ADVERTISEMENT

15 മക്കളാണ് 38കാരിയായ പാറ്റി ഹെർണാണ്ടസിന്.  ഇപ്പോൾ  16–ാംമതും ഗര്‍ഭിണി. അൽപം കൗതുകത്തോടെയല്ലാതെ പാറ്റി ഫർണാണ്ടസ്–കാർലോസ് ദമ്പതികളുടെ ജീവിതം നോക്കിക്കാണാനാകില്ല. മൂന്നു മാസം മുൻപാണ് പാറ്റി 15–ാമത്തെ കുഞ്ഞിനു ജൻമം നൽകിയത്. 2021 മെയ് മാസത്തിൽ പുതിയ അതിഥി തങ്ങളുടെ വലിയ കുടുംബത്തിലേക്ക് എത്തുമെന്നാണ് ദമ്പതികൾ പ്രതീക്ഷിക്കുന്നത്. 

ഇപ്പോൾ വീണ്ടും ഗർഭിണിയാണെന്നും ഭാവിയിലും കുഞ്ഞുങ്ങളുണ്ടാകുന്നതിൽ യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്താൻ തയാറല്ലെന്നും പാറ്റി പറയുന്നു. നോർത്ത് കരലിനയിലെ ഷാർലറ്റിൽ അഞ്ച് ബെഡ്റൂമുകളുള്ള ഈ വലിയ കുടുംബത്തിന്റെ താമസം.  ഏകദേശം 37,000രൂപയോളമാണ് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമുള്ള ചിലവ്. 15 പേരിൽ 10 പെൺകുട്ടികളും 5 ആണ്‍കുട്ടികളുമാണ്.  ഇതിൽ ആറുപേർ ഇരട്ടകളും. ‘സി’ യിലാണ് 15 കുട്ടികളുടെയും പേരുകൾ തുടങ്ങുന്നത്. 2021ൽ ഒരു പെൺകുഞ്ഞു കൂടി ഈ കുടുംബത്തിന്റെ ഭാഗമാകുമെന്നാണ് ഇരുവരും പറയുന്നത്. 

patty-kids

2019 ൽ തന്നെ ഈ വലിയ കുടുംബത്തിന്റെ കഥ ലോകമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. എന്നാൽ അതിനു ശേഷം ഇവർക്ക് രണ്ട് കുഞ്ഞുങ്ങൾ കൂടിയുണ്ടായി. രണ്ടു കുഞ്ഞുങ്ങൾ ആകുമ്പോൾ തന്നെ മാതാപിതാക്കൾ വലിയ ഭാരമായി കാണുന്നിടത്താണ് 15 കുഞ്ഞുങ്ങളുടെ അമ്മയായ പാറ്റി കൂടുതൽ കുഞ്ഞുങ്ങൾ വേണമെന്ന് സന്തോഷത്തോടെ പറയുന്നത്. ‘കുഞ്ഞുങ്ങളെ വളർത്തുക എന്നത് അൽപം ശ്രമകരമായ ദൗത്യം തന്നെയാണ്. പ്രത്യേകിച്ചു പുതിയ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. എല്ലായിപ്പോഴും അവർ കരയും. ഞാൻ എപ്പോഴും അവർക്കൊപ്പം തന്നെ ഉണ്ടായിരിക്കണം. പക്ഷേ, ഞങ്ങൾ ഇതെല്ലാം ആസ്വദിക്കുന്നുണ്ട്. ദൈവത്തിന്റെ വരദാനമാണ് കുട്ടികൾ. ദൈവം കൂടുതൽ കുഞ്ഞുങ്ങളെ ഞങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് വലിയ സന്തോഷവും. അതുകൊണ്ടു തന്നെ ഭാവിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.’– പാറ്റി ഹെർണാണ്ടസ് പറയുന്നു. 

2008 മുതൽ 12 വർഷത്തോളമായി പാറ്റി സ്ഥിരം ഗർഭിണിയാണ്. ‘വീട്ടുജോലികൾ തീർന്ന് ഒരു ദിവസത്തിൽ സമയം ബാക്കിയുണ്ടാകില്ല. മുതിർന്ന കുട്ടികളെ സഹോദരങ്ങളെ നോക്കാൻ പരിശീലനം നൽകുകയാണെന്നു പാറ്റി പറയുന്നു. ‘ ഓരോ തവണ ഗർഭിണിയാകുമ്പോഴും ഞാൻ കൂടുതൽ സന്തോഷവതിയാണ്. മൂന്നുമാസമാണ് ഏറ്റവും ഒടുവിലത്തെ കുഞ്ഞിനു പ്രായം. ഇപ്പോൾ വീണ്ടും ഗർഭിണിയാണ്. ആയിരം വസ്ത്രങ്ങൾ എനിക്ക് ഒരു ദിവസം അലക്കാനുണ്ടാകും. ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും മടക്കാനുള്ള വസ്ത്രങ്ങൾ ഉണ്ടാകും ആഴ്ചയിൽ നാലു ദിവസം ഞാൻ  തുണി അലക്കും. കുട്ടികളുടെ കളിപ്പാട്ടങ്ങൾ ഒതുക്കി വയ്ക്കുന്നതാണ് മറ്റൊരു ശ്രമകരമായ ദൗത്യം. വീടെല്ലാം വൃത്തിയാക്കുന്നതും അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. മുതിർന്നവരോട് ഇതെല്ലാം ഒതുക്കി വയ്ക്കണമെന്ന് ഞാൻ പറ‍ഞ്ഞു പഠിപ്പിക്കാറുണ്ട്. ഇവരെ കാണുമ്പോൾ ഈ കുഞ്ഞുങ്ങളെല്ലാം നിങ്ങളുടെതാണോ എന്ന് പലരും ഞങ്ങളോട് ചോദിക്കും. ഈ കുഞ്ഞുങ്ങളെല്ലാം എന്റെയാണെന്നു പറയുമ്പോൾ പലർക്കും അദ്ഭുതമാണ്. ഇത്രയും കുഞ്ഞുങ്ങളുടെ അമ്മയാകാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല’– പാറ്റി ഹെർണാണ്ടസ് പറഞ്ഞു. 

രാവിലെ എട്ടുമണിക്ക് പാറ്റി എഴുന്നേൽക്കുന്നതോടെയാണ്  ഈ കുടുംബത്തിന്റെ ഒരു ദിനം തുടങ്ങുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം എല്ലാവരും പ്രാർത്ഥിക്കും. തുടർന്ന് സ്കൂളിലേക്ക് പോകാൻ പ്രായമായവരെ ബസ് വരുമ്പോൾ അയക്കും. കുട്ടികൾ സ്കൂളിലുള്ള സമയത്താണ് ഭൂരിഭാഗം വീട്ടുജോലികളും ചെയ്യുന്നതെന്ന് പാറ്റി പറഞ്ഞു. ആറ് മണിയോടെ കുട്ടികൾ തിരിച്ച് വീട്ടിലെത്തും. അതിനു ശേഷം എല്ലാവരും ഒരുമിച്ച് അത്താഴം കഴിക്കുകയും 8.30 ഓടെ ഉറങ്ങുകയും ചെയ്യും. 

English Summary: Mother of 15, including three sets of twins, reveals she is pregnant with her SIXTEENTH child just three months after giving birth to her youngest - and says she won't rule out having more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com