എന്റെ കുഞ്ഞുങ്ങൾ ഈ ഫോട്ടോ നോക്കുകയും എന്നിലെ യോദ്ധാവിനെ തിരിച്ചറിയുകയയും ചെയ്യും. 

ഇങ്ങനെയൊരു ലോകം ഒരുക്കി നൽകിയ എന്റെ പെറിക്ക് നന്ദി പറയുന്നു.  ബ്രൂക്ക് താങ്കൾ അസാധ്യ ഫോട്ടോഗ്രാഫറാണ്. തേനീച്ചകൾ പറക്കുന്നതിനിടയിലും അതിമനോഹരമായി തന്നെ താങ്കൾ ഫോട്ടോകൾ എടുത്തു. ഹൃദയത്തിൽ തൊട്ട് നന്ദി

English Summsry: ‘Had no idea it would go viral’: Here’s the story behind woman’s pregnancy photoshoot with bees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com