sections
MORE

‘പുതിയ ട്യൂമറുകളില്ല; വേദനയും’; അൻവിതയുടെ കണ്ണുകൾ തിളങ്ങുന്നു; അച്ഛൻ പറയുന്നു

anvitha-cancer
SHARE

അൻവിത എന്ന കൊച്ചുമിടുക്കിയെ മലയാളികൾക്ക് ഏറെ പരിചിതമാണ്. കണ്ണിന് കാൻസർ ബാധിച്ച അൻവിതയുടെ നിറപുഞ്ചിരി മറക്കാനാകില്ല. ഇപ്പോഴിതാ ലോകം കേൾക്കാൻ കൊതിച്ച വാർത്ത പങ്കുവയ്ക്കുകയാണ് അൻവിതയുടെ അച്ഛൻ വിനീത്. മോളുടെ കണ്ണുകൾ‌ ഭേദമാകുന്നു. എല്ലാവരുടെയും പ്രാർഥന ദൈവം കേട്ടെന്നും മോളുടെ കണ്ണുകൾക്ക് കുഴപ്പമില്ലെന്നും വിനീത് പറയുന്നു. വിനീതിനും അമ്മ ഗോപികയ്ക്കുമൊപ്പം ഹൈദരാബാദിലെ ആശുപത്രിയിൽ നിന്നും നാട്ടിലേക്ക് എത്തുകയാണ് അൻവിത. ആ വലിയ സന്തോഷവും നന്ദിയും മനോരമ ന്യൂസ് ‍ഡോട്കോമിനോട് പങ്കുവയ്ക്കുകയാണ് അന്‍വിതയുടെ അച്ഛൻ വിനീത്. 

വിനീതിന്റെ വാക്കുകൾ: 

'മോൾടെ കീമോ കഴിഞ്ഞുള്ള രണ്ടാമത്തെ ചെക്കപ്പിന് വേണ്ടിയാണ് വന്നത്. ഇന്നലെ ഉച്ചയോട് കൂടി ഹൈദരാബാദിലെത്തി. ഇന്ന് രാവിലെ ട്രീറ്റ്മെന്റിനായി ഹോസ്പിറ്റലിലെത്തി. മോളെ പരിശോധിച്ച് ഡോക്ടർ പറഞ്ഞത് കണ്ണിൽ നല്ല രീതിയിൽ മാറ്റമുണ്ട്. പുതിയതായി ട്യൂമർ വരുന്നില്ല. നേരത്തെ ഉണ്ടായിരുന്ന ട്യൂമർ കഴിഞ്ഞ തവണ ലേസർ ചെയ്തതോടെ ചുരുങ്ങി ചെറുതാകുകയും ചെയ്തു. എല്ലാത്തവണയും ലേസർ, ക്രയോ ട്രീറ്റ്മെന്റുകൾ ചെയ്യുമായിരുന്നു. എന്നാല്‍ ഇത്തവണ അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ഇനിയൊരു മൂന്ന് മാസത്തെ ഇടവേള കഴിഞ്ഞ് നമുക്ക് നോക്കാം. രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോള്‍ പോയത്. ഇത്രയും കാലത്തിനുള്ളിൽ പുതിയ ട്യൂമര്‍ ഉണ്ടാകാത്തത് നല്ല സൂചനയാണെന്നാണ് പറയുന്നത്.

കണ്ണിന്റെ കാഴ്ച എത്ര ശതമാനമുണ്ടെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ബാക്കിയെല്ലാം ശരിയായിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് ഇപ്പോൾ ഞങ്ങൾ ആംബുലൻസ് വഴി തിരികെ നാട്ടിലേക്ക് വരികയാണ്. എല്ലാത്തവണയും ട്രീറ്റ്മെന്റ് കഴിഞ്ഞ് വരുമ്പോൾ മോൾക്ക്് ലേസറിന്റെയും കീമോയുടെയുമൊക്കെ വേദന ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ അതില്ലെന്നതാണ് ഏറെ ആശ്വാസം. അനസ്തേഷ്യയുടെ ചെറിയ മയക്കം മാത്രമേ ഉള്ളൂ. സ്വാതി കൽക്കി എന്ന ഡോക്ടറാണ് മോളെ ചികിൽസിക്കുന്നത്. സ്വാതി ഡോക്ടർ കണ്ണിൽ മരുന്നൊഴിച്ചു. എല്ലാം ശരിയായി എന്നാണ് മോൾ പറയുന്നത്. 

സാമൂഹിക സുരക്ഷാ മിഷന്‍റെയും ആശ്രയയുടെയും സഹായത്തോടെയാണ് ആംബുലൻസ് വിട്ടുകിട്ടിയത്. ലോക്ഡൗൺ കാലത്ത് ചികിൽസയ്ക്കായി ഹൈദരാബാദിലേക്ക് പോകാൻ ബുദ്ധിമുട്ടിയിരുന്നു. അന്ന് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ഇടപെട്ട് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അങ്ങനെയാണ് ചികിൽസയ്ക്കായി പോകാൻ സാധിച്ചത്. എല്ലാത്തിനും എന്നെ നേരിട്ട് പരിചയമില്ലാത്ത സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും ഒപ്പം സർക്കാരിനുമാണ് നന്ദി പറയുന്നത്'. 

മോളുടെ ചികിൽസയ്ക്കായി നിരന്തരം ഹൈദരാബാദിലേക്ക് പോകേണ്ടതാനാൽ ഒമാനിലെ ജോലി ഉപേക്ഷിച്ചാണ് വിനീത് നാട്ടിലെത്തിയത്. ഇവിടെ കരാ‍ർ അടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ ജോലിയാണ് വിനീത് ചെയ്യുന്നത്. ലോക്ഡൗണും ഇടയ്ക്കുള്ള യാത്രയും കാരണം ജോലിയിൽ നിന്ന് കാര്യമായ വരുമാനമൊന്നുമില്ല. അൻവിതയുടെ ചികിൽസയ്ക്കായുള്ള ഭാരിച്ച തുക സ്വരുക്കൂട്ടാനായത് സാമൂഹിക മാധ്യമ ഇടപെടലിലൂടെയാണ്. വിനീതിനും ഗോപികയ്ക്കും മുന്നര വയസ്സുള്ള മറ്റൊരു മകൾ കൂടിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA