ADVERTISEMENT

ഏകദേശം എട്ട് പതിറ്റാണ്ട് മുൻപാണ് വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ജൂലിയോ മോറയും വൽട്രമിന ക്വിന്ററോസും രഹസ്യമായി വിവാഹിതരായത്. കൃത്യമായി പറഞ്ഞാൽ 1941 ഫെബ്രുവരി ഏഴാം തീയതി.  ജീവിതമാരംഭിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇവരുടെ പ്രണയത്തിന് നിത്യ യൗവനമാണ്. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന റെക്കോർഡ് നേടിയെടുത്തിരിക്കുകയാണ് ഈ ഇക്വഡോർ സ്വദേശികൾ.

തന്റെ മുപ്പത്തിയൊന്നാം വയസ്സിലാണ് ജൂലിയോ അന്ന്  ഇരുപത്തിയഞ്ചുകാരിയായിരുന്ന വൽട്രമിനയെ ജീവിതസഖിയാക്കിയത്. ഇന്ന് ജൂലിയോയ്ക്ക് 110 ഉം വൽട്രമിനയ്ക്ക് 104 മാണ് പ്രായം. ഗിന്നസ് ലോക റെക്കോർഡ് നേടിയ ദമ്പതികൾക്കുള്ള സാക്ഷ്യപത്രം ഓഗസ്റ്റ് മാസത്തിൽ  ഇരുവരും ഏറ്റുവാങ്ങി. ഏഴുവർഷം സുഹൃത്തുക്കളായി തുടർന്ന ശേഷമാണ് ഇരുവരും 1941ൽ ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചത്.

വീട്ടുകാർ എതിർത്തിരുന്നതിനാൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പള്ളിയിൽ വച്ച് നടന്ന വിവാഹത്തിന് സാക്ഷികളായി ഉണ്ടായിരുന്നത്. എന്നാൽ കാലക്രമേണ രണ്ടുവീട്ടുകാരും ഇവരുടെ ബന്ധം അംഗീകരിക്കുകയും ചെയ്തിരുന്നു. രണ്ടുപേരുടെയും കുടുംബത്തിലെ പുതുതലമുറക്കാർക്ക് എന്നും മാതൃകയാവാൻ തങ്ങൾക്ക് സാധിച്ചതായി ജൂലിയോയും വൽട്രമിനയും അതീവ സന്തോഷത്തോടെ പറയുന്നു. ഇരുവരും അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ്.

അഞ്ച് മക്കളാണ് ഇരുവർക്കും ജനിച്ചത്. എന്നാൽ മൂത്തമകൻ അമ്പത്തിയെട്ടാം വയസ്സിൽ മരണപ്പെട്ടു.11 കൊച്ചുമക്കൾ ഉണ്ട്. അവരുടെ മക്കൾക്കും മക്കളായി കഴിഞ്ഞു. അതായത് ഒൻപത് കുട്ടി കുറുമ്പുകളുടെ മുതുമുത്തശ്ശിയും മുത്തശ്ശനുമാണ് ഈ ദമ്പതികൾ. കൊറോണ വ്യാപനവും ലോക്ഡൗണുമൊക്കെ അവസാനിച്ചിട്ട് ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ കാണാൻ കാത്തിരിക്കുകയാണ് ഇരുവരും.

വിദ്യാഭ്യാസത്തിലും ജീവിത സാഹചര്യങ്ങളിലും ഒട്ടേറെ പുരോഗമനമുണ്ടായ ഈ കാലത്ത് പോലും ദാമ്പത്യബന്ധങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്.  79 വർഷക്കാലം  പരസ്പരമുള്ള പ്രണയം നഷ്ടപ്പെടാതെ  ഒരുമിച്ച് ജീവിച്ചതിന്റെ കാരണം ചോദിച്ചാൽ അതിന് ഒരു രഹസ്യ ഫോർമുലയുണ്ടെന്നാണ് ഇരുവരുടെയും മറുപടി.  സ്നേഹവും പക്വതയും പരസ്പര ബഹുമാനവും ഒരിക്കലും കൈമോശം വരാതെ കാത്തുസൂക്ഷിക്കുക മാത്രമാണ് തങ്ങൾ ഇന്നോളം ചെയ്തു പോന്നതെന്ന് ജൂലിയോയും വൽട്രമിനയും പറയുന്നു.

English Summary: This Romantic Husband and Wife Broke the Record For World’s Oldest Married Couple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com