sections
MORE

ടെഡി ബെയറിനുള്ളിൽ മരിച്ചു പോയ അമ്മയുടെ ശബ്ദം: കാണാതായതിനെ കണ്ടെത്തിയത് ഇങ്ങനെ

teddy
SHARE

പുതിയ അപ്പാർട്ട്മെന്റിലേയ്ക്ക് താമസം മാറുന്നതിനിടെ ആരോ മോഷ്ടിച്ചു കൊണ്ടു പോയ തന്റെ ടെഡി ബെയറിനെ  അന്വേഷിച്ച് മാര സൊറിയാനോ എന്ന യുവതി അലഞ്ഞത് ചില്ലറയൊന്നുമല്ല. കാനഡയിലെ വാൻകൂവറിലുള്ള വെസ്റ്റ്  എൻഡ് എന്ന സ്ഥലത്തെ ഇടവഴികളും ചവറുകൂനകളും എല്ലാം മാര ടെഡി ബെയർ തിരഞ്ഞു നടന്നു. നിസ്സാരമായ ഒരു ടെഡി ബെയറിനെ ഇത്രകണ്ട് അന്വേഷിക്കാൻ എന്തെന്നല്ലേ.  മാരയുടെ മരണപ്പെട്ടുപോയ അമ്മയുടെ ശബ്ദം റെക്കോർഡ് ചെയ്ത പാവയായിരുന്നു അത്.

ടെഡി ബെയറിനെ നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയ ഉടൻ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മാര പോസ്റ്റിട്ടിരുന്നു. കേവലമൊരു പാവ എന്നതിന് മുകളിൽ മാരയുടെ ജീവിതത്തിൽ അതിനുള്ള പ്രാധാന്യം മനസ്സിലാക്കിയ സൈബർ ലോകം ആ പോസ്റ്റ് ഏറ്റെടുത്തു. എന്തിനേറെ റയാൻ റൊണാൾഡോ അടക്കമുള്ള ചില സെലിബ്രിറ്റികൾ പോലും ടെഡി ബെയറിനെ തിരിച്ചു നിൽക്കുന്നവർക്ക്  പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചത്.

നാലു ദിവസം മുഴുവൻ തെരുവുകളിൽ പോസ്റ്റർ ഒട്ടിച്ചും പരസ്യം ചെയ്തുമെല്ലാം തിരഞ്ഞിട്ടും ടെഡി ബെയറിനെ കണ്ടെത്താനാവാത്തതോടെ തകർന്ന അവസ്ഥയിലായിരുന്ന മാരയെ തേടി അഞ്ചാം ദിവസം ഒരു ഇമെയിൽ എത്തി. പാവ തങ്ങളുടെ കൈയിൽ ഉണ്ടെന്നും തിരികെ തരാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു മെയിലിന്റെ ഉള്ളടക്കം. എന്നാൽ മെയിൽ അയച്ച വ്യക്തിയെ പറ്റി വിശദമായ വിവരങ്ങൾ ഒന്നും ഇല്ലാത്തതിനെ തുടർന്ന് മാരയ്ക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല.അതുകൊണ്ട് ചില മാധ്യമങ്ങളുടെ സഹായം കൂടി തേടി സുരക്ഷിതമായ ഒരു സ്ഥലമാണ് പാവയെ കൈമാറ്റം ചെയ്യുന്നതിനായി അവർ നിർദ്ദേശിച്ചത്. പക്ഷേ മാരയുടെ എല്ലാ സംശയങ്ങളും വെറുതെയായിരുന്നു. നല്ലവരായ രണ്ടു വ്യക്തികൾ പാവയെ തിരികെ നൽകാൻ വേണ്ടി തന്നെയാണ് അവിടെ എത്തിയത്. നഷ്ടപ്പെട്ടു എന്ന് കരുതിയ തന്റെ 'അമ്മ പാവയെ' കണ്ട നിമിഷം ജീവിതം തന്നെ തിരികെ ലഭിച്ച സന്തോഷമാണ് തോന്നിയത് എന്ന് മാര പറയുന്നു.

ടെഡി ബെയർ മോഷണം പോകുന്ന ദൃശ്യങ്ങൾ മാര പോസ്റ്റ് ചെയ്തിരുന്നു. അതിൽനിന്നും മോഷണം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞ രണ്ടു പേർ അയാളെ കണ്ടെത്തി പാവ തിരിച്ചുവാങ്ങി മാരയ്ക്ക് നൽകുകയായിരുന്നു. പാവയ്ക്ക് ഒരു കേടുപാടുകളും ഉണ്ടായില്ല  എന്നതാണ് മറ്റൊരു സന്തോഷം. 

മാരയുടെ അമ്മയായ മരിലിൻ സൊറിയാനോ  2017 ലാണ് ക്യാൻസറിനെ തുടർന്ന് മരണമടഞ്ഞത്. ഇരുവരും തമ്മിലുള്ള സ്നേഹ നിമിഷങ്ങളെ ഓർമ്മിപ്പിക്കുന്ന വാചകങ്ങളാണ് അമ്മ ടെഡി ബെയറിനുള്ളിൽ റെക്കോർഡ് ചെയ്തു വെച്ചിരിക്കുന്നത്. അമ്മ ധരിച്ചിരുന്നതു പോലെയുള്ള ജാക്കറ്റും കണ്ണടയും എല്ലാം മാര പാവയ്ക്കും നൽകിയിട്ടുണ്ട്. അമ്മയെ തന്നെ തിരികെ കിട്ടിയ സന്തോഷത്തിൽ  പുതിയ വീടും പരിസരവും എല്ലാം ടെഡി ബെയറിനും കാണിച്ചു കൊടുക്കുന്ന തിരക്കിലാണ് അവർ ഇപ്പോൾ. അടുത്തവർഷം തൻറെ വിവാഹം നടക്കുന്ന സമയത്ത് അമ്മയുടെ സ്ഥാനത്ത്  ഒരു ഇരിപ്പിടം ടെഡി ബെയറിനായി ഒരുക്കി വയ്ക്കുമെന്ന് മാര പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA