ADVERTISEMENT

ഒരുമാസത്തോളമായി 33 വയസ്സുള്ള ജിക്മെറ്റ് വാങ്ക്ഡൂവു അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനും ദിവസേന ഡൽഹി വിമാനത്താവളത്തിലേക്ക് പോകുകയാണ്. ‘ലേ’യിൽ നിന്നും എത്തുന്ന ഒരു പെട്ടി വാങ്ങാനാണ് അവർ പോകുന്നത്. അതൊരു സാധാരണ പെട്ടിയല്ല. ഏഴ് ചെറിയ കണ്ടെയ്നറുകള്‍ നിറച്ച പെട്ടിയാണ് അത്. കണ്ടെയ്നറുകളിൽ നിറച്ചിരിക്കുന്നതാകട്ടെ ഒരു അമ്മയുടെ മുലപ്പാലും. 

ഡൽഹിയിലെ ആശുപത്രിയിൽ കഴിയുന്ന വാങ്കുഡുവിന്റെ നവജാത ശിശുവിനുള്ള പാലാണ്. ജീവൻ നിലനിർത്താനുള്ള അടിയന്തര ശസ്ത്രക്രിയക്ക് കുഞ്ഞിനെ വിധേയമാക്കിയിരുന്നു. ജൂൺ 16ന് ലേ യിലെ സോനം നുർബൂ ആശുപത്രിയിലായിരുന്നു 30 വയസ്സുകാരിയായ ഡോർജെ പാമോ കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാൽ, കുഞ്ഞിന് പാൽ കുടിക്കാൻ കഴിയുന്നില്ലെന്ന് അവർ മനസ്സിലാക്കി. സംഭവം അറിഞ്ഞപ്പോൾ കുഞ്ഞിന് എത്രയും പെട്ടന്ന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടർമാരായ സുഹൃത്തുക്കൾ അറിയിച്ചു. അങ്ങനെ 18–ാം തിയതി വിമാനമാര്‍ഗം കുഞ്ഞിനെ ഡൽഹിയിലേക്ക് എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തെന്ന് വാങ്കഡൂ പറയുന്നു.

ഡൽഹിയിൽ നിന്നും റോഡ് മാർഗം ആയിരം കിലോമീറ്ററാണ് ലേയിലേക്കുള്ള ദൂരം. വിമാനമാർഗം 1മണിക്കൂർ15 മിനുട്ട് സമയമെടുക്കും. മൈസൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജരാണ് വാങ്ക്ഡു. 18ന് രാവിലെ തന്നെ വാങ്ക്ഡൂവും വിമാനമാർഗം ഡൽഹിയിലെത്തിയിരുന്നു. ‘രണ്ടു ദിവസം പ്രായമുള്ളപ്പോൾ ഒരുതവണ മാത്രമാണ് എന്റെ കുഞ്ഞിനെ കയ്യിലെടുത്തത്. ഞാൻ അവനെ കൂടുതൽ സ്പര്‍ശിച്ചില്ല. കാരണം ഞാൻ വരുന്നത് കർണാടകയിൽ നിന്നാണ്. അവിടത്തെ കോവിഡ്–19 കേസുകൾ ആശങ്കയുണ്ടാക്കുന്നതാണ്.’ വാങ്ക്ഡു പറഞ്ഞു. കൊറോണ  വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുഞ്ഞിന്റെ അമ്മയ്ക്ക് ഡൽഹി വരെ സഞ്ചരിക്കാൻ കഴിയില്ല. വിമാനത്തിലെ നല്ലവരായ യാത്രക്കാർ ലേയിൽ നിന്നുള്ള പാൽപ്പെട്ടി ദിവസവും തങ്ങളുടെ കൈകളിലെത്തിക്കുകയാണെന്നും വാങ്ക്ഡു വ്യക്തമാക്കി. 

ഷാലിമർ ബാഗിലെ മാക്സ് ഹോസ്പിറ്റൽ എൻഐസിയുവിലാണ് കുഞ്ഞുള്ളത്. അന്നനാളത്തിലെ തകരാറു കാരണമാണ് കുഞ്ഞിന് പാൽ കുടിക്കാൻ കഴിയാതെ പോയത്. ആയിരത്തിൽ ഒരു കുഞ്ഞിന് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാറുണ്ടെന്ന് മാക്സ് ഹോസ്പിറ്റലിലെ ഡോ. ഹർഷവർധൻ പറയുന്നു. കുഞ്ഞിന് ചെറിയ രീതിയിൽ  ശ്വാസകോശത്തിൽ അണുബാധ ഉണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ചതായും ഡോക്ടർ വ്യക്തമാക്കി. 

English Summary: Newborn Admitted In Delhi Hospital Gets Mother's Milk From 1,000 Km Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com