ADVERTISEMENT

ബോളിവുഡ് താരം അർജുൻ കപൂറിന് കോവിഡ്–19 സ്ഥിരീകരിച്ചെന്ന വാർത്തയ്ക്ക് തൊട്ടുപിന്നാലെയാണ് കാമുകി മലൈക അറോറയ്ക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. മലൈകയ്ക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തു വന്നതോടെ പരിഹാസ രൂപേണയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ എത്തി. താരം ഔദ്യോഗികമായി കോവിഡ് പരിശോധനാ ഫലം പുറത്തുവിടുന്നതിനു മുൻപുതന്നെ ഇക്കാര്യം പ്രചരിപ്പിച്ചവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലൈകയുടെ സഹോദരി അമൃത അറോറ.

കോവിഡ് പോസിറ്റീവാണെന്ന് മലൈക പറയുന്നതിനു മുൻപു തന്നെ സോഷ്യൽ മീഡിയയിൽ മലൈകയുടേതെന്ന രീതിയിലുള്ള കോവിഡ് റിസൾട്ട് പ്രചരിച്ചിരുന്നു. ഈ വിഷയത്തിലാണ് അമൃതയുടെ പ്രതികരണം. മലൈകയുടെതെന്ന് പറഞ്ഞ് പ്രചരിക്കുന്ന കോവിഡ് ടെസ്റ്റ് റിസൾട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് അമൃതയുടെ കുറിപ്പ്. അമൃതയുടെ വാക്കുകൾ ഇങ്ങനെ: ‘നോക്കൂ ആരുടെ റിസൾട്ടാണ് ഇത്. നെഗറ്റീവ് റിസൽട്ട് പ്രതീക്ഷിച്ചും പ്രാർഥിച്ചുമിരിക്കുകയായിരുന്നു മലൈക. അതിനിടയിലാണ് ഈ പരിശോധനാ ഫലം പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത്. ഇത്തരം പ്രചാരണങ്ങൾ ശരിയല്ല. മനുഷ്യർക്ക് എന്താണ് സംഭവിക്കുന്നത്? ഉത്തരവാദിത്തമുള്ള വ്യക്തിയാണ് മലൈക. ഇക്കാര്യം തുറന്നു പറയാതിരിക്കില്ല. ഇങ്ങനെ പ്രചരിപ്പിക്കുന്നതിൽ എന്ത് ആനന്ദമാണ് ലഭിക്കുന്നത്. ചിലർ ചിരിക്കുന്ന ഇമോജിയോടെ ഇതെല്ലാം മലൈക അർഹിക്കുന്നതാണെന്നു പറയുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.’

കോവിഡ് പോസിറ്റീവായ വിവരം മലൈക തന്നെ പിന്നീട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തനിക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആരോഗ്യ പ്രവർത്തകർ നൽകിയ എല്ലാ നിർദേശങ്ങളും പാലിച്ചിരുന്നതായും  മലൈക പറഞ്ഞു. നിലവിൽ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ല. ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയാണെന്നും മലൈക വ്യക്തമാക്കി.

English Summary: Amrita Arora slams those circulating sister Malaika Arora’s Covid-19 test report: ‘What’s the perverse pleasure?’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com